റോം: 15 വര്‍ഷത്തോളം നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിലൂടെ ട്യൂമര്‍ ബാധിച്ചതായി അവകാശപ്പെട്ട രോഗിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഇറ്റാലിയന്‍ കോടതി. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു വിധി ഏതെങ്കിലും കോടതി പുറപ്പെടുവിക്കുന്നതെന്നാണ് വിലിയിരുത്തപ്പെടുന്നത്. ഇറ്റലിയിലെ നാഷണല്‍ ഇന്‍ഷുറന്‍സ് ദാതാവിനോടാണ് പരാതിക്കാരന് ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. സാധാരണഗതിയില്‍ തൊഴിലിടങ്ങളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്കാണ് ഈ ഇന്‍ഷുറന്‍സ് തുക നല്‍കാറുള്ളത്.

ദേശീയ ടെലകോം നെറ്റ്‌വര്‍ക്കില്‍ ജീവനക്കാരനായിരുന്ന 57കാരനാണ് റോമിയോ എന്നയാളാണ് പരാതിക്കാരന്‍. കമ്പനിയുടെ ടെക്‌നീഷ്യന്‍മാരെ ഏകോപിപ്പിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന ഇയാള്‍ 1995 മുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. 15 വര്‍ഷത്തോളം യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ദിവസം നാല് മണിക്കൂര്‍ വീതമായിരുന്നു ഫോണ്‍ ഉപയോഗിച്ചിരുന്നത്. ഇതുമൂലം ഇടത് ചെവിയുടെ കേള്‍വിശക്തി നശിച്ചു. വിശദമായ പരിശോധനയില്‍ ഒരു ട്യൂമറാണ് പ്രശ്‌നത്തിന് കാരണമെന്ന് കണ്ടെത്തുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തലച്ചോറിന്റെ വലിയൊരു ഭാഗത്തേക്ക് പടരുകയായിരുന്ന ട്യൂമര്‍ പിന്നീട് ശസ്ത്രക്രിയ നടത്തി നീക്കം ചെയ്‌തെങ്കിലും ശസ്ത്രക്രിയക്ക് ശേഷം മെനിഞ്‌ജൈറ്റിസ് ബാധിച്ചതിനാല്‍ കേള്‍വിയെ നിയന്ത്രിക്കുന്ന നാഡിയും നീക്കം ചെയ്യേണ്ടി വന്നു. ഇതോടെയാണ് കോടതിയെ സമീപിക്കാന്‍ റോമിയോ തീരുമാനിച്ചത്. മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തേക്കുറിച്ച് ഭീതി പരത്തുന്നതിനല്ല, പകരം അവയുടെ ദോഷഫലങ്ങള്‍ അറിഞ്ഞുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് തന്റെ ശ്രമമെന്നാണ് റോമിയോ പറഞ്ഞത്.

കോടതിവിധി ചരിത്രപരമെന്നാണ് റോമിയോയുടെ അഭിഭാഷകന്‍ പ്രതികരിച്ചത്. ലോകത്തില്‍ തന്നെ ആദ്യമായാണ് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലൂടെ ആരോഗ്യം നശിച്ച ഒരാള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗവും ക്യാന്‍സറും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിന് പഠനങ്ങള്‍ വ്യാപകമായി നടക്കുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു വിധി വന്നിരിക്കുന്നത്. മൊബൈല്‍ ഉപയോഗവും ക്യാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന പഠനറിപ്പോര്‍ട്ടുകളും അടുത്ത കാലത്ത് പുറത്തു വന്നിരുന്നു.