ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയ ഭരണകൂടത്തിന് കീഴിൽ ഇന്ത്യയിൽ നിലനിൽക്കുന്ന വലിയ ജനാധിപത്യ പിന്നോക്കാവസ്ഥയെ ഉദ്ധരിച്ച് ഒന്നിലധികം അന്താരാഷ്ട്ര റിപ്പോർട്ടുകൾ പുറത്തുവരികയും അതോടൊപ്പം തന്നെ ഇന്ത്യയുടെ ജനാധിപത്യ റേറ്റിംഗ് പിന്നിലാക്കപ്പെടുകയും ചെയ്തതോടെ , ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം’ എന്ന പദവി സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ രഹസ്യമായി പ്രവർത്തിക്കുകയാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. തങ്ങൾ കണ്ടെത്തിയ ആഭ്യന്തര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു വാർത്ത റിപ്പോർട്ട് ചെയ്തതെന്ന് ഗാർഡിയൻ വ്യക്തമാക്കുന്നുണ്ട്. രാജ്യം അപകടകരമായ നിലയിൽ പിന്നോട്ടുള്ള പാതയിലാണെന്ന് സൂചിപ്പിക്കുന്ന നിരവധി ആഗോള റാങ്കിംഗുകൾ പരസ്യമായി സർക്കാർ നിരസിച്ചിട്ടും, ഇന്ത്യയുടെ നിലവിലെ അവസ്ഥ നിരീക്ഷിക്കുവാൻ സർക്കാർ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ രഹസ്യമായി നിയോഗിച്ചിട്ടുണ്ടെന്നാണ് മീറ്റിംഗുകളിൽ നിന്നുള്ള മിനിറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് തയ്യാറാക്കുന്ന ആഗോള ജനാധിപത്യ സൂചിക കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയ്ക്ക് നൽകുന്ന കുറഞ്ഞ റേറ്റിംഗിന്റെ കാരണം ചർച്ച ചെയ്യാൻ മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ 2021 മുതൽ കുറഞ്ഞത് നാല് മീറ്റിംഗുകളെങ്കിലും നടത്തിയിട്ടുണ്ടെന്നാണ് ഗാർഡിയൻ പത്രം വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റ് റാങ്കിങ്ങുകളും ഇന്ത്യയ്ക്ക് ആശങ്കയുളവാക്കുന്ന തരത്തിലാണ് പുറത്തുവന്നിരിക്കുന്നത്. 2021-ൽ, യുഎസ് ആസ്ഥാനമായുള്ള നോൺ- പ്രോഫിറ്റ് സംഘടനയായ ഫ്രീഡം ഹൗസ് ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയെ പൂർണ്ണമായും സ്വതന്ത്ര ജനാധിപത്യത്തിൽ നിന്ന് “ഭാഗികമായി സ്വതന്ത്ര ജനാധിപത്യത്തിലേക്ക്” തരംതാഴ്ത്തിയിരുന്നു. ഇതോടൊപ്പം തന്നെ സ്വീഡൻ ആസ്ഥാനമായുള്ള വി-ഡെം ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യയെ ഒരു ഇലക്ട്രൽ ഓട്ടോക്രസി അഥവാ ഇലക്ഷൻ നടക്കുന്ന സ്വേച്ഛാധിപത്യം രാജ്യമെന്ന് വിശേഷിപ്പിച്ചിരുന്നു.

എന്നാൽ ഇന്ത്യൻ ഗവൺമെന്റ് പരസ്യമായി ഇത്തരം റാങ്കിങ്ങുകളെയും റിപ്പോർട്ടുകളെയും എല്ലാം തന്നെ തള്ളിക്കളഞ്ഞിരുന്നു. ഇത്തരം റാങ്കിങ്ങുകൾ എല്ലാം തന്നെ കപടമാണെന്നും, ഇന്ത്യയെന്ന രാജ്യം ഇപ്പോൾ യാതൊരുവിധ അനുമതികൾക്കും മറ്റൊരു രാജ്യങ്ങളെയും ആശ്രയിക്കാത്തതിനുള്ള ബുദ്ധിമുട്ടാണ് ഇത്തരം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് എന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ പുറമേ കാണിക്കുന്ന പ്രതികരണമല്ല സർക്കാരിന്റെ ഉന്നതതല ചർച്ചകളിൽ നടക്കുന്നതെന്നാണ് ഗാർഡിയൻ പത്രം സൂചിപ്പിക്കുന്നത്. പുറത്തു വന്നിരിക്കുന്ന ജനാധിപത്യ സൂചികകൾക്ക് പ്രധാനമന്ത്രി കൂടുതൽ പ്രാധാന്യം നൽകുകയും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായതിനാൽ മെച്ചപ്പെട്ട റാങ്കിംഗ് ലഭിക്കണമെന്ന് അദ്ദേഹം കൂടുതൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തതായും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ഗാർഡിയൻ പത്രത്തിന്റെ വെളിപ്പെടുത്തലുകളിൽ അടങ്ങിയിരിക്കുന്നു. ഇത്തരം റാങ്കിങ്ങുകൾ രാജ്യത്തിന്റെ നിക്ഷേപ സാധ്യതയെ കുറയ്ക്കുമെന്ന ആശങ്കയും ഉന്നത തലത്തിൽ നിലനിൽക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്ന നടപടി തുടങ്ങിയവയെല്ലാം തന്നെ രാജ്യത്തിന് തിരിച്ചടിയായി മാറി എന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ രാജ്യത്തിന്റെ മുഖച്ഛായ സംരക്ഷിക്കുവാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതൽ രഹസ്യനടപടികൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.