ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ വീശുന്ന കാറ്റിന് ഇന്ന് ചോരയുടെ മണമാണ്. മണിപ്പൂരിൽ മെയ്‌ ആദ്യവാരം ആരംഭിച്ച വംശീയ കലാപം നാലു മാസം പിന്നിട്ടു. 180-ലധികം ആളുകൾ മരിക്കുകയും നൂറുകണക്കിന് ആളുകൾ ആശുപത്രിയിലാവുകയും 60,000-ത്തോളം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. സർക്കാർ സംവിധാനങ്ങൾക്കോ പോലീസിനോ അടക്കിനിർത്താൻ കഴിയാത്ത വിധം ശിഥിലമായിരിക്കുകയാണ് മണിപ്പൂരിലെ ക്രമസമാധാനം. കുക്കി – മെയ്തെയ് വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തരയുദ്ധം മണിപ്പൂരിനെ അശാന്തിയുടെ ഇടമാക്കി. അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം മണിപ്പൂരിലെ പ്രശ്നങ്ങൾ മുഖ്യധാരയിലെത്തിക്കുന്നു.

സംസ്ഥാനത്ത് പ്രബലമായ മെയ്തെയ് വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകണമെന്നും പറ്റില്ലെന്നുമുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ പോരാട്ട ഭൂമിയാക്കി മാറ്റിയത്. മെയ്തെയ് വിഭാഗക്കാർക്ക് പട്ടികവർഗ പദവി വേണമെന്ന ആവശ്യം നേരത്തെ തന്നെയുണ്ട്. എന്നാൽ അതൊരു ഏറ്റുമുട്ടൽ വിഷയമായി മാറിയത് മറ്റു സാമുദായിക സംഘർഷങ്ങൾ കൊണ്ടു കൂടിയാണ്. മണിപ്പൂരിന്റെ 10 ശതമാനം മാത്രം താഴ്വര പ്രദേശവും ബാക്കി 90 ശതമാനവും പർവത മേഖലകളുമാണ്. ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്നവരാണ് മെയ്തെയ് വിഭാഗക്കാർ. ജനസംഖ്യയുടെ മൂന്നിലൊന്നും താഴ്വരയിലാണ്. മെയ്തെയ് വിഭാഗക്കാരാണ് താഴ്വരയിൽ ഏറിയ പങ്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംസ്ഥാന നിയമസഭയിലെ 60 സീറ്റിൽ 40ഉം താഴ്വര മേഖലകളിലാണ്. അതു കൊണ്ട് ഭരണനിയന്ത്രണവും അവർക്കു തന്നെ. ഇവർക്ക് പട്ടികവർഗ പദവി നൽകുന്നത് പരിഗണിക്കണമെന്നും നാലാഴ്ചക്കകം കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവും അനന്തര നീക്കങ്ങളും നാഗ, കുകി ഗോത്രവർഗക്കാരെ രോഷാകുലരാക്കി. അങ്ങനെയാണ് കലഹത്തിന്റെ തുടക്കം. പർവത മേഖലയിലെ കഠിന ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന ഗോത്രവർഗക്കാരുടെ സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് വന്നതോടെയാണ് അവിടങ്ങളിൽ കഴിയുന്നവരുടെ രോഷം തിളച്ചു മറിഞ്ഞത്.

വംശീയ സംഘട്ടനങ്ങൾ വ്യാപിച്ചപ്പോൾ, ഗ്രാമങ്ങൾ തോറും കത്തിക്കുകയും നൂറുകണക്കിന് ആരാധനാലയങ്ങൾ ഇരുപക്ഷവും നശിപ്പിക്കുകയും ചെയ്തു. തന്റെ വീട് കൊള്ളയടിക്കപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിച്ചതിന് ജൂലൈ 4 -ന് മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ 31 കാരനായ ഡേവിഡ് ടുലോർ എന്ന കുക്കി വംശജനെ ക്രൂരമായി പീഡിപ്പിക്കുകയും തല വെട്ടിയെടുക്കുകയും ശരീരം കഷണങ്ങളായി മുറിക്കുകയും ചെയ്തു. “അന്ന് രാത്രി അവർ ആക്രമിക്കുമ്പോൾ, അവൻ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. അവർ അവനെ പിടികൂടി പീഡിപ്പിക്കുകയായിരുന്നു. മൃഗങ്ങളെപ്പോലും പീഡിപ്പിക്കാത്ത വിധത്തിൽ അവർ അവനെ പീഡിപ്പിച്ചു.” ഡേവിഡിന്റെ സഹോദരി എമെലിൻ രാംതലൻ പറയുന്നു.

രണ്ട്‌ കുക്കി സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയശേഷം നഗ്നരായി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ജൂലൈ അവസാനം പുറത്തുവന്നതോടെ മറ്റ് രാജ്യങ്ങളിൽ നിന്നടക്കം വിമർശനങ്ങൾ ഉയർന്നു. ഇനിയും പുറത്തുവരാത്ത, ഇവിടെ എഴുതാൻ പറ്റാത്തത്ര ഹീനമായ കൊലകൾ, പീഡനങ്ങൾ മണിപ്പൂരിൽ നടന്നിട്ടുണ്ട്. ഈ സമയം പ്രധാനമന്ത്രിയും സർക്കാരും സ്വീകരിക്കുന്ന നയം തീർത്തും അപകടകരമാണ്. അത് രാജ്യത്തിനാകമാനം നാണക്കേടാണ്, മണിപ്പൂർ ഇന്ത്യയുടെ ഹൃദയത്തിലേറ്റ ഉണങ്ങാത്ത മുറിവാകുന്നു.