ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധം പുലർത്തിയെന്ന ആരോപണം മൂലം രാജകുടുംബത്തിൽ നിന്നും തളളപ്പെട്ട പ്രിൻസ് ആൻഡ്രൂവിനെതിരായ വിവാദങ്ങൾ വീണ്ടും തലപൊക്കുന്നു. 2019-ൽ ബിബിസി പനോരാമയ്ക്ക് വെർജീനിയ ജ്യൂഫ്രെ നൽകിയെങ്കിലും ഇതുവരെ പ്രക്ഷേപണം ചെയ്യാത്ത അഭിമുഖ ദൃശ്യങ്ങൾ എട്ട് മണിക്ക് ബിബിസി വൺ ചാനലിൽ പ്രദർശിപ്പിക്കും. 17-ാം വയസ്സിൽ ആൻഡ്രൂവിനെ ലണ്ടനിലെ നൈറ്റ് ക്ലബ്ബിൽ കണ്ടുമുട്ടിയ അനുഭവത്തെ കുറിച്ച് ജ്യൂഫ്രെ തുറന്നു പറയുന്ന ദൃശ്യങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.

മൂന്ന് ലൈംഗികബന്ധങ്ങൾ ഉണ്ടായെന്ന് ജ്യൂഫ്രെ ആരോപിച്ചെങ്കിലും ആൻഡ്രൂ എല്ലാ ആരോപണങ്ങളും തള്ളി. “അവൻ എന്താണ് ചെയ്തതെന്ന് അവനറിയാം, എനിക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാം. ഞാനാണ് സത്യം പറയുന്നത്,” എന്നാണ് ജ്യൂഫ്രെ ഇതേ കുറിച്ച് പ്രതികരിച്ചത് . ഇതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഭവം “ദൗർഭാഗ്യകരം” എന്ന് വിശേഷിപ്പിച്ച്, രാജകുടുംബത്തോടുള്ള സഹതാപം പ്രകടിപ്പിച്ചു.

ചാൾസ് രാജാവ് സഹോദരന്റെ പദവികൾ നീക്കം ചെയ്യുന്നതിൽ ക്വീൻ കമില്ലയും നിർണായക പങ്കുവഹിച്ചു എന്നാണ് ദി ടെലഗ്രാഫ് റിപ്പോർട്ട്. എപ്സ്റ്റീൻ വിവാദം തന്റെ ലൈംഗിക അതിക്രമ ബാധിതർക്കായുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയാണ് കമില്ല പ്രകടിപ്പിച്ചതെന്ന് പറയുന്നു. ഇതിനിടെ, ആൻഡ്രൂവിന്റെ പേരിൽ അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ചില റോഡുകളും സ്ഥാപനങ്ങളും പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.











Leave a Reply