ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ചെറുപ്പക്കാരുടെ ഇടയിൽ അനാരോഗ്യമൂലം ജോലിയിൽ നിന്ന് മാറി നിൽക്കുന്ന പ്രവണതകൾ കൂടുതലാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഇരുപതുകളുടെ തുടക്കത്തിൽ തന്നെ അനാരോഗ്യം മൂലം ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നവരുടെ എണ്ണം 40 വയസ്സ് കഴിഞ്ഞവരെക്കാൾ വളരെ കൂടുതലാണെന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. സാധാരണ ഗതിയിൽ പ്രായം കൂടുന്തോറും ജോലി ചെയ്യുന്നതിനുള്ള ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുന്നതായാണ് നേരത്തെ കണ്ടു വന്നിരുന്നത്.

ശാരീരികം മാത്രമല്ല മാനസിക പ്രശ്നങ്ങളും ഇതിന് പിറകിലുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുവാക്കൾക്ക് ഇടയിൽ മോശം മാനസികാരോഗ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഇത് കാരണം പലപ്പോഴും യുവാക്കളുടെ വിദ്യാഭ്യാസവും തടസ്സപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട് . ഇത് മൂലം യുവാക്കൾ പലപ്പോഴും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യേണ്ടതായി വരുകയോ തൊഴിൽരഹിതരാവുകയോ ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 2023 -ല്‍ 20 യുവാക്കളിൽ ഒരാൾ അതായത് 5% അനാരോഗ്യം മൂലം തൊഴിൽ ചെയ്യാത്തവരാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫലത്തിൽ അവർ സാമ്പത്തികമായി യാതൊരു വരുമാനവും ഇല്ലാത്തവരാണ്. തൊഴിൽ പരമായി നിഷ്ക്രിയത്വം ഉള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിൻറെ തന്നെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


2021 – 22 കാലയളവിൽ 18നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ 34 % പേർ വിഷാദം, ഉൽക്കണ്ഠ, ബൈപോളർ ഡിസോഡർ പോലുള്ള മാനസിക വൈകല്യത്തിന്റെ ലക്ഷണങ്ങൾ ഉള്ളവരാണ്. എന്നാൽ 20 വർഷം മുമ്പ് 2000 -ത്തിൽ അത് 24% മാത്രമായിരുന്നു. യുവതികൾക്ക് യുവാക്കളെ അപേക്ഷിച്ച് മാനസിക പ്രശ്നങ്ങൾ ഒട്ടേറെ കൂടുതലാണെന്ന കണ്ടെത്തലുകളും പുറത്തുവന്നിട്ടുണ്ട്. 26 % യുവാക്കൾ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുമ്പോൾ യുവതികളിൽ അത് 41 ശതമാനമാണ്. അനാരോഗ്യം കാരണം ജോലിയില്ലാത്ത 18നും 24 നും ഇടയിൽ പ്രായമുള്ളവരിൽ 79% പേർ ജിസിഎസ്‌ ഇ തലത്തിലോ അതിൽ താഴെയോ മാത്രമേ യോഗ്യതയുള്ളു എന്ന സുപ്രധാന കണ്ടെത്തലുകളും ഗവേഷണത്തിലുണ്ട്. ഹെൽത്ത് ഫൗണ്ടേഷൻ്റെ സഹായത്തോടെ റിസല്യൂഷൻ ഫൗണ്ടേഷൻ ആണ് ഗവേഷണം നടത്തിയത്