ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ ഏറ്റവും ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളിൽ അഞ്ചിലൊന്ന് ഗർഭിണികളാണെന്ന വെളിപ്പെടുത്തലുമായി എൻ എച്ച് എസ് ഇംഗ്ലണ്ട്. അതിലേറെ പേരും ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടില്ല. ജൂലൈ 1 നും സെപ്റ്റംബർ 30 നും ഇടയിൽ ബൈപാസ് മെഷീനിലൂടെ ചികിത്സ ലഭിച്ച രോഗികളിൽ 17% ഗർഭിണികളും കുത്തിവയ്പ് എടുക്കാത്തവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഗർഭിണികളെയും അവരുടെ കുഞ്ഞിനെയും സുരക്ഷിതരാക്കാൻ കോവിഡ് വാക്സിന് ശക്തിയുണ്ടെന്ന് ഇംഗ്ലണ്ടിലെ ചീഫ് മിഡ്‌വൈഫ് ജാക്വിലിൻ ഡങ്ക്ലി-ബെന്റ് പറഞ്ഞു. ഗർഭിണികൾക്ക് മുൻഗണന നൽകാതിരുന്നതുകൊണ്ടാണ് കണക്കുകൾ ഇത്രയധികം മോശമായതെന്ന് നാഷണൽ ചൈൽഡ് ബെർത്ത് ട്രസ്റ്റ് പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

23 വയസ്സുള്ള കെൽസി റൗട്ട്സിന് ഓഗസ്റ്റിലാണ് കോവിഡ് പിടിപെട്ടത്. 29 ആഴ്ച ഗർഭിണിയായിരുന്ന കെൽസി വാക്സിൻ എടുത്തിരുന്നില്ല. ആരോഗ്യനില വഷളായതോടെ അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തതിൽ ഖേദിക്കുന്നുവെന്ന് കെൽസി പറയുകയുണ്ടായി. 81,000 ത്തിലധികം ഗർഭിണികൾക്ക് കോവിഡ് വാക്സിൻ ആദ്യ ഡോസ് ലഭിച്ചു, ഏകദേശം 65,000 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചു.

2021 ഏപ്രിൽ പകുതി മുതൽ, ഗർഭിണികൾക്ക് ഫൈസർ-ബയോഎൻടെക്, മോഡേണ വാക്സിനുകളാണ് വാഗ്ദാനം ചെയ്തത്. യുഎസിൽ ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നു. കോവിഡ് വാക്സിൻ കുഞ്ഞുങ്ങളെ മോശമായി ബാധിക്കുന്നുവെന്ന വാർത്ത തെറ്റാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. കോവിഡ് വാക്സിൻ ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ് (ആർസിഒജി) വൈസ് പ്രസിഡന്റ് ഡോ. ജോ മൗണ്ട്ഫീൽഡ് പറഞ്ഞു. ഗർഭിണികൾ കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദും അറിയിച്ചു.