മദ്യലഹരിയിൽ രണ്ടാനമ്മ ഇരുപത്തിമൂന്നുകാരൻ മകനെ കഴുത്തു ഞെരിച്ചു കൊന്നു. ഉത്തർപ്രദേശ് നിയമസഭാ കൗൺസിൽ ചെയർമാൻ രമേഷ് യാദവിന്റെ ഭാര്യ മീരാ യാദവാണ് മകൻ അഭിജിത് യാദവ് (23) നെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മീരാ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച്ചയാണ് അഭിജിത്തിനെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഞായറാഴ്ച്ച സംസാകാര ചടങ്ങ് നടക്കുന്നതിനിടെ പൊലീസ് എത്തുകയും ചടങ്ങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. അഭിജിത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബ സുഹൃത്ത് നൽകിയ പരാതിയെ തുടർന്നാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തുകയും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
ശനിയാഴ്ച മദ്യപിച്ച് വൈകിയെത്തിയ അഭിജിത്ത് അസ്വസ്ഥനായിരുന്നുവെന്നും നെഞ്ച് വേദനയ്ക്ക് താനാണ് ബാം പുരട്ടി നൽകിയതെന്നുമായിരുന്നു മീരായാദവ് മറ്റുള്ളവതരോട് പറഞ്ഞത്. എന്നാൽ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് മകൻ മരിച്ചുകിടക്കുന്നത് കണ്ടതെന്നും ഇവർ അറിയിച്ചു.
സംഭവത്തിന് ശേഷം ബാങ്ക് അകൗണ്ടുകൾ മാറ്റിയതാണ് സംശയം മീരയിലേക്കെത്തിയതെന്ന് മുതിർന്ന പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. അതേസമയം മദ്യലഹരിയിൽ വീട്ടിലെത്തിയ മകൻ മോശമായി പെരുമാറിയതിനെ തുടർന്നാണ് കൃത്യം ചെയ്യേണ്ടി വന്നതെന്ന് മീര ചോദ്യം ചെയ്യലിൽ പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്.
രമേഷ് യാദവിന്റെ രണ്ടാമത്തെ ഭാര്യയാണ് മീര യാദവ്. സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റിലെ നിയമവകുപ്പ് കൈകാര്യം ചെയ്തിരുന്ന മീര കുറച്ച് നാളുകൾക്ക് മുമ്പാണ് രാജിവച്ചത്.
Leave a Reply