ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് എബിവിപി പ്രവർത്തകരുടെ ആക്രമണത്തിനിരയായ കന്യാസ്ത്രീകൾ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകി. കുറ്റക്കാർക്കെതിരേ മാതൃകാപരമായ നടപടി വേണമെന്ന് കന്യാസ്ത്രീകൾ ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തിൽ കാൺപൂർ റെയിൽവേ എസ്എസ്പി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. റെയിൽവേയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കന്യാസ്ത്രീകളെ ഫോണിൽ വിളിച്ച് പിന്തുണയറിയിച്ചു.
കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ടു സന്യാസാർഥിനികളെ നിർബന്ധിത മതപരിവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു എബിവിപി പ്രവർത്തകരുടെ ആക്രമണം. എന്നാൽ, ഇവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിൽ നിന്ന് രണ്ടു യുവതികളും 2003-ൽ മാമ്മോദീസ സ്വീകരിച്ചവരാണെന്നു കണ്ടെത്തി. അതോടെ അവർ ഇരുവരും തന്നെ ജന്മനാ ക്രൈസ്തവരാണെന്നു വ്യക്തമാകുകയും മതപരിവർത്തനം എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു തെളിയുകയും ചെയ്തു.
കന്യാസ്ത്രീകളായ ലിബിയ തോമസ്, ഹേമലത, സന്യാസാർഥികളായ ശ്വേത, ബി. തരംഗ് എന്നിവർക്കാണ് ട്രെയിനിൽ വച്ച് ദുരനുഭവമുണ്ടായത്. ഒഡീഷ സ്വദേശിനികളായ സന്യാസാർഥികളെ വീട്ടിൽ എത്തിക്കുന്നതിന് പോകുമ്പോഴാണ് നാലംഗ സംഘത്തിന് നേരെ എബിവിപി ആക്രമണം നടന്നത്.
ഋഷികേശിലെ പഠന ക്യാന്പിൽ പങ്കെടുത്ത ശേഷം ഹരിദ്വാറിൽ നിന്നു പുരിയിലേക്കു പോകുന്ന ഉത്കൽ എക്സ്പ്രസിൽ മടങ്ങുമ്പോഴാണ് ഇവർ കന്യാസ്ത്രീകളോട് മോശമായി പെരുമാറിയത്.
സംഭവത്തിൽ ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയിരുന്നു. കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്ന് അമിത് ഷാ പിന്നീട് പ്രതികരിക്കുകയും ചെയ്തു.
Leave a Reply