കൊലപാതകം ഉള്‍പ്പെെട 27 കേസുകളില്‍ പ്രതിയാണ് തിരുവനന്തപുരം നരുവാമൂട്ടില്‍ ഗുണ്ടാ സംഘാംഗം കാക്ക അനീഷ്. വീടിനും നാടിനും സ്ത്രീകൾക്കും ഒരുപോലെ ശല്യമായ അനീഷിനെ െകാന്നുതള്ളിയത് ഗുണ്ടകൾ തന്നെയാകുമെന്നായിരുന്നു ആദ്യ സൂചന. എന്നാൽ ഇതുവരെ ഒരുകേസിൽ പോലും പ്രതിയാകാത്ത അ‍ഞ്ച് ചെറുപ്പക്കാരാണ് അനീഷിനെ െകാന്നതെന്ന് പൊലീസ് കണ്ടെത്തി. വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യലും ഗുണ്ടാപ്പിരിവുമെല്ലാം വര്‍ധിച്ചതോടെയാണ് കൊന്നതെന്ന് യുവാക്കള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

അനീഷിന്റെ അയല്‍വാസികളായ അനൂപ്, സന്ദീപ്, അരുണ്‍, രഞ്ചിത്ത്, നന്ദു എന്നിവരാണ് പ്രതികള്‍. അഞ്ച് പേരും ഇതുവരെ ഒരു കേസില്‍ പോലും പ്രതിയാകാത്തവര്‍. ഒരാള്‍ ബിരുധദാരി, രണ്ട് പേര്‍ അനീഷിന്റെ ബന്ധു. എന്നിട്ടും കൊല നടത്തിയതിന് അവര്‍ പറഞ്ഞ കാരണങ്ങളും പൊലീസിനെ ഞെട്ടിച്ചു. അരയില്‍ കത്തിയുമായി നടക്കുന്ന അനീഷ് ഗുണ്ടാപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. നല്‍കിയില്ലങ്കില്‍ ഉപദ്രവിക്കും. ഇവരെയും പലതവണ ഉപദ്രവിച്ചിട്ടുണ്ട്.

സ്ത്രീകളുള്ള വീട്ടില്‍ കയറി അപമര്യാദയായി പെരുമാറുന്നതും പതിവാണ്. പ്രതികളിലൊരാളുടെ സഹോദരിയോടും അടുത്തിടെ മോശമായി പെരുമാറി. രണ്ട് ദിവസം മുന്‍പ് ഒരു മരണവീട്ടില്‍ വച്ച് ഈ യുവാക്കളെയും അനീഷ് ചീത്തവിളിച്ചു. ഇതെല്ലാം ഇവരുടെ വൈരാഗ്യത്തിന് കാരണമായി. കൊല നടന്ന ശനിയാഴ്ച രാത്രി എട്ടരയോടെ മൃതദേഹം കണ്ട് ഹോളോബ്രിക്സ് നിര്‍മാണ കേന്ദ്രത്തിനടുത്ത് അഞ്ച് യുവാക്കളും ഇരിക്കുകയായിരുന്നു. പല ദിവസങ്ങളിലും കാക്ക അനീഷ് കിടന്നുറങ്ങുന്നതും ഇവിെടയാണ്. ഇവിടെ യുവാക്കളെ കണ്ടതോടെ മദ്യലഹരിയിലായിരുന്ന അനീഷ് അവരെ ചീത്തവിളിച്ചു.
അതില്‍ കയ്യാങ്കളിയിലെത്തി.

അനീഷ് കൈവശമുണ്ടായിരുന്ന കത്തി വീശിയതോടെ പ്രതികളിലൊരാളായ അരുണിന് പരുക്കേറ്റു. ഇതോടെ അഞ്ച് പേരും ചേര്‍ന്ന് അനീഷിനെ അടിച്ച് വീഴ്ത്തുകയും അനീഷിന്റെ കത്തി പിടിച്ചുവാങ്ങിയ ശേഷം കുത്തുകയുമായിരുന്നു. കൊലയ്ക്ക് ശേഷം പരിസരത്തെ കാട്ടിലേക്ക് ഒളിവില്‍ പോയ പ്രതികളെ റൂറല്‍ എസ്.പി പി.കെ.മധുവിന്റെയും കാട്ടക്കട ഡിവൈ.എസ്.പി കെ.എസ്.പ്രശാന്ത്, നെടുമങ്ങാട് ഡിവൈ.എസ്.പി എം.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.