ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തില്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി അഭിപ്രായപ്പെട്ടത്.
വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വീഡിയോ സന്ദേശമായി യോഗി ആദിത്യനാഥ് ഇങ്ങനെ വിവാദ പരാമര്‍ശം നടത്തിയത്. ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
എന്റെ മനസ്സില്‍ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം എടുക്കില്ല’ യോഗി വോട്ടര്‍മാരോടായി പറഞ്ഞു
നിങ്ങളുടെ വോട്ട് അഞ്ചു വര്‍ഷത്തെ എന്റെ പ്രയത്‌നത്തിനുള്ള അനുഗ്രഹമാണ്. നിങ്ങളുടെ ഭയരഹിത ജീവിതത്തിനുള്ള ഉറപ്പുകൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വലിയ തീരുമാനത്തിനുള്ള സമയമായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അര്‍പ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും എല്ലാം ചെയ്തു. നിങ്ങള്‍ എല്ലാം കാണുകയും എല്ലാം വിശദമായി കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യോഗി പറഞ്ഞു. ബിജെപി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഈ വീഡിയോ തിരഞ്ഞെടുപ്പ് ദിനത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പടിഞ്ഞാറന്‍ യു.പിയില്‍ 58 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 2.27 കോടി വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും.പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലായി 623 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിക്കാണ് പോളിങ് ആരംഭിച്ചത്.
उत्तर प्रदेश के मेरे मतदाता भाइयों एवं बहनों… pic.twitter.com/voB37uA3uV
— Yogi Adityanath (@myogiadityanath) February 9, 2022
Leave a Reply