റ്റിജി തോമസ് കാരയ്ക്കാട്ട്

ഉപ്പൂട്ടി കുന്നിലേയ്ക്ക് ഇത് രണ്ടാമത്തെ യാത്രയാണ്. ആദ്യ യാത്രയിൽ പകുതി ദൂരം പിന്നിട്ട് തിരിച്ചു പോരേണ്ടിവന്നു. രണ്ടാമത്തെ ശ്രമത്തിൽ പിന്നെയും കുറെ പിന്നിടാൻ കഴിഞ്ഞു. അപ്പോഴും കുന്നിൻെറ ഏറ്റവും ഉച്ചിയിൽ എത്തി എന്ന് പറയാൻ പറ്റില്ലെന്നു തോന്നുന്നു. അല്ലെങ്കിലും മലയുടെ ഏറ്റവും മുകൾ എന്ന് പറയുന്നത് ഒരു മതിഭ്രമം പോലെ മോഹിപ്പിക്കുന്ന ഒന്നാണല്ലോ.

മുണ്ടക്കയം കരിനിലം പാതയുടെ ഇടതുവശത്തായി പുത്തൻചന്ത കഴിഞ്ഞാണ് ഉപ്പൂട്ടികുന്ന്. 50 ഏക്കറോളം
വരുന്ന ഈ പ്രദേശം സൈന്യത്തിൽ നിന്ന് വിരമിച്ച് മുണ്ടക്കയം ഗവൺമെൻറ് ആശുപത്രിയിൽ സേവനം ചെയ്തിരുന്ന ഉപ്പൂട്ടി ഡോക്ടറുടേതായിരുന്നു. മല കയറി കുറേ ദൂരം പിന്നിടുമ്പോൾ ഡോക്ടറുടെ ബംഗ്ലാവ് കാണാം. ഇന്ന് അദ്ദേഹത്തിൻറെ മൂന്നാം തലമുറയിൽ പെട്ടവരാണ് അവിടെ താമസിക്കുന്നത്.

മലയുടെ മുകളിൽ നിന്ന് നോക്കിയാൽ അങ്ങുദൂരെ ഒട്ടേറെ കുന്നുകൾ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നു. ഇഞ്ചിയാനി… വട്ടക്കാവ്… പോത്തൻമല …മഞ്ഞു പുതച്ച മലനിരകൾ … ഉപ്പൂട്ടിക്കുന്നിന്റെ കിഴക്കുവശത്ത് നിന്നാൽ പെരുവന്താനവും കുട്ടിക്കാനവും ദൃശ്യമാകുമാത്രേ. അടുത്ത പ്രാവശ്യം ഒരു കൈ നോക്കാം .

മുണ്ടക്കയം എരുമേലി റോഡാണ് ഉപ്പുട്ടിക്കുന്നിന്റെ താഴ് വശത്ത് . അതിനപ്പുറം മണിമലയാറിന്റെ ഒരു ചെറിയ കൈവഴി തോടാണ് . പുഞ്ചവയൽ കരുനിലം വഴിയൊഴുകുന്ന തോട്ടിലേയ്ക്ക് ഉപ്പൂട്ടി മലയിൽ നിന്ന് ഉത്ഭവിക്കുന്ന ഒട്ടേറെ നീർച്ചാലുകളും ചെന്നെത്തുന്നുണ്ട്. അടിവാരത്തെ റോഡിൽ എപ്പോഴും വാഹന ഒഴുക്കാണ്. നടതുറന്നാൽ തമിഴ് നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ വാഹനങ്ങൾ എരുമേലി കൂടി ശബരിമലയിലേക്ക് പോകുന്ന പ്രധാന മാർഗ്ഗം ഈ വഴിയാണ്.

ഉപ്പൂട്ടി കുന്നിലേയ്ക്കുള്ള വഴിയിൽ മുഴുവൻ ഉരുളൻ കല്ലുകളാണ്. ട്രക്കിങ്ങിനായി വരുന്നവർ സൂക്ഷിച്ചില്ലെങ്കിൽ തെന്നി വീഴാനുള്ള സാധ്യത ഒട്ടേറെയുണ്ട് . ഭാഗ്യത്തിൽ താഴെയോട്ടുള്ള ഇറക്കത്തിൽ ഒരു വീഴ്ചയെ ഉണ്ടായുള്ളൂ…

പാതയുടെ ഇരുവശവും ഇപ്പോൾ നല്ല പച്ചപ്പാണ്. ആടുകളെ മേയിക്കാൻ എത്തിയ ഉണ്ണി ചേട്ടനെ കണ്ടു . കുന്നിന്റെ മുകളിലേയ്ക്ക് കയറും തോറും ഇരുവശത്തും കുറ്റിക്കാടാണ് … കാട്ടുമുയലും കാട്ടുപന്നിയും കുറുക്കനും വിഹരിക്കുന്ന കാട് …

വർഷങ്ങൾക്ക് അപ്പുറം 42 ഏക്കറോളം വരുന്ന ഉപ്പൂട്ടി മല മുഴുവനും കുരുമുളക് കൃഷിയായിരുന്നു. പിന്നെപ്പോഴോ റബർ കൃഷിയുടെ വേലിയേറ്റത്തിൽ കുരുമുളക് റബ്ബറിന് വഴിമാറി. ഇന്ന് മലമുകളിൽ നിരപ്പായ സ്ഥലത്ത് മാത്രമാണ് റബർ കൃഷി. മറ്റുള്ള സ്ഥലങ്ങളിൽ കാടാണ്. താഴ് വാരത്ത് റോഡിന് അഭിമുഖമായി ഒട്ടേറെ വീടുകളിൽ താമസക്കാർ ആയിക്കഴിഞ്ഞു.

കുന്നിറക്കത്തിൽ അകലെ നിന്ന് ഉപ്പൂട്ടി ഡോക്ടറുടെ ബംഗ്ലാവ് കണ്ടു. 60 വർഷങ്ങൾക്ക് അപ്പുറം മോട്ടോർ കാറുകൾ അപൂർവമായിരുന്ന കാലത്ത് തന്റെ സ്വന്തം കാറിൽ രോഗികളെ പരിചരിക്കാനെത്തുന്ന ഉപ്പൂട്ടി ഡോക്ടർ …റോഡ് സൈഡിൽ നിന്ന് ഉള്ളിലേയ്ക്ക് കയറി വീടുവയ്ക്കാൻ ഡോക്ടറെ പ്രേരിപ്പിച്ചത് എന്താകാം … ഒരുപക്ഷേ മലമുകളിലെ കുളിർമയെയും മൂടൽ മഞ്ഞിനെയും ഡോക്ടർ പ്രണയിച്ചിരുന്നിരിക്കാം…

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ചിത്രങ്ങൾ :  ഉപ്പൂട്ടി കുന്നിൽ നിന്നുള്ള ദൂരകാഴ്ച്കൾ