ഇറാനിലെ അൽഖുദ്സ് സേനയുടെ കമാൻഡർ ബ്രിഗേഡിയർ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചത് യുദ്ധം ആരംഭിക്കാനല്ല, യുദ്ധം അവസാനിപ്പിക്കാനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെയും സൈനികർക്കെതിരെയും സുലൈമാനി ആക്രമണത്തിന് ആസൂത്രണം നടത്തിവരികയായിരുന്നു. എന്നാൽ തങ്ങൾ അദ്ദേഹത്തെ പിടിക്കുകയും ഇല്ലാതാക്കുകയും ചെയ്തു- ട്രംപ് പറഞ്ഞു.
ഫ്ലോറിഡയിലെ മാർ ആ ലോഗോ റിസോർട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിപ്പിക്കാനാണ് കഴിഞ്ഞ രാത്രിയിൽ തങ്ങൾ നടപടിയെടുത്തത്. യുദ്ധം ആരംഭിക്കാനായിരുന്നില്ല- അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ ഭരണമാറ്റം യുഎസ് ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
സുലൈമാനിയെ വർഷങ്ങൾക്കു മുമ്പേ വകവരുത്തേണ്ടതായിരുന്നുവെന്ന് നേരത്തെ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. നിരവധി അമേരിക്കക്കാരുടെ മരണത്തിന് ഉത്ത രവാദിയായ സുലൈമാനി കൂടുതൽ ആക്രമണങ്ങൾക്കു പദ്ധതിയിട്ടിരുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ബാഗ്ദാദിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ സുലൈമാനി കൊല്ലപ്പെട്ടശേഷമുള്ള ട്രംപിന്റെ ആദ്യ പ്രതികരണമായിരുന്നിത്.
എന്നാൽ സുലൈമാനിയുടെ വധത്തിനു പിന്നാലെ ഇറാക്കിൽ വീണ്ടും യുഎസ് വ്യോമാക്രമണം. ഇറാക്കിലെ ഇറാന്റെ പിന്തുണയുള്ള പൗരസേനയായ ഹാഷദ് അൽ-ഷാബിന്റെ കമാൻഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആറു പേർ മരിച്ചതായാണ് റിപ്പോർട്ട്. രണ്ട് കാറുകൾ ആക്രമണത്തിൽ തകർന്നു.
ഹാഷദ് അൽ-ഷാബ് വാഹനവ്യൂഹത്തിനു നേരെ റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നു. ശനിയാഴ്ച പുലർച്ച ഒന്നോടെ വടക്കൻ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൂന്നു പേർക്ക് അതീവഗുരതരമായി പരിക്കേറ്റിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം. ഇതോടെ മേഖലയിൽ ഇറാൻ-യുഎസ് സംഘർഷത്തിന് കൂടുതൽ സാധ്യത തുറന്നിരിക്കുകയാണ്.
Leave a Reply