വാഷിങ്ടൻ∙ മകൾ ഇവാൻക ട്രംപിന്റെ ദുഃഖം കണ്ടിട്ടാണെന്ന് സിറിയയിലെ ഷയാറത് വ്യോമതാവളത്തിനു നേരേ ആക്രമണം നടത്താൻ യുഎസ് പ്രസിഡന്റ് ഡെണാൾഡ് ട്രംപ് ഉത്തരവിട്ടതെന്ന് മകൻ എറിക് ട്രംപ്. രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു എറിക് ട്രംപിന്റെ തുറന്നു പറച്ചിൽ. സിറിയൻ സർക്കാർ സാധാരണക്കാർക്കു നേരെ രാസായുധപ്രയോഗം നടത്തിയെന്നറിഞ്ഞ ഇവാൻക ഹൃദയം തകർന്ന അവസ്ഥയിലായിരുന്നുവെന്നും എറിക് പറഞ്ഞു. വൈറ്റ് ഹൗസ് ഉപദേശകയായ ഇവാൻക, പ്രസിഡന്റിന്റെ സഹായി എന്ന നിലയിൽ ശമ്പളമില്ലാതെയാണ് പ്രവർത്തിക്കുന്നത്.
രാസായുധക്രമണത്തിൽ പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും ദാരുണ ചിത്രങ്ങൾ ട്രംപിനെ വല്ലാതെ വേട്ടായാടിയിരുന്നതായും എറിക് പറഞ്ഞു. സിറിയയ്ക്കെതിരെ നടപടിയെടുക്കാൻ തന്റെ സഹോദരി പിതാവിനു മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായും എറിക് സമ്മതിച്ചു. കത്തിക്കരിഞ്ഞ ശരീരം തണുപ്പിക്കാൻ കുട്ടികൾ ശരീരത്തിൽ സ്വയം വെള്ളം ചീറ്റുന്ന കാഴ്ച ട്രംപിനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ആരെയും ഭയക്കുന്ന നേതാവല്ല ട്രംപ്. നട്ടെല്ലുള്ള, ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള നേതാവാണ് ട്രംപ് എന്നും എറിക് പറഞ്ഞു.
ഇത്തരമൊരു ആക്രമണത്തിനു തന്റെ പിതാവ് നേതൃത്വം നൽകിയതിൽ അഭിമാനിക്കുന്നു. റഷ്യയുമായി ട്രംപിനു ബന്ധമില്ലെന്നും അദ്ദേഹത്തെ അധികാരത്തിലെത്തിക്കുന്നതിന് വ്ലാഡിമിർ പുടിൻ ഒന്നും ചെയ്തിട്ടില്ലെന്നും ഇതോടെ വ്യക്തമായെന്നും എറിക് വ്യക്തമാക്കി.

രാസായുധാക്രമണത്തിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെക്കുറിച്ച് ഏറെ വികാരാധീനനായാണ് ട്രംപ് സംസാരിച്ചിരുന്നത്. നിഷ്കളങ്കരായ കുഞ്ഞുങ്ങൾ പിടഞ്ഞു മരിക്കുകയാണ്. ഒരു കുഞ്ഞിനും ഇത്ര ക്രൂരമായ ഒരു അന്ത്യമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിഷ്കളങ്കരായ ജനങ്ങളെയടക്കം കൊന്നൊടുക്കിയ ബഷർ അൽ അസദ് സ്വേച്ഛാധിപതിയുടെ നിലപാടാണ് സ്വീകരിക്കുന്നതെന്നും തിരിച്ചടി ദേശീയ സുരക്ഷാ താത്പര്യത്തിന് ആവശ്യമായിരുന്നുവെന്ന് ട്രംപ് വിശദീകരണം നൽകിയിരുന്നു. ഖാൻ ഷെയ്ഖൂനിലെ കൂട്ടക്കുരുതിയ്ക്ക് പകരമായി നടപടി ഉണ്ടായേക്കുമെന്ന് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നുവെങ്കിലും ഏത് തരം നടപടിയാണ് ഉണ്ടാകുകയെന്ന് വിശദീകരിച്ചിരുന്നില്ല. സിറിയയുടെ ഭാവിയിൽ പ്രസിഡന്റ് ബാഷർ അൽ അസദിന് ഒരു പങ്കുമുണ്ടാകില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണും പറഞ്ഞിരുന്നു.
സിറിയയിലെ സൈനിക നടപടിക്കു ട്രംപിനെ പേരിപ്പിച്ച ഘടകങ്ങളിൽ രാസായുധാക്രമണത്തിന്റെ ഭീകരത വിളിച്ചൊതുന്ന രണ്ടു ചിത്രങ്ങൾ നിമിത്തമായെന്ന് വൈറ്റ്ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം തന്നെ വെളിപ്പെടുത്തിയിരുന്നു. സിറിയയിൽ നിന്നുപുറത്തുവന്ന ചിത്രങ്ങൾ രാസായുധാക്രമണത്തിന്റെ ഭീകരത വിളിച്ചു പറയുന്നതായിരുന്നു. രാസായുധാക്രമണത്തിൽ ശ്വാസം നിലച്ച ഇരട്ടക്കുട്ടികളുടെ ചലനമറ്റ ശരീരങ്ങൾ നെഞ്ചോടു ചേർത്തു പിടിച്ചു കരയുന്ന അബ്ദുൾ ഹമീദ് എന്ന പിതാവിന്റെ ചിത്രം, വിഷദ്രാവകം ശ്വസിച്ച് ഓജസ്സ് നഷ്ടപ്പെട്ട് മരണത്തിലേയ്ക്ക് വഴുതി വീണു കൊണ്ടിരിക്കുന്ന കുട്ടികളെ വെള്ളം ഒഴിച്ചു ഉണർത്താൻ ശ്രമിക്കുന്ന ചിത്രം തുടങ്ങിയവ ട്രംപിനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. സിറിയയിലെ സൈനിക നടപടിക്ക് ഈ ചിത്രങ്ങളും കാരണമായെന്നും വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.

സിറിയയിൽ 27 കുട്ടികളുൾപ്പെടെ 86 പേരുടെ ദാരുണ മരണത്തിനിടയാക്കിയ രാസായുധാക്രമണത്തിനു തിരിച്ചടിയായിട്ടാണ് കഴിഞ്ഞയാഴ്ച യുഎസ് മിസൈൽ ആക്രമണം നടത്തിയത്. മെഡിറ്ററേനിയൻ കടലിൽ നങ്കൂരമിട്ടിരുന്ന രണ്ടു യുഎസ് യുദ്ധക്കപ്പലുകളിൽ നിന്നു സിറിയയിലെ അൽ ഷയാറത് വ്യോമതാവളത്തിലേക്ക് 59 ടോമഹോക്ക് ക്രൂസ് മിസൈലുകളാണ് പ്രയോഗിച്ചത്.











Leave a Reply