ന്യൂസ് ഡെസ്ക്
അമേരിക്കയും ബ്രിട്ടണും ഫ്രാൻസും സിറിയയിൽ വൻ ആക്രമണം നടത്തി. 110 മിസൈലുകളാണ് സിറിയയുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കുന്നതിനായി ഉപയോഗിച്ചത്. സിറിയയിലെ കെമിക്കൽ വെപ്പൺ ഫസിലിറ്റികളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. സിറിയയിലെ ഡ്യൂമയിൽ സിറിയൻ ഗവൺമെന്റ് സേന വിമത വിഭാഗത്തിനെതിരെ രാസായുധങ്ങൾ പ്രയോഗിച്ചുവെന്നാരോപിച്ചാണ് അമേരിക്കയും ബ്രിട്ടണും ഫ്രാൻസും ആക്രമണം നടത്തിയത്. സിറിയയുടെ മേൽ മിസൈൽ ആക്രമണം നടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം പ്രകോപനപരമാണെന്ന് റഷ്യ പ്രതികരിച്ചു. റഷ്യൻ മിലിട്ടറി സിറിയൻ ഗവൺമെന്റിനൊപ്പം ഭീകരർക്കെതിരെ പോരാടുകയാണെന്നും ആ നീക്കത്തെ തുരങ്കം വയ്ക്കുന്ന നീക്കങ്ങൾ അസ്വീകാര്യമാണെന്നും റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ തിരിച്ചടിയ്ക്കുമെന്ന ആശങ്കയിലാണ് മറ്റുലോകരാജ്യങ്ങൾ.
ഇന്ന് രാവിലെ കടലിൽ നിന്നും ആകാശത്തു നിന്നും ഒരേ സമയമായിരുന്നു മിസൈലുകൾ തൊടുത്തത്. നിരവധി മിസൈലുകൾ സിറിയൻ ആർമി ആകാശത്തു വച്ചു തന്നെ തകർത്തതായാണ് വിവരം. ആക്രമണത്തിൽ സിറിയൻ ഭാഗത്ത് എത്രമാത്രം നാശനഷ്ടം ഉണ്ടായെന്ന് വ്യക്തമല്ല. അമേരിക്കയും ബ്രിട്ടണും ഫ്രാൻസും നടത്തിയ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ഇറാൻ പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റും ഫ്രഞ്ച് പ്രസിഡൻറും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ക്രിമിനലുകളാണെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനി പ്രഖ്യാപിച്ചു.
യുൻ സെക്യൂരിറ്റി കൗൺസിന്റെ അടിയന്തിര യോഗം വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ആക്രമണത്തെ ജർമ്മനി ഡച്ചും സ്വാഗതം ചെയ്തു. പാർലമെന്റിന്റെ അംഗീകാരമില്ലാതെ സിറിയയെ ബ്രിട്ടൺ ആക്രമിച്ചതിൽ ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പ്രതിഷേധം പ്രകടിപ്പിച്ചു. ആക്രമണം നടന്നതിനു ഏതാനും മണിക്കൂറുകൾക്ക് ശേഷം സിറിയൻ പ്രസിഡന്റ് ബഷർ അൽ ആസാദ് ഓഫീസിൽ എത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സിറിയയിൽ ആക്രമണം നടത്തുന്ന വിവരം സഖ്യകക്ഷികൾ ടർക്കിയെ അറിയിച്ചിരുന്നു. ടോമഹോക്ക് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
Leave a Reply