ന്യൂസ് ഡെസ്ക് മലയാളം യുകെ

കാബൂൾ : ഇരുപത് വർഷത്തിന് ശേഷം അഫ്ഗാൻ മണ്ണിൽ നിന്ന് അമേരിക്കയുടെ മടക്കം. അമേരിക്കയുടെ അവസാന സേനാ വിമാനവും കാബൂൾ വിട്ടതോടെ അമേരിക്കൻ സേനയുടെ പിന്മാറ്റം പൂർണ്ണമായി. അമേരിക്കൻ അംബാസഡർ റോസ് വിൽസണും നാട്ടിലേക്ക് മടങ്ങി. അമേരിക്കയുടെ സൈനിക പിന്മാറ്റത്തിന് താലിബാൻ അനുവദിച്ചിരുന്ന അവസാന തീയതി ഓഗസ്റ്റ് 31 ആയിരുന്നു. ഒഴിപ്പിക്കലും സേനാ പിന്മാറ്റവും പുരോഗമിക്കുന്നതിനിടയിലും കഴിഞ്ഞ ആഴ്ച കാബൂൾ വിമാനത്താവളത്തിൽ ഐഎസ് ചാവേറാക്രമണം നടത്തിയിരുന്നു. ഇതിൽ 13 അമേരിക്കൻ സൈനികർ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ടിരുന്നു. അതിനാൽ തന്നെ കനത്ത സുരക്ഷയാണ് വിമാനത്താവളത്തിൽ ഒരുക്കിയത്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ 2400-ഓളം വരുന്ന അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ജനറൽ ഫ്രാങ്ക് മക്കെൻസി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഫ്ഗാൻ, ആഗസ്റ്റ് 14 ന് താലിബാൻ ഏറ്റെടുത്ത ശേഷം 123,000 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചുവെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവരിൽ 6,000 അമേരിക്കൻ പൗരന്മാരായിരുന്നു. ഇനിയും പുറത്തെത്താൻ ആഗ്രഹിക്കുന്ന 100 മുതൽ 200 വരെ അമേരിക്കൻ പൗരന്മാർ രാജ്യത്ത് ഉണ്ടെന്നും ജനങ്ങളെ സ്വതന്ത്രമായി രാജ്യം വിടാൻ അനുവദിക്കുമെന്ന വാഗ് ദാനം താലിബാൻ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലിങ്കൻ പറഞ്ഞു. ഒഴിപ്പിക്കപ്പെട്ടവരിൽ എത്രപേർ അഫ്ഗാൻ പൗരന്മാരാണെന്ന് വ്യക്തമല്ല. അമേരിക്കൻ വ്യോമസേനയുടെ അഫ് ഗാനിസ്ഥാനിലുള്ള അവസാന വിമാനമായ സി- 17, കാ​ബൂ​ളി​ലെ ഹ​മീ​ദ് ക​ർ​സാ​യി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്നും പറന്നുയർന്നപ്പോൾ ആകാശത്തേക്ക് വെടിയുതിർത്താണ് താലിബാൻ ആഘോഷമാക്കിയത്. വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു.

യുകെ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 15,000 പേരെ ബ്രിട്ടനിൽ എത്തിച്ചിട്ടുണ്ട്. ഏകദേശം 3,700 കനേഡിയൻ, അഫ്ഗാൻ പൗരന്മാരെ ഒഴിപ്പിക്കാൻ കാനഡ സൗകര്യമൊരുക്കി. 4000 -ത്തിലധികം അഫ്ഗാൻ പൗരന്മാർ ഉൾപ്പെടെ 5,300 പേരെ ജർമ്മനിയും ഒഴിപ്പിച്ചു. 4,890 അഫ്ഗാൻ സ്വദേശികൾ ഉൾപ്പെടെ അയ്യായിരത്തിലധികം പേരെ ഇറ്റലി ഒഴിപ്പിച്ചപ്പോൾ 2,600 ൽ അധികം അഫ്ഗാൻ പൗരന്മാർ ഉൾപ്പെടെ 3,000 പേരെ ഫ്രാൻസ് പുറത്തെത്തിച്ചു. 3,200 ലധികം പൗരന്മാരും അഫ്ഗാൻ സ്വദേശികളും ഉൾപ്പെടെ 4100 പേരെ ഓസ്ട്രേലിയ രാജ്യത്തേയ്ക്ക് വിസയുമായി സ്വാഗതം ചെയ്തു. നെതർലാൻഡ്സ്, ബെൽജിയം, ഡെൻമാർക്ക്, ഓസ്‌ട്രേലിയ, സ്വീഡൻ എന്നിവർ കാബൂൾ വിമാനത്താവളത്തിൽ നിന്ന് 1000 -ത്തിലധികം ആളുകളെ ഒഴിപ്പിച്ചു.