റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനായി ഇന്ത്യയ്ക്ക് 30 ദിവസത്തെ താത്കാലിക ഇളവ് അനുവദിച്ച് അമേരിക്ക. ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങാൻ അനുമതി നൽകുന്ന ലൈസൻസ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പുറത്തിറക്കി. മാർച്ച് 5, 2026 മുതൽ കപ്പലുകളിൽ കയറ്റിയ എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ഈ ഇളവ് ബാധകമാണ്. വിവിധ ഉപരോധങ്ങളാൽ തടഞ്ഞുകിടക്കുന്ന കപ്പലുകളിലെ ചരക്കുകളുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമാണ് അനുമതി. ഏപ്രിൽ 3, 2026 വരെയാണ് ഈ പ്രത്യേക ഇളവ് പ്രാബല്യത്തിൽ ഉണ്ടാകുക.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ആഗോള ഊർജ വിപണി സുസ്ഥിരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അമേരിക്കയുടെ തീരുമാനം. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്ന് വ്യക്തമാക്കിയ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്, ആഗോള വിപണിയിലേക്ക് എണ്ണയുടെ ഒഴുക്ക് തുടരാൻ ഈ താത്കാലിക നടപടി സഹായിക്കുമെന്ന് പറഞ്ഞു. ഇതിനകം കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളതെന്നും അതുകൊണ്ട് റഷ്യയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുമെന്ന പ്രതീക്ഷയും യുഎസ് പങ്കുവെച്ചു.
യുക്രൈനിലെ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയ്‌ക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടെയാണ് ഈ നീക്കം. ഉപരോധങ്ങളെ തുടർന്ന് ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ജനുവരിയിൽ ദിനംപ്രതി ഏകദേശം 1.1 മില്യൺ ബാരലായി കുറഞ്ഞിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ഇത് വീണ്ടും ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ഗൾഫ് മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങളും ആഗോള എണ്ണവിതരണത്തെ ബാധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 83.07 ഡോളറായി ഉയർന്നെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സാധ്യത കുറവാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.











Leave a Reply