ഡമാസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്ക ശക്തമായ സൈനികാക്രമണം നടത്തി. അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് കടുത്ത മറുപടിയായാണ് ആക്രമണമെന്നാണ് വാഷിങ്ടൺ വിശദീകരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആയുധ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ഹോക്കി’ എന്ന പേരിലാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു.
സിറിയയുടെ മധ്യഭാഗത്തുള്ള നിരവധി ലക്ഷ്യസ്ഥാനങ്ങളിലാണ് യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, പീരങ്കികൾ എന്നിവ ഉപയോഗിച്ച് ആക്രമണം നടന്നത്. ജോർദ്ദാനിൽ നിന്നുയർന്ന അമേരിക്കൻ വിമാനങ്ങളും ഓപ്പറേഷനിൽ പങ്കെടുത്തതായി ബിബിസി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബർ 13 ന് പാൽമിറയിൽ നടന്ന ഐഎസ് ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു അമേരിക്കൻ പൗരനായ ഭാഷാ പരിഭാഷകനും കൊല്ലപ്പെട്ടിരുന്നു. ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
“അമേരിക്കക്കാരെ ലക്ഷ്യമിടുന്നവർ ശേഷിക്കുന്ന ജീവിതം വേട്ടയാടപ്പെട്ടുകൊണ്ട് കഴിയേണ്ടിവരും” എന്നാണ് ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയത്. സിറിയയിൽ ഭീകരവാദത്തിനെതിരായ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിൽ സിറിയ അമേരിക്കയുമായി സഹകരണം ശക്തമാക്കിയിരുന്നു. യുഎൻ കണക്കുകൾ പ്രകാരം സിറിയയിലും ഇറാഖിലുമായി ഏകദേശം 7000 ഐഎസ് ഭീകരർ ഇപ്പോഴും സജീവമാണ്. 2015 മുതൽ അമേരിക്കൻ സേന സിറിയയിൽ നിരീക്ഷണവും സൈനിക സാന്നിധ്യവും തുടരുകയാണ്.











Leave a Reply