ഇന്ത്യൻവംശജയായ ഐടി പ്രഫഷണൽ ശശികല (38) യേയും ആറുവയസുള്ള മകൻ അനീഷിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ഹനുമന്തറാവുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുഎസിലെ ന്യൂജേഴ്സിയിലെ മാപ്പിൾ ഷേഡിലെ വസതിയിലാണ് ശശികലയേയും മകനെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതു വംശീയ വിദ്വേഷംമൂലമുള്ള കൊലപാതകമല്ലെന്ന് ബർലിംഗ്ടൺ പ്രോസിക്യൂട്ടറുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ശശികലയുടെ ഭർത്താവ് ഹനുമന്തറാവുവാണ് പോലീ സിൽ വിവരമറിയിച്ചത്. ഒാഫീസിൽ നിന്നു വീട്ടിലെത്തിയപ്പോൾ ശശികലയേയും മകനെയും കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിൽ പറഞ്ഞിരുന്നത്. അമ്മയുടെയും മകന്റെയും ശരീരത്തിൽ നിരവധി കുത്തുകളേറ്റിട്ടുണ്ട്. എന്നാൽ ഹനുമന്തറാവുവിനെ തെറ്റിധാരണയുടെ പുറത്താണ് കസ്റ്റഡിയിലെടുത്തതെന്ന് ഹനുമന്തറാവുവിന്റെ മാതാപിതാക്കൾ പറഞ്ഞു.
ഹനുമന്തറാവു ഒരുകോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ശശികലയെ പീഡിപ്പിച്ചിരുന്നതായി ശശികലയുടെ മാതാപിതാക്കൾ ആരോപിച്ചു. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായും ശശികലയെ ഒഴിവാക്കനായി ഹനുമന്തറാവു ശ്രമിച്ചിരുന്നതായും ഇവർ പ്രദേശി മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർ്ട്ടത്തിന് അയച്ചിരിക്കുകയാണ്.ആന്ധ്രാ സ്വദേശികളായ ശശികലയും ഭർത്താവും 12 വർഷമായി യുഎസിൽ താമസിച്ചുവരികയായിരുന്നു.