‘ദി ബീസ്റ്റ്’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന 2018 മോഡൽ കാഡിലാക് ലിമോസിനിലാണ് ട്രംപും ഭാര്യ മെലാനിയയും ഇന്ത്യയിൽ റോഡ് മാർഗം സഞ്ചരിക്കുക. കാറുകൾ ഇതിനകം ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. ലോകത്തെവിടെയും യു. എസ് പ്രസിഡന്റ്, റോഡിൽ സഞ്ചരിക്കുന്ന ഔദ്യോഗിക വാഹനമാണ് ദി ബീസ്റ്റ്. ബീസ്റ്റിന്റെ സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം.

യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രെട്ട് സെർവീസിനാണ് ഈ കാറിന്റെ പരിപാലന ചുമതല. ലോകത്തെ ഏറ്റവും സുരക്ഷിതം എന്ന് വിശേഷിപ്പിക്കാവുന്ന ഇതിനെ ഒരു ടാങ്ക് എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം. 5 ഇഞ്ച് ഘനമുള്ള കൂട്ടലോഹം കൊണ്ടുള്ള ബോഡിയാണ് ഇവന്റെ പ്രത്യേകത. ഉരുക്ക്, അലുമിനിയം, ടൈറ്റാനിയം എന്നീ ലോഹങ്ങൾക്ക് പുറമെ സെറാമികും ബോഡിയുടെ ഭാഗമാണ്. ഈ കനത്ത ബാഹ്യ കവചത്തെ ഭേദിക്കാൻ ഒരു മാതിരി ആയുധങ്ങൾക്കൊന്നും കഴിയില്ല. ബോയിങ് 757 വിമാനത്തിന്റെ കാബിൻ ഡോറിന് സമാനമാണ് എട്ട് ഇഞ്ച് ഘനമുള്ള ഇതിന്റെ ഡോറുകൾ.

വാതിൽ അടച്ചു കഴിഞ്ഞാൽ ഈച്ചക്കെന്നല്ല രാസായുധം പ്രയോഗിച്ചാൽ പോലും അകത്ത് കടക്കില്ല. അടച്ചു കഴിഞ്ഞ ശേഷം പുറമെ നിന്ന് അനധികൃതമായി ആരെങ്കിലും ഡോറിൽ തൊട്ടാൽ ഷോക്കേൽക്കുമെന്ന അപകടവുമുണ്ട്. അഞ്ച് ലെയറിൽ ഗ്ലാസ് പാളികളും പോളികാര്ബണും ചേർത്താണ് ഇതിന്റെ വിൻഡോ നിർമിച്ചിരിക്കുന്നത്. ഡ്രൈവറുടേത് ഒഴികെ ഒരു വിൻഡോയും തുറക്കാൻ കഴിയില്ല. ഡ്രൈവറുടെ ഗ്ലാസ് പോലും മൂന്ന് ഇഞ്ച് മാത്രമേ തുറക്കാൻ കഴിയൂ. ഈ വിൻഡോകളെല്ലാം ബുള്ളറ്റ് പ്രൂഫാണ്. കനത്ത ഉരുക്ക് ഷീറ്റുകളാൽ നിർമിതമായ വാഹനത്തിന്റെ ഷാസി ബോംബ് ആക്രമണത്തിലും തകരില്ല.

ഒരിക്കലും പഞ്ചറാകാത്ത ടയറുകളാണ് മറ്റൊരു പ്രത്യേകത. സ്റ്റീൽ റിമ്മുകളോട് കൂടിയ ടയർ തകർന്നാലും വാഹനത്തിന് സഞ്ചരിക്കാൻ കഴിയും. ലിമോസിന്റെ ബാക്ക് സീറ്റ് ഏരിയയിലാണ് പ്രസിഡന്റ് ഇരിക്കുക. ഈ ഭാഗത്ത് നാലുപേർക്ക് ഇരിക്കാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം. പാനിക് ബട്ടൺ പ്രവർത്തിപ്പിക്കാൻ കഴിയുന്നതിന് പുറമെ അടിയന്തിര ഘട്ടങ്ങളിൽ കാറിനകത്ത് പ്രാണവായു ഉറപ്പാക്കുന്ന സംവിധാനവും ഉണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ്, പെന്റഗൺ തുടങ്ങിയവയുമായി ബന്ധപ്പെടാൻ കഴിയുന്ന സാറ്റലൈറ്റ് ഫോൺ സദാ സജ്ജമായിരിക്കും. ഒരു അപകടം ഉണ്ടായാൽ പോലും വാഹനത്തിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കില്ല. അഗ്നി ബാധ തടയുന്നതിനുള്ള സംവിധാനം, ടിയർ ഗ്യാസ്, സ്‌മോക്ക് സ്‌ക്രീൻ ഉണ്ടാകാനുള്ള സംവിധാനം എന്നിവയും ഈ ലിമോസിനിൽ ഉണ്ട്.

പ്രസിഡന്റിന്റെ ഗ്രൂപ്പിലുള്ള രക്തവും ഇതിൽ സൂക്ഷിക്കും. ഡ്രൈവറുടെ കാബിനിൽ കമ്മ്യൂണികേഷൻ സംവിധാനം, ജി പി എസ് എന്നിവയും ഉണ്ട്. നൈറ്റ് വിഷനോട് കൂടിയ ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്. യു എസ് സീക്രെട്ട് സർവീസ് പ്രത്യേകം തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്ന ഡ്രൈവർമാരാണ് ഇതിന്റെ സാരഥികൾ. ഒരേപോലുള്ള നാലോ അഞ്ചോ കാറുകളുടെ വ്യൂഹമായാണ് സഞ്ചാരം. ഏതിലാണ് പ്രസിഡന്റ് ഇരിക്കുന്നതെന്ന് അറിയാൻ കഴിയില്ല. ഈ വാഹനത്തെ ചേസ് ചെയ്യുന്നതായി കണ്ടാൽ റോഡിൽ ഓയിൽ പരത്തുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്. സുരക്ഷയുടെ അവസാന വാക്ക് എന്ന് ബീസ്റ്റിനെ വിശേഷിപ്പിക്കാം.