പുതിയ കൊറോണവൈറസ് മനുഷ്യരിലേക്ക് എത്തിയത് മൃഗങ്ങളിൽനിന്നായിരിക്കാമെന്ന് നിഗമനം. അതിൽത്തന്നെ വവ്വാലിനാണ് ഏറെ സാധ്യത. ചൈനീസ് ലാബറട്ടറിയിൽനിന്നു പുറത്തുചാടിയ രോഗാണുവാണ് കോവിഡ് രോഗത്തിനു കാരണമായതെന്ന സിദ്ധാന്തത്തെ തള്ളിക്കളയുന്നതാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വിദഗ്ധരുടെ ഈ പ്രാഥമിക നിഗമനം. ചൈനീസ് വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് ഒരു മാസത്തോളം നീണ്ട ഡബ്ല്യുഎച്ച്ഒ സംഘത്തിന്റെ പരിശോധനയിലെയും കണ്ടെത്തലുകൾ.

നേരത്തേ കരുതിയിരുന്നതുപോലെ മൃഗങ്ങളിൽനിന്നു തന്നെയാണ് കൊറോണവൈറസ് മനുഷ്യരിലേക്ക് പകർന്നതെന്ന വാദത്തിനു ശക്തിപകരുന്ന കാര്യങ്ങളാണ് വുഹാനിൽനിന്നു ലഭിച്ചതെന്ന് ലോകാരോഗ്യ സംഘടന സംഘത്തലവൻ പീറ്റർ ബെൻ എംബാറെക്ക് പറഞ്ഞു. വുഹാനിലെ മാംസച്ചന്തയിൽനിന്നാണ് ആദ്യമായി പുതിയ കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നാണു കരുതുന്നത്.

ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ സൂക്ഷിച്ചിരുന്ന കൊറോണവൈറസാണു പുറത്തു ചാടിയതെന്നായിരുന്നു നേരത്തേയുള്ള ആരോപണം. ഇക്കാര്യത്തിൽ തുടരന്വേഷണം പോലും ആവശ്യമില്ലെന്നും പീറ്റർ കൂട്ടിച്ചേർത്തു. നാലാഴ്ച നീണ്ട പരിശോധനയ്ക്കു ശേഷം ചൈനയിൽനിന്നു മടങ്ങുന്നതിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് പീറ്റർ ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണവൈറസ് വവ്വാലിൽനിന്നു മറ്റൊരു ജീവിയിലെത്തുകയും അവിടെനിന്നു മനുഷ്യരിലെത്തുകയും ചെയ്തെന്നാണു കരുതുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണം വേണമെന്നും ഡബ്ല്യുഎച്ച്ഒയുടെ ഭക്ഷ്യസുരക്ഷ–മൃഗജന്യ രോഗ വിദഗ്ധൻ കൂടിയായ പീറ്റർ പറഞ്ഞു. വവ്വാലിൽനിന്ന് ഈനാംപേച്ചിയിലേക്കോ ബാംബൂ റാറ്റ് എന്നറിയപ്പെടുന്ന ചുണ്ടെലികളിലേക്കോ വൈറസ് കടക്കുകയും അവയിൽനിന്നു മനുഷ്യരിലേക്കു പ്രവേശിച്ചതാകാമെന്നുമാണു കരുതുന്നത്.

വവ്വാലിൽനിന്നു നേരിട്ടു മനുഷ്യരിലേക്കും ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ വഴിയും വൈറസ് പടരാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ലെന്നും പീറ്റർ വ്യക്തമാക്കി. ‘കോൾഡ് ചെയിൻ ട്രാൻസ്‌മിഷൻ’ എന്നാണ് പീറ്റർ ഇതിനെ വിശേഷിപ്പിച്ചത്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ വിതരണവും വിൽപനയുമാണ് കോൾഡ് ചെയിൻ എന്നറിയപ്പെടുന്നത്. ഇതേ നിലപാടു തന്നെയാണ് ചൈന നേരത്തേ സ്വീകരിച്ചിരുന്നതും. ശീതീകരിച്ച ഭക്ഷണ പായ്ക്കറ്റുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പലതവണ ചൈന റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
‘തണുത്ത, ശീതീകരിക്കപ്പെട്ട അന്തരീക്ഷത്തിൽ വൈറസുകൾ നിലനിൽക്കുമെന്നത് തെളിഞ്ഞിട്ടുണ്ട്.

എന്നാൽ അത്തരം സാഹചര്യങ്ങളിൽനിന്ന് വൈറസ് മനുഷ്യരിലേക്ക് പടരുമോയെന്ന് ഇപ്പോഴും മനസ്സിലാക്കാനായിട്ടില്ല…’ പീറ്റർ പറഞ്ഞു. വൈറസ് പടരാൻ പാകത്തിൽ കൃത്യമായ തണുപ്പിൽ ശീതീകരിച്ചു സൂക്ഷിക്കപ്പെട്ട ഏതെങ്കിലും കാട്ടുമൃഗത്തിന്റെ ഇറച്ചിയിൽനിന്ന് വൈറസ് പടരുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ ഇത്തരം ‘സംശയവിടവുകൾ’ നികത്താനാണു ശ്രമിക്കുകയെന്നും പീറ്റർ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചൈനീസ് സർക്കാർ കോവിഡ് വ്യാപനത്തെപ്പറ്റി കാര്യമായി അന്വേഷിക്കുന്നില്ലെന്നും ഗവേഷകരുടെ വായ്മൂടിക്കെട്ടിയിരിക്കുകയാണെന്നുമുള്ള വിമർശനവും ശക്തമാണ്. മാധ്യമപ്രവർത്തകരോടു സംസാരിക്കാൻ പോലും ചൈനീസ് ഗവേഷകർക്കു വിലക്കുണ്ട്. എന്നാൽ എവിടെ വേണമെങ്കിലും പരിശോധന നടത്താനും ആരുമായി വേണമെങ്കിലും സംസാരിക്കാനും ‌സര്‍ക്കാർ അനുമതി നൽകിയെന്നായിരുന്നു സംഘത്തിലെ ബ്രിട്ടിഷ് സുവോളജിസ്റ്റ് പീറ്റർ ഡസ്സാക്ക് പറഞ്ഞത്.

രാജ്യാന്തര സമൂഹം നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ചൈന രാജ്യത്തിന്റെ വാതിലുകൾ ഡബ്ല്യുഎച്ച്ഒ സംഘത്തിനു തുറന്നു നൽകിയത്. ഇപ്പോഴും സ്വതന്ത്ര അന്വേഷണത്തിന് ചൈന തയാറായിട്ടുമില്ല. ജനുവരി 14നാണ് 10 രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരുമായി ഡബ്ല്യുഎച്ച്ഒ സംഘം ചൈനയിലെത്തിയത്. രണ്ടാഴ്ചത്തെ ക്വാറന്റീനു ശേഷം വുഹാനിലെ ഹ്വാനനിലെ സീഫൂഡ് മാർക്കറ്റ് ഉൾപ്പെടെ സന്ദർശിച്ചായിരുന്നു അന്വേഷണത്തിനു തുടക്കമിട്ടത്.

പൊതുജനത്തിന് ഇപ്പോഴും ഹ്വാനൻ ചന്തയിലേക്കു പ്രവേശനമില്ല. ചന്ത അടച്ചുപൂട്ടിയ നിലയിലാണ്. ഇവിടെയുള്ളവരെ മറ്റൊരു ചന്തയിലേക്കു പുനരധിവസിപ്പിക്കുകയും ചെയ്തു. ചന്തയിലുണ്ടായിരുന്ന മുയൽ, ബാംബൂ റാറ്റ് എന്നിവയായിരിക്കാം വൈറസ്‌വാഹകരായതെന്ന് സംഘത്തിലെ ഡച്ച് വൈറോളജിസ്റ്റ് മാരിയോൺ കൂപ്മാൻസ് പറഞ്ഞു.

മുയലും ചുണ്ടെലികളും പോലുള്ള ജീവികളെ ഫാമുകളിൽ കൂട്ടത്തോടെ വളർത്തുന്ന പ്രദേശങ്ങളും ഹ്വാനൻ ചന്തയ്ക്കു സമീപത്തുണ്ടായിരുന്നു. ഇവയെ വിൽപനയ്ക്ക് എത്തിക്കുന്ന സംഘങ്ങളുമുണ്ടായിരുന്നു. ഫാമുകൾക്കു സമീപമാകട്ടെ കൊറോണവൈറസ് വാഹകരായേക്കാവുന്ന വവ്വാലുകളുടെ വൻതോതിലുള്ള സാന്നിധ്യവും തിരിച്ചറിഞ്ഞിരുന്നു. അടുത്ത ഘട്ടത്തിൽ ഫാമുകൾ‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണമെന്നും മാരിയോൺ പറഞ്ഞു.

ഹ്വാനൻ മാർക്കറ്റിനേക്കാൾ രാജ്യത്തെ മറ്റു പലയിടത്തും കൂട്ടത്തോടെ കൊറോണവൈറസ് ബാധയുണ്ടായിരുന്നതായി ചൈനീസ് ഗവേഷകൻ ലിയാങ് വാന്യാൻ പറഞ്ഞു. ഒരുപക്ഷേ വുഹാനിൽനിന്നല്ലാതെ മറ്റിടങ്ങളിൽനിന്നു വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ചൈനീസ് സംഘത്തലവൻ കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ഡിസംബറിലാണ് വ്യാപകമായ വൈറസ് ബാധയുണ്ടായതെന്നും ചൈനീസ് സംഘം പറയുന്നു. അതിനു മുൻപേതന്നെ വൈറസ് വ്യാപിച്ചിരുന്നുവെന്ന വാദത്തിനും അതോടെ ചൈന അവസാനം കുറിച്ചു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണത്തിന്റെ സാധ്യതകൾ ഡബ്ല്യുഎച്ച്ഒ തള്ളിക്കളയുന്നില്ല. ഡിസംബറിനു മുൻപ് രോഗം പടർന്നിരുന്നോയെന്ന് അറിയണമെങ്കിൽ രോഗം ബാധിച്ചതായി സംശയിക്കുന്നവരുടെ രക്തസാംപിൾ ഉൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും ഡബ്ല്യുഎച്ച്ഒ സംഘം പറഞ്ഞു.

വർഷങ്ങളെടുത്തു മാത്രമേ കൊറോണവൈറസിന്റെ ഉറവിടം കണ്ടെത്താനാവുകയുള്ളൂവെന്നാണ് സംഘാംഗമായ ഡൊമിനിക് ഡ്വൈയറിന്റെ വാക്കുകൾ. 2021 ഫെബ്രുവരി 9 വരെയുള്ള കണക്കു പ്രകാരം രാജ്യാന്തരതലത്തിൽ ഏകദേശം 10.5 കോടി പേരെയാണ് കോവിഡ് ബാധിച്ചത്. 22 ലക്ഷത്തിലേറെപ്പേർ മരിച്ചു.