ഇന്ത്യന്‍ ഐ.ടി മേഖലയ്ക്ക് അടക്കം കനത്ത തിരിച്ചടി ഉണ്ടാക്കാന്‍ കാരണമാകുന്ന വിസ നിയന്ത്രണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഈ വര്‍ഷം ഒടുവില്‍ വരെ എച്ച്-1ബി വിസയും വിദേശികള്‍ക്ക് നല്‍കുന്ന താത്കാലിക വര്‍ക്ക് വിസയും നിര്‍ത്തിവയ്ക്കാനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇന്ത്യന്‍ ഐ.ടി മേഖലയില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ ജോലി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ അപേക്ഷിക്കുന്നതാണ് എച്ച്-1ബി വിസ.

എച്ച്-1ബി, എച്ച്-2ബി, എല്‍ വിസകളും ഇന്റേണ്‍, ടെയിനി, അധ്യാപകര്‍, കൗണ്‍സലര്‍ തുടങ്ങിയവര്‍ക്ക് അനുവദിക്കുന്ന ജെ വിസയും ഈ വര്‍ഷം ഡിസംബര്‍ 31 വരെയും നിര്‍ത്തി വയ്ക്കാനാണ് തീരുമാനം.

നിലവിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന അമേരിക്കന്‍ വംശജരെ സഹായിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ വിസ നിയന്ത്രണങ്ങള്‍ എന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. ട്രംപിന്റെ തീരുമാനത്തിനെതിരെ ബിസിനസ് സംഘടനകള്‍, നിയമനിര്‍മാതാക്കള്‍, മനുഷ്യാവകാശ സംഘടനകള്‍ തുടങ്ങിയവരുടെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാണ്ടാക്കുന്നത് കൂടി മുന്നില്‍ കണ്ടുള്ള നീക്കമാണ് ട്രംപ് നടത്തുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

തിങ്കളാഴ്ച പുറത്തിറക്കിയ പ്രസിഡന്റിന്റെ പ്രഖ്യാപനം അനുസരിച്ച് യുഎസിന് പുറത്ത് ഇഷ്യു ചെയ്യുന്ന ഗ്രീൻ കാർഡുകൾക്ക് ഈ വർഷം അവസാനം വരെ നിരോധനം ഏർപ്പെടുത്തുകയും എച്ച് -1 ബി വിസകൾ ഉൾപ്പെടെ നിരവധി താൽക്കാലിക വർക്ക് വിസകൾ ഫ്രീസ് ചെയ്യുകയും ചെയ്യും. പ്രൊഫഷനലുകളെ ആവശ്യമുള്ള ജോലികളില്‍ വിദേശികള്‍ക്ക് യു.എസ് സര്‍ക്കാര്‍ നല്‍കുന്ന താല്‍ക്കാലിക വിസയാണ് ഇത്. ഇന്ത്യയിൽ നിന്നുള്ള പ്രമുഖ ഐ.ടി കമ്പനികള്‍ അടക്കം എച്ച് 1ബി വിസ ഉപയോഗിച്ചാണ് ജോലിക്കാരെ എത്തിക്കുന്നത്.

സാമ്പത്തിക മാന്ദ്യത്തിനിടയിൽ യുഎസ് പൌരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പു വരുത്താനുള്ള മാർഗമായി ഭരണകൂടം ഈ നീക്കത്തെ കാണുന്നത്. ഈ നിയന്ത്രണങ്ങൾ പ്രകാരം അമേരിക്കക്കാർക്ക് വേണ്ടി 525,000 ജോലികൾ വരെ സ്വതന്ത്രമാകുമെന്ന് കണക്കാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, പുതിയ പ്രഖ്യാപനത്തിനെതിരെ ആമസോൺ, ഗൂഗിൾ, ട്വിറ്റർ തുടങ്ങിയ പ്രധാന ടെക് കമ്പനികൾ രംഗത്തുവന്നു. ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നത് അമേരിക്കയുടെ ആഗോള മത്സരശേഷിയെ അപകടത്തിലാക്കുമെന്ന്‌ ആമസോണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കയുടെ സാമ്പത്തിക വിജയത്തിന് ഇമിഗ്രേഷൻ വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്നും, അതാണ് അമേരിക്കയെ സാങ്കേതികവിദ്യയുടെ ആഗോള നേതാവാക്കിയാതെന്നും, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെയും പ്രതികരിച്ചു. പുതിയ പ്രഖ്യാപനത്തിൽ നിരാശിതനാണെന്നു പറഞ്ഞ അദ്ദേഹം, കുടിയേറ്റക്കാരോടൊപ്പം നിൽക്കുകയും എല്ലാവർക്കും അവസരം നൽകുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും എന്നും പറഞ്ഞു.

ഈ പ്രഖ്യാപനം അമേരിക്കയുടെ ഏറ്റവും വലിയ സാമ്പത്തിക ആസ്തിയായ ‘അതിന്റെ വൈവിധ്യത്തെ’ ദുർബലപ്പെടുത്തുമെന്ന്‌ ട്വിറ്റർ വൈസ് പ്രസിഡന്റ് ജെസീക്ക ഹെരേര-ഫ്ലാനിഗനും പറഞ്ഞു. നിരോധനം താൽക്കാലികമാണെങ്കിലും, കുടിയേറ്റ തൊഴിലാളിളെയും ഹൈടെക് തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള ദീർഘകാല മാറ്റങ്ങളുടെ ഒരു തുടക്കമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

പുതിയ തീരുമാനമനുസരിച്ച് എച്ച്-1ബി വിസയില്‍ കുറഞ്ഞ കൂലിക്ക് പുറത്തുനിന്നുള്ളവരെ കൊണ്ടുവരുന്നതിനു പകരം ഉയര്‍ന്ന ശമ്പളത്തിന് വൈദഗ്ധ്യമുള്ള തൊഴിലാളികളെ മാത്രമായിരിക്കും കമ്പനികള്‍ക്ക് അമേരിക്കയില്‍ നിയമിക്കാന്‍ സാധിക്കൂ. അതുപോലെ താത്കാലിക ജോലികളില്‍ കുടിയേറ്റക്കാര്‍ക്ക് പകരം അമേരിക്കന്‍ പൌരന്മാരെ നിയമിക്കുകയും ചെയ്യണം.

അനുവദിക്കുന്ന എച്ച്-1ബി വിസയ്ക്ക് കഴിഞ്ഞ വര്‍ഷം അമേരിക്ക പരിധി ഏര്‍പ്പെടുത്തിയിരുന്നു. “ആകെ ലഭിച്ച 2.25 ലക്ഷം അപേക്ഷകളില്‍ നിന്നാണ് 85,000 പേര്‍ക്ക് വിസ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം വരെ ഇത് നറുക്കെടുപ്പ് മാതൃകയിലാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത് അവസാനിപ്പിക്കാനും ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിസ നല്‍കാനുമാണ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ഇനി തെരഞ്ഞെടുക്കുന്ന 85,000 പേര്‍ ഈ 2.25 ലക്ഷം അപേക്ഷകളിലെ ഏറ്റവും കൂടിയ ശമ്പള ഇനത്തില്‍ ഉള്ളവരായിരിക്കും”, ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഈ മാര്‍ഗം പിന്തുടരുന്നതോടെ ശമ്പള ഇനത്തിലും വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിലുമുള്ള അപേക്ഷകള്‍ വര്‍ധിക്കും. അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരിടേണ്ടി വരുന്ന മത്സരവും കുറയും. അമേരിക്കയ്ക്ക് ഏറ്റവും മികച്ച വൈദഗ്ധ്യമുള്ളവരെ മാത്രം ജോലിക്കായി ലഭിക്കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.