കോവിഡ് ബാധിച്ച് അമേരിക്കയിൽ രണ്ട് മലയാളികൾ മരിച്ചു. ന്യൂജഴ്സിയിലും ന്യൂയോര്‍ക്കിലുമായാണ് മരണങ്ങൾ. ന്യൂയോര്‍ക്കില്‍ മരിച്ചത് പത്തനംതിട്ട ഇലന്തൂര്‍ തോമസ് ഡേവിഡ് (43) ഉം ന്യൂജഴ്സിയില്‍ മരിച്ചത് കുഞ്ഞമ്മ സാമുവല്‍ (85) ഉം ആണ്. കാലിന് ഒടിവോടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കുഞ്ഞമ്മ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു തോമസ്. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ ജീവനക്കാരനായിരുന്നു തോമസ് ഡേവിഡ്.

കൊറോണ വൈറസ് ബാധ മൂലം അമേരിക്കയില്‍ ഒരു ലക്ഷത്തിനും 2,40,000-നും ഇടയില്‍ ആളുകള്‍ മരിക്കുമെന്ന് റിപ്പോര്‍ട്ട്. വൈറ്റ്ഹൗസില്‍ അവതരിപ്പിച്ച ശാസ്ത്രകാരന്മാരുടെ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ ഉള്ളത്. അമേരിക്കയില്‍ മരണസംഖ്യ വന്‍ തോതില്‍ ഉയരുകയാണ്. ആകെ മരിച്ച ആളുകളുടെ എണ്ണം അമേരിക്കയില്‍ ചൈനയെക്കാള്‍ കൂടി. ലോകത്ത് രോഗബാധിതരില്‍ അഞ്ചില്‍ ഒരാള്‍ ഇപ്പോഴത്തെ നിലയില്‍ അമേരിക്കക്കാരാണ്.

അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് വരാന്‍ പോകുന്ന അപകടത്തെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഒരു ലക്ഷത്തിനും 2,40,000 ത്തിനും ഇടയില്‍ ആളുകള്‍ കൊറോണ വൈറസ് ബാധമൂലം മരിക്കുമെന്നാണ് ഇവര്‍ പറയുന്നത്. മുന്‍ കരുതല്‍ നടപടിയെടുത്താലുള്ള അവസ്ഥയെക്കുറിച്ചാണ് ഇത് പറയുന്നത്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫക്ഷ്യസ് ഡീസീസസ് തലവന്‍ ആന്റോണി ഫൗസി പറഞ്ഞത് ഇത്രയും പേര്‍ മരിക്കുമെന്ന് കണക്കാക്കണമെന്നാണ്. എന്നാല്‍ അത്രയും പേര്‍ മരിക്കുമെന്ന് ഇപ്പോള്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമേരിക്കയില്‍ ഇതാദ്യമായല്ല, ഗവേഷകരും ശാസ്ത്ര സമൂഹവും ഇത്ര അപകടകരമായ കാര്യങ്ങള്‍ പുറത്തുവിടുന്നത്. ഇന്നത്തെ കണക്കില്‍ ലോകത്തില്‍ വൈറസ് ബാധിതരായ അഞ്ചുപേരില്‍ ഒരാള്‍ അമേരിക്കക്കാരനാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളതും ഇവിടെ തന്നെയാണ്. ഇപ്പോഴും പരിശോധനാ സംവിധാനങ്ങളുടെയും വെന്റിലേറ്ററുകളുടെയും അഭാവം ചികിത്സയെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ തന്റെ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുമായിരുന്നുവെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. രണ്ട് മണിക്കൂര്‍ സമയമെടുത്താണ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് വിശദീകരണം നടത്തിയത്. സ്ഥിതിഗതികള്‍ വളരെ മോശമാകാന്‍ പോകുകയാണെന്ന് ട്രംപും മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ വളരെ രൂക്ഷമാകുമെന്നും വരുന്ന ആഴ്ചകള്‍ കനത്ത നഷ്ടത്തിന്റെതാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.അതിനിടെ അമേരിക്കയില്‍ മരണ സംഖ്യം 3600 ആയി ഉയര്‍ന്നു. മരണസംഖ്യയില്‍ ഇപ്പോള്‍ അമേരിക്ക ചൈനയേക്കാള്‍ മുകളിലാണ്. 1,81,000 പേര്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ട്.

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്‍പത്തി രണ്ടായിരത്തി ഒരുനൂറ്റി ഏഴായി. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍. ഒരുലക്ഷത്തി എണ്‍പത്തിയേഴായിരത്തി മുന്നൂറ്റി നാല്‍പത്തിയേഴുപേര്‍ക്ക് അമേരിക്കയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ നിയന്ത്രിക്കാനാവാത്ത മറ്റൊരു രാജ്യം ഇറ്റലിയാണ്. ഒരുലക്ഷത്തി അയ്യായിരത്തി എഴുനൂറ്റി തൊണ്ണൂറ്റിരണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ പന്ത്രണ്ടായിരത്തി നാനൂറ്റി ഇരുപത്തിയെട്ടുപേര്‍ മരിച്ചു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 837 പേരാണ് ഇറ്റലിയില്‍ മരിച്ചത്. സ്പെയിനില്‍ 8,464 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 3,523 പേരും യുകെയില്‍ 1789 പേരും ജര്‍മനിയില്‍ 775 പേരും മരിച്ചു. ചൈനയില്‍ പുതിയ രോഗബാധിതരില്ല. മരണം 3,305 ആണ്. ഇറാനില്‍ ഇതുവരെ 2898 പേര്‍ക്ക് ജീവന്‍ നഷ്ടമായി.