ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു എസ് :- യുഎസിൽ അബോർഷൻ നിയമങ്ങളെ സംബന്ധിക്കുന്ന ഡ്രാഫ്റ്റ് മാധ്യമങ്ങൾക്ക് ചോർന്ന സംഭവത്തിൽ യഥാർത്ഥ ഡ്രാഫ്റ്റ് തന്നെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. എന്നാൽ ഇത് കോടതിയുടെ അന്തിമതീരുമാനം അല്ലെന്നും ചീഫ് ജസ്റ്റിസ് ജോൺ റോബെർട്സ് വ്യക്തമാക്കി. ഇത്തരം പ്രധാന രേഖകൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവായിട്ടുണ്ട്. പുറത്തായ ഡ്രാഫ്റ്റ് പ്രകാരം 1973 ൽ യു എസ് കോടതി കൈകൊണ്ട അബോർഷൻ നിയമങ്ങളെ പൂർണമായും ഇല്ലാതാക്കുന്ന തരത്തിലാണെന്നത് ആശങ്ക ഉളവാക്കുന്നുണ്ട്. 1973 ലെ വിധിപ്രകാരം സ്ത്രീകൾക്ക് തങ്ങളുടെ അബോർഷന്റെ കാര്യത്തിൽ അധികം ഇടപെടലുകൾ ഇല്ലാതെ സ്വന്തമായ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതായിരുന്നു. ഇപ്പോൾ മാധ്യമങ്ങൾക്ക് ലഭിച്ചിരിക്കുന്ന ആദ്യത്തെ ഡ്രാഫ്റ്റ് എന്ന് വിശ്വസിക്കുന്ന ഈ രേഖ കോടതിയുടെ പൊതുവായ താൽപര്യമാണ് എന്നാണ് വിലയിരുത്തൽ. എന്നാൽ കോടതിയുടെ ഇത്തരത്തിലുള്ള തീരുമാനങ്ങൾ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.

1973 ലെ വിധി തെറ്റാണെന്നുള്ള രീതിയിലാണ് പുറത്ത് വന്നിരിക്കുന്ന ആദ്യ ഡ്രാഫ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇത് അന്തിമതീരുമാനം അല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ ഡ്രാഫ്റ്റ് പ്രകാരം തീരുമാനങ്ങൾ നടപ്പിലാക്കിയാൽ യുഎസിലെ പകുതിയോളം ഫെഡറൽ സ്റ്റേറ്റുകൾക്ക് അബോർഷൻ പൂർണമായും നിരോധിക്കാൻ സാധിക്കും. ഈ രേഖ പുറത്തുവന്നതോടെ നിരവധി വിമർശനങ്ങളും ഉയർന്നുവന്നിട്ടുണ്ട്. 1973 ലെ വിധി ഇല്ലാതാക്കിയാൽ 36 മില്യനോളം സ്ത്രീകൾക്ക് അബോർഷനുള്ള അവകാശം നഷ്ടപ്പെടുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
	
		

      
      



              
              
              




            
Leave a Reply