ദോഹ∙ താലിബാനുമായുള്ള ചരിത്ര കരാറിൽ യുഎസ് ഒപ്പിട്ടു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് യുഎസ് പ്രത്യേക സ്ഥാനപതി സൽമെ ഖാലിൽസാദും താലിബാൻ രാഷ്ട്രീയ മേധാവി മുല്ല അബ്ദുൾ ഘാനി ബറാദറും സമാധാന കരാർ ഒപ്പുവച്ചത്. ഉടമ്പടി പ്രകാരം അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സഖ്യസേന 14 മാസത്തിനകം പിന്മാറും. കരാർ വ്യവസ്ഥകൾ താലിബാൻ പൂർണമായും പാലിച്ചാൽ മാത്രമായിരിക്കും പിന്മാറ്റം.
18 വർഷം അഫ്ഗാനിസ്ഥാനിൽ നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യം കുറിക്കുന്ന കരാർ ഒപ്പുവയ്ക്കുന്ന ചരിത്ര മുഹൂർത്തം വീക്ഷിക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇന്നലെത്തന്നെ ദോഹയിൽ എത്തിയിരുന്നു. കരാറിന്റെ തുടർനടപടികളുടെ ഭാഗമായി യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പെർ കാബൂളിലെത്തി അഫ്ഗാൻ പ്രസിഡന്റിനെ കാണും.
യുഎസുമായി ഇനിയൊരു സൈനിക ഏറ്റുമുട്ടൽ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് താലിബാൻ സമാധാന കരാറിലേക്ക് നീങ്ങിയതെന്ന് മൈക് പോംപിയോ പറഞ്ഞു. താലിബാൻ വ്യവസ്ഥകൾ ലംഘിച്ചാൽ കരാർ അപ്രസക്തമാകും. ഇതൊരു തുടക്കം മാത്രമാണെന്നും മുന്നോട്ടുള്ള പാത അത്ര എളുപ്പമല്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.
2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു (9/11) പിന്നാലെ ഒക്ടോബർ 7നാണ് അഫ്ഗാനിസ്ഥാനിൽ യുഎസിന്റെ സൈനിക നടപടി ആരംഭിക്കുന്നത്. മൂന്നു മാസത്തിനകം താലിബാൻ ഭരണകൂടം നിലംപതിച്ചു. മൂന്നുനാലു വർഷം ദുർബലമായിക്കിടന്ന താലിബാൻ 2006 മുതൽ ശക്തമായ ആക്രമണങ്ങളുമായി ഭീഷണി ഉയർത്തി.2009ൽ യുഎസ് പ്രസിഡന്റായി ബറാക് ഒബാമ അധികാരമേറ്റതിനു പിന്നാലെ പല ഘട്ടങ്ങളിലായി അഫ്ഗാനിലെ യുഎസ് സൈനികശേഷി വർധിപ്പിച്ചു. ഒരു ഘട്ടത്തിൽ ഇത് ഒരു ലക്ഷം സൈനികർ വരെയായിരുന്നു. പിന്നീടാണ് ഇറാഖിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നുമുള്ള പിന്മാറ്റ പദ്ധതി ഒബാമ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഇരുരാജ്യങ്ങളിൽനിന്നും യുഎസ് സേന പിന്മാറിയെങ്കിലും കുറച്ചു സൈനികർ (അഫ്ഗാനിൽ 14,000, ഇറാഖിൽ 6000) അതതു രാജ്യങ്ങളിൽ തുടരുന്നുണ്ട്.
അവസാനത്തെ വിദേശ സൈനികനും രാജ്യം വിടാതെ ആയുധം താഴെവയ്ക്കില്ലെന്നു പ്രഖ്യാപിച്ച താലിബാനെ സമാധാനക്കരാറിലെത്തിക്കാൻ കഴിഞ്ഞുവെന്നതാണ് ഇതിൽ യുഎസിനുള്ള നേട്ടം. ഭീകരരായി പ്രഖ്യാപിച്ചു തങ്ങളെ തുടച്ചുനീക്കാൻ ഒരുമ്പെട്ടവർ ഒടുവിൽ സമാധാനക്കരാറുമായി എത്തിയത് താലിബാന്റെ വിജയവുമാണ്.
കരാർ യാഥാർഥ്യമാകുന്നതിനു പിന്നാലെ വിദേശ സൈനികർ പൂർണമായി രാജ്യം വിടും; പകരം, യുഎസിനും സഖ്യരാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണങ്ങൾക്ക് തങ്ങൾ താവളമൊരുക്കില്ലെന്നാണ് താലിബാൻ നൽകുന്ന ഉറപ്പ്. അഫ്ഗാൻ ജയിലുകളിലെ 5000 പേരെ മോചിപ്പിക്കണമെന്ന താലിബാന്റെ ആവശ്യം അംഗീകരിക്കപ്പെടുമോ എന്നു വ്യക്തമല്ല.
നിലവിൽ ഈ കരാറിൽ അഫ്ഗാൻ ഭരണകൂടം കക്ഷിയല്ല. സമാധാനക്കരാറിനു പിന്നാലെ, താലിബാനും അഫ്ഗാൻ ഭരണകൂടവും തമ്മിലുള്ള ചർച്ചകൾക്ക് വാതിൽ തുറക്കും. ഇത്, അഫ്ഗാനിൽ സുസ്ഥിര ഭരണകൂടം യാഥാർഥ്യമാകുന്നതിലേക്കു കൂടി നയിക്കുമെന്നാണു ലോകരാജ്യങ്ങളുടെ പ്രതീക്ഷ.
Leave a Reply