ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചെങ്കടലിൽ ഇറാൻ്റെ പിന്തുണയുള്ള ഹൂതികൾക്ക് വൻ തിരിച്ചടി നൽകി യുഎസ് , യുകെ സഖ്യത്തിലുള്ള സൈന്യം. ഹൂതികളുടെ ഡസൻ കണക്കിനുള്ള ഡ്രോണുകൾ സഖ്യസേനയുടെ ആക്രമണത്തിൽ തകർന്നതായാണ് റിപ്പോർട്ടുകൾ. ഹൂതികൾ വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ തകർന്നതായി റോയൽ നേവി അറിയിച്ചതാണ് ഈ ഗണത്തിൽ ഏറ്റവും അവസാനമായി പുറത്തുവന്നത് . ചരക്ക് കപ്പലുകൾക്ക് വൻ ഭീഷണിയായി ഹൂതികളുടെ ആക്രമണം മാറിയതിനെ തുടർന്നാണ് വൻതോതിലുള്ള തിരിച്ചടി നൽകാൻ തങ്ങൾ നിർബന്ധിതരായതെന്ന് യുഎസ് പറഞ്ഞു.
പ്രോപ്പർ ഫോർച്യൂൺ എന്ന ചരക്ക് കപ്പലും യുഎസിന്റെ ഡ്രോണുകളെയും ആണ് തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് ഹൂതികൾ അവകാശവാദം ഉന്നയിച്ചത്. എന്നാൽ തങ്ങളുടെയും സഖ്യസേനയുടെയും സൈനിക വാഹനങ്ങൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് യുഎസ് സൈനിക വക്താവ് പറഞ്ഞു. പുതിയതായി വാണിജ്യ കപ്പലുകൾക്കും അപകടം സംഭവിച്ചതായി റിപ്പോർട്ടുകളില്ല. വെള്ളിയാഴ്ച രാത്രി ഹൂതികൾ വിക്ഷേപിച്ച രണ്ട് ട്രോണുകൾ റോയൽ നേവി തകർത്തതായി യുകെ പ്രതിരോധ സെക്രട്ടറി ഗ്രാൻറ് ഷാപ്സ് അറിയിച്ചു.
വടക്ക് പടിഞ്ഞാറൻ യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഇറാൻറെ പിന്തുണയുള്ള ഹൂതികൾ നവംബർ മുതൽ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വരുകയാണ്. ഗാസ മുനമ്പിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണ കാണിക്കാനാണ് തങ്ങളുടെ ആക്രമണം എന്നാണ് ഹൂതികൾ പറയുന്നത്. ചെങ്കടലിൽ ഹൂതികളുടെ ആക്രമണം തുടർച്ചയായതോടെ നിരവധി കമ്പനികളാണ് കൂടുതൽ ദൈർഘ്യമേറിയ ആഫ്രിക്കയെ ചുറ്റിയുള്ള പാത തിരഞ്ഞെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്. ഇതിന്റെ ഫലമായി ചരക്ക് വിലയിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
Leave a Reply