ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മന്ത്രിതല ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടോറി ചെയർമാൻ നാദിം സഹാവിയെ പുറത്താക്കി. നികുതി കാര്യങ്ങളെച്ചൊല്ലിയുണ്ടായ കടുത്ത തർക്കത്തിന്റെ ഫലമായാണ് നടപടി എന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ടാക്സ് ബില്ലിന്റെ ഭാഗമായി എച്ച്എംആർസിക്ക് പെനാൽറ്റി അടച്ചതായി വെളിപ്പെടുത്തിയതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. വിശദമായ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രധാനമന്ത്രി റിഷി സുനക് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.

 

സഹാവി നികുതി ഇനത്തിൽ നൽകേണ്ട തുക, പിഴയും ചേർത്ത് £ 4.8 മില്യൺ ആണ്. എന്നാൽ ഇത് വെട്ടിക്കാനാണ് ഔദ്യോഗിക പദവിയിൽ ഇരുന്നുകൊണ്ട് അദ്ദേഹം ശ്രമം നടത്തിയത്. അതേസമയം,വിവാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും, വാർത്തകൾ കെട്ടിചമച്ചതാണെന്നുമാണ് സഹാവി പറയുന്നത്. ഇതേ തുടർന്ന് റിഷി സുനക് അദ്ദേഹത്തിന്റെ നൈതിക ഉപദേഷ്ടാവ് ലോറി മാഗ്നസിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, നികുതിയിനത്തിൽ ഭീമമായ തുക സഹാവി വെട്ടിച്ചെന്നാണ് ലോറി മാഗ്നസ് സമർപ്പിച്ച നാലു പേജുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കത്ത് മുഖേനയാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്ത സമയത്ത് തന്നെ സർക്കാർ ഏത് രീതിയിലാണ് പ്രവർത്തിക്കുന്നതെന്നു താൻ നേരത്തെ വ്യക്തമാക്കിയിരുന്നതായി റിഷി സുനക് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സഹാവിക്കെതിരെ പുറത്ത് വന്ന ആരോപണങ്ങളിൽ കഴമ്പ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.