സ്വന്തം ലേഖകൻ

വാഷിങ്​ടൺ: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സഹായിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറ്റ് ഹൗസിൽ ആശങ്ക പടർന്നുപിടിച്ചിരിക്കുകയാണ്. മൈക്ക് പെൻസിന്റെ പ്രസ് സെക്രട്ടറി കാറ്റി മില്ലർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് വാർത്ത സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനിടെ കോവിഡ് രോഗം സ്ഥിരീകരിക്കുന്ന വൈറ്റ് ഹൗസിലെ രണ്ടാമത്തെ ജീവനക്കാരിയാണ് കാറ്റി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി ഉന്നതതല യോഗങ്ങളിൽ കാറ്റി മില്ലർ പങ്കെടുത്തിരുന്നു. വൈറ്റ് ഹൗസിലെ മുതിർന്ന നയ ഉപദേശകനായ സ്റ്റീഫൻ മില്ലറാണ് കാറ്റിയുടെ ഭർത്താവ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപി​​ന്റെ വ്യക്തി സുരക്ഷാ സംഘത്തിലെ ഒരാള്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ​കോവിഡ്​ പോസിറ്റീവായ സുരക്ഷാ ഉദ്യോഗസ്ഥനുമായി തനിക്ക് സമ്പർക്കമിക്കമില്ലെന്ന്​ ട്രംപ് വ്യക്തമാക്കി. മാത്രമല്ല അതിനുശേഷം എല്ലാ ദിവസവും താൻ പരിശോധന നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

വൈസ് പ്രസിഡന്റിന്റെ സഹായിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും രോഗം പടരാതിരിക്കാൻ കനത്ത ജാഗ്രതയാണ് വൈറ്റ് ഹൗസ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ട്രംപിന്‍റെയും പെൻസിന്‍റെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. അമേരിക്കയിലെ മരണസംഖ്യ ഇപ്പോൾ 76, 000 കടന്നിരിക്കുകയാണ്. എന്നാൽ വൈറ്റ് ഹൗസിൽ സാഹചര്യം മോശമായിട്ടും ട്രംപും മൈക്ക് പെൻസും മാസ്ക് പോലുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാൻ വിസമ്മതിക്കുകയാണ്.