ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെതിരെ നടന്ന ആക്രമണത്തിൻെറ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഒരാൾ അറസ്റ്റിൽ. ഞായറാഴ്ച ഉച്ചയ്ക്ക് 1.50 നാണ് വെസ്റ്റ്മിൻസ്റ്ററിലെ ആൽഡ്‌വിച്ചിലുള്ള കെട്ടിടത്തിൽ നിന്ന് മെട്രോപൊളിറ്റൻ പോലീസിനെ ആക്രമണവിവരം അറിയിച്ച് വിളിച്ചത്. ആക്രമണത്തിൽ രണ്ട് സുരക്ഷാ ഗാർഡുകൾക്ക് നിസാര പരിക്കേറ്റു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോകളിൽ ഒരാൾ ഹൈക്കമ്മീഷന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഇന്ത്യൻ പതാക നീക്കം ചെയ്യുന്നതായി കാണാം. ഇതിന് താഴെ ഖാലിസ്ഥാൻെറ ബാനറുകൾ പിടിച്ചുകൊണ്ട് ഒരു കൂട്ടം ജനങ്ങൾ അയാളെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.

ഇന്ത്യയിൽ പുതിയൊരു സംസ്ഥാനം വേണമെന്ന ആവിശ്യം മുന്നോട്ട് വച്ച ഒരു സിഖ് വിഘടനവാദ പ്രസ്ഥാനത്തിന്റെ പിന്തുണക്കാരാണ് സംഘം എന്ന് വിശ്വസിക്കപ്പെടുന്നു. സംഭവത്തിൽ മെറ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ഹൈക്കമ്മീഷൻ കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ തകർന്നെന്നും സുരക്ഷാ ജീവനക്കാരിലെ രണ്ട് അംഗങ്ങൾക്ക് നിസ്സാര പരുക്കുകൾ ഉണ്ടെന്നും പൊലീസിൻെറ വക്താവ് പ്രതികരിച്ചു.

ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ പ്രതിഷേധക്കാർ പിരിഞ്ഞുപോയിരുന്നു. അന്വേഷണം ആരംഭിച്ചതിന് തൊട്ട് പിന്നാലെ സംശയാസ്പദമായ നിലയിൽ ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. സംഭവം ലണ്ടൻ മേയർ സാദിഖ് ഖാൻ, വിംബിൾഡണിലെ വിദേശകാര്യ മന്ത്രി ലോർഡ് താരിഖ് അഹമ്മദ്, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് എന്നിവർ ട്വിറ്ററിൽ കൂടി പങ്കുവച്ചു.