വിടവാങ്ങൽ മൽസരത്തിലും അജയ്യനായി ഉസൈൻ ബോൾട്ട്. ജന്മനാട്ടിൽ നടന്ന വിടവാങ്ങൽ മൽസരത്തിൽ 100 മീറ്ററിൽ ഒന്നാമതെത്തിയാണ് ബോൾട്ട് വേഗരാജാവ് താൻ തന്നെയെന്ന് ഒരിക്കൽക്കൂടി തെളിയിച്ചത്. 10.03 സെക്കൻഡിലാണ് ബോൾട്ട് ഓടിയെത്തിയത്.

15 വർഷം മുൻപ് 200 മീറ്ററിൽ ലോക ജൂനിയർ സ്വർണം നേടി ട്രാക്കിൽ തന്റെ വരവറിയിച്ച അതേ വേദിയിലാണ് ജന്മനാട്ടിലെ അവസാന മൽസരം ബോൾട്ട് പൂർത്തിയാക്കിയത്. ജമൈക്ക നാഷനൽ സ്റ്റേഡിയത്തിലെ ഗ്രാൻപ്രീ മൽസരവേദിയിൽ ആയിരക്കണക്കിന് പേരാണ് ബോൾട്ടിന്റെ വിടവാങ്ങൽ മൽസരം കാണാനെത്തിയത്.
മൽസരത്തിനുശേഷം ജമൈക്കയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ബോൾട്ട് ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് അഞ്ചുമുതല്‍ 13 വരെ ലണ്ടനില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പോടെ വിരമിക്കാനാണ് ബോള്‍ട്ടിന്റെ തീരുമാനം. എട്ട് ഒളിംപിക്സ് സ്വർണവും 11 ലോക ചാംപ്യൻഷിപ്പ് കിരീടം ബോൾട്ട് സ്വന്തമാക്കിയിട്ടുണ്ട്.