ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ ജയിലുകളിലേയ്ക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള ഡ്രോണുകളുടെ ഉപയോഗം ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായി മാറിയെന്നും അടിയന്തിര നടപടി വേണമെന്നും ജയിൽ ചീഫ് ഇൻസ്പെക്ടർ, ചാർളി ടെയ്‌ലർ മുന്നറിയിപ്പ് നൽകി. എച്ച്എംപി മാഞ്ചസ്റ്റർ, എച്ച്എംപി ലോംഗ് ലാർട്ടിൻ തുടങ്ങിയ സൗകര്യങ്ങൾക്ക് ചുറ്റുമുള്ള വ്യോമാതിർത്തിയുടെ നിയന്ത്രണം പോലീസിനും ജയിൽ അധികാരികൾക്കും നഷ്ടപ്പെട്ടുവെന്ന് ചാർളി ടെയ്‌ലർ പറയുന്നു. ഇതുവഴി തടവുകാരിലേയ്ക്ക് കള്ളക്കടത്ത് എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാൻ ഗുണ്ടാ സംഘങ്ങൾക്ക് സാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുകെയിലെ തീവ്രവാദികളും കൊടും കുറ്റവാളികളും ഉൾപ്പെടെ രാജ്യത്തെ ഏറ്റവും അപകടകാരികളായവരെ താമസിപ്പിച്ചിരിക്കുന്ന രണ്ട് ഉയർന്ന സുരക്ഷാ ജയിലുകളാണ് എച്ച്എംപി മാഞ്ചസ്റ്ററും എച്ച്എംപി ലോംഗ് ലാർട്ടിനും. എന്നാൽ ഈ ജയിലിൽ കള്ളക്കടത്ത് മയക്കുമരുന്ന്, ഫോണുകൾ, ആയുധങ്ങൾ എന്നിവ നിത്യ സാന്നിധ്യമാണ്. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഗുരുതര സുരക്ഷാ വീഴ്ചയും സിസിടിവി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലെ കേടുപാടുകളും കണ്ടെത്തി.
എച്ച്എംപി മാഞ്ചസ്റ്ററിൽ, ചില കുറ്റവാളികൾ പതിവ് ഡ്രോൺ ഡെലിവറികൾ ലഭിക്കുന്നതിന് വിൻഡോകളിൽ ദ്വാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് ചൂണ്ടിക്കാട്ടുന്നത്. ജയിലുകളിലേയ്ക്ക് നിരോധിത വസ്തുക്കൾ എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്ന ഗുണ്ടാ സംഘങ്ങളെ കുറിച്ചുള്ള ആശങ്കകൾ ചാർളി ടെയ്‌ലർ പ്രകടിപ്പിച്ചു. വ്യോമാതിർത്തി നിയന്ത്രിക്കുന്നതിലെ പോരായ്‌മകൾ ജീവനക്കാരുടെയും അന്തേവാസികളുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ അപകടത്തിലാക്കുമെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് കാര്യമായ ഭീഷണി ഉയർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Leave a Reply