ലണ്ടന്‍: സിനിമകളുടെയും ടിവ ഷോകളുടെയും വ്യാജപ്പതിപ്പുകള്‍ കോഡി ബോക്‌സ് ഉപയോഗിച്ച് കാണുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന നിയമം ബ്രിട്ടന്‍ പാസാക്കി. പുതിയ ഡിജിറ്റല്‍ ഇക്കോണമി ആക്റ്റിലാണ് കോഡി ബോക്‌സ് പോലുള്ള ലൈവ് സ്ട്രീമിംഗ് ഉപകരണങ്ങളിലൂടെയുള്ള പൈറസി തടയാനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പകര്‍പ്പവകാശ ലംഘനത്തിന് രണ്ട് വര്‍ഷമായിരുന്നു ഇതുവരെ ലഭിച്ചിരുന്ന പരമാവധി ശിക്ഷ. ഇത് പത്ത് വര്‍ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച രാജ്ഞിയുടെ അംഗീകാരം കൂടി ലഭിച്ചതോടെ നിയമം പ്രാബല്യത്തിലായി.
നിയമം നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണെങ്കിലും ടോറന്റ് സൈറ്റുകള്‍ തിരയുന്നതും പകര്‍പ്പവകാശ ലംഘനം നടത്തുന്നതും ഈ നിയമത്തിനു മുന്നില്‍ കുറ്റകരമാണ്. പകര്‍പ്പകാശമുള്ളവര്‍ക്ക് ഉണ്ടാകാനിടയുള്ള നഷ്ടത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശിക്ഷ നിര്‍ണ്ണയിക്കുക. സാധാരണ മട്ടില്‍ പകര്‍പ്പവകാശമുള്ള ഫയലുകള്‍ ഷെയര്‍ ചെയ്യുന്നത് പോലും ദീര്‍ഘകാലം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. കടുത്ത പിഴകളും ഇതിനൊപ്പം ലഭിക്കും. കോപ്പിറൈറ്റ് ട്രോള്‍സ് എന്ന പേരില്‍ പകര്‍പ്പവകാശ ലംഘനങ്ങള്‍ നിരീക്ഷിക്കുന്ന കമ്പനികള്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്.
ഇവര്‍ പകര്‍പ്പവകാശം ലംഘിക്കുന്നവരെ വിവരമറിയിക്കുകയും പണം അടക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യാറുള്ളത്. ഇനി മുതല്‍ കോപ്പിറൈറ്റ് ലംഘിക്കുന്നവര്‍ക്ക് നിയമനടപടിയേക്കുറിച്ചുള്ള മുന്നറിയിപ്പുകളായിരിക്കും ഇവര്‍ നല്‍കുക. കോപ്പറൈറ്റ് ലംഘിച്ചുള്ള സ്ട്രീമിംഗ് പോലും ചെറിയ കാലയളവിലേക്ക് ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പുതിയ നിയമം അനുസരിച്ച്. ഇന്റര്‍നെറ്റില്‍ മാത്രമല്ല ടിവി സ്ട്രീമിംഗ് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നവര്‍ പോലും ഈ നിരീക്ഷണത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ നിയമവിരുദ്ധമായി സിനിമകളും ടിവി ഷോകളും കാണുന്നവര്‍ വളരെ വേഗം പിടിക്കപ്പെട്ടേക്കാം.
Leave a Reply