ന്യൂസ് ഡെസ്ക്, മലയാളം യുകെ
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം ഇന്ത്യയിൽ നിന്നുള്ളവർക്കും തിരിച്ചടിയാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കുടിയേറ്റക്കാരെ വഹിച്ചു കൊണ്ടുള്ള യുഎസ് സൈനിക വിമാനം ഇന്ത്യയിലേയ്ക്ക് തിരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തത്.
യുഎസിന്റെ സൈനിക വിമാനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ നാടു കടത്തുവാൻ തീരുമാനിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ ഇന്നലെ പറഞ്ഞിരുന്നു. ട്രംപ് ഭരണകൂടം കുടിയേറ്റക്കാരെ നാടുകടത്തുന്ന ഏറ്റവും ദൂരെയുള്ള സ്ഥലമാണ് ഇന്ത്യ. യുഎസ്-മെക്സിക്കോ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ അയയ്ക്കുക, കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുക, അവരെ പാർപ്പിക്കാൻ സൈനിക താവളങ്ങൾ തുറക്കുക എന്നിവയുൾപ്പെടെ തന്റെ കുടിയേറ്റ അജണ്ട നടപ്പിലാക്കാൻ സഹായിക്കുന്നതിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈന്യത്തിൻറെ സേവനം പ്രയോജനപ്പെടുത്തുകയാണ്.
കുടിയേറ്റക്കാരുമായി വിമാനം യുഎസിൽ നിന്ന് പുറപ്പെട്ടെങ്കിലും കുറഞ്ഞത് 24 മണിക്കൂറെങ്കിലും വേണം ലക്ഷ്യസ്ഥാനത്ത് എത്താൻ. ഇതുവരെ, ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് ആണ് സൈനിക വിമാനങ്ങൾ കുടിയേറ്റക്കാരെ എത്തിച്ചത് . ആദ്യമായാണ് സൈനിക വിമാനങ്ങളിൽ ഇന്ത്യയിലേയ്ക്ക് കുടിയേറ്റക്കാരെ കയറ്റി അയക്കുന്നത്. കുടിയേറ്റക്കാരെ കൊണ്ടുപോകുന്നതിനുള്ള ചെലവേറിയ മാർഗമാണ് സൈനിക വിമാനങ്ങൾ. കഴിഞ്ഞയാഴ്ച ഗ്വാട്ടിമാലയിലേക്കുള്ള ഒരു സൈനിക നാടുകടത്തൽ വിമാനത്തിന് ഒരു കുടിയേറ്റക്കാരന് കുറഞ്ഞത് $4,675 ചിലവാകുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു .
Leave a Reply