നേപ്പാളിൽ പൊലിസ് വെടിയേറ്റ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയോട് ചേർന്ന അതിർത്തിയിൽ ആണ് സംഭവം. ഗോവിന്ദ എന്ന 26 കാരനാണ് കൊല്ലപ്പെട്ടത്. നേപ്പാൾ പൊലീസുമായുണ്ടായ വാക്കേറ്റത്തിനെ തുടർന്ന് പൊലീസ് വെടിയുതിർക്കുക ആയിരുന്നു എന്ന് ഉത്തർപ്രദേശ് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ഗോവിന്ദയോട് ഒപ്പം പപ്പു സിംഗ്, ഗുർമീത് എന്നിങ്ങനെ രണ്ടു പേർ കൂടി ഉണ്ടായിരുന്നു. വാക്കേറ്റത്തിനുള്ള കാരണം എന്തെന്ന് വ്യക്തമല്ല.
എസ് എസ് ബി യാണ് സംഭവത്തെ കുറിച്ചുള്ള വിവരം പൊലീസിന് നൽകിയത്. ഇന്ത്യയിൽ നിന്നു പോയ മൂന്ന് യുവാക്കളും നേപ്പാൾ പൊലീസുമായി പ്രശ്നം ഉണ്ടാവുകയും തുടർന്ന് നടന്ന സംഘട്ടനത്തിൽ ഒരാൾ പൊലീസ് വെടിയേറ്റ് മരിച്ചെന്നും ഉള്ള വിവരമാണ് ലഭിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഒരാൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നും മറ്റൊരാളെക്കുറിച്ച് വിവരം ലഭിച്ചില്ലെന്നും പറയുന്നു.
ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ആളെ കണ്ടെത്തി എന്താണ് സംഭവിച്ചത് എന്നു അന്വേഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിർത്തിയിൽ യാതൊരു തരത്തിലും ഉള്ള ക്രമസമാധാന പ്രശ്നങ്ങളും നിലവിൽ ഇല്ലെന്നും പിലിഭിട്ട് ജില്ലാ പൊലീസ് മേധാവി ജയ് പ്രകാശ് അറിയിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് അതിർത്തി മേഖലയിലെ സുരക്ഷ ജീവനക്കാരോട് കൂടുതൽ ജാഗ്രതയോടെ ഇരിക്കാനുള്ള നിർദേശം പൊലീസ് നൽകിയിട്ടുണ്ട്.
നികുതി വെട്ടിച്ച് വലിയ രീതിയിൽ നേപ്പാളിൽ നിന്നും ഇന്ത്യയിലേക്ക് പല തരത്തിലുള്ള ചരക്ക് കടത്തുന്നുണ്ട്. ഇന്ധനം ഉൾപ്പടെ കുറഞ്ഞ വിലയിൽ നേപ്പാളിൽ ലഭിക്കുന്നതിനാൽ വലിയ ലാഭമാണ് ഇന്ത്യയിലേക്ക് സാധനങ്ങൾ കടത്തുന്ന സംഘങ്ങൾക്ക് ലഭിക്കുന്നത്. അടുത്തിടെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 8 ലക്ഷം രൂപയുടെ ജാക്കറ്റും 1 കോടി രൂപയുടെ സൗന്ദര്യ വർദ്ധക വസ്തുക്കളും അതിർത്തിയിൽ വച്ച് എസ്എസ്ബി പിടിച്ചെടുത്തിരുന്നു. ചമ്പവതി ജില്ലയുടെ അതിർത്തിയോട് ചേർന്നായിരുന്നു ഇത്.
ഇന്ത്യയിൽ പെട്രോൾ ഡീസൽ വില കുതിച്ച് ഉയർന്നതോടെ ഇവയുടെ കടത്തും വ്യാപകമായി. ഒരു ലിറ്റർ പെട്രോളിൽ മുപ്പത് രൂപയോളം ലാഭമാണ് കടത്തുകാർക്ക് ലഭിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള കടത്തുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണോ വെടവെയ്പ്പിൽ കലാശിച്ചതെന്ന കാര്യം വ്യക്തല്ല.
Leave a Reply