ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമമായ കുംഭമേളയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ക്ഷണിക്കാന്‍ യുപി മന്ത്രി ഡോ. നീല്‍കണ്ഠ് തിവാരി. കുംഭമേളയുടെ ഒരുക്കങ്ങള്‍ പ്രയാഗ് രാജ് നഗരിയില്‍ പൂര്‍ത്തിയായതായി കായിക യുവജനക്ഷേമ മന്ത്രിയായ തിവാരി തിരുവനന്തപുരത്ത് അറിയിച്ചു.

കുംഭമേളയിലേക്കും ജനുവരി 21 മുതല്‍ 23 വരെ വരാണസിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലേക്കും മുഖ്യമന്ത്രിയെയും ഗവര്‍ണര്‍ പി സദാശിവത്തെയും ക്ഷണിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാിയിരുന്നു മന്ത്രി. കുംഭമേളയില്‍ കേരളവുമായി സാംസ്‌കാരിക വിനിമയ പരിപാടികള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഇതിനായി കേരള ടൂറിസം വകുപ്പിന്റെ പങ്കാളിത്തവും അപേക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും വിശ്വാസികളും വിനോദ സഞ്ചാരികളും എത്തുന്ന കുംഭമേള ജനുവരി 15ന് പ്രയാഗ് രാജിലെ ത്രിവേണി സ്‌നാനഘട്ടങ്ങളിലാണ് ആരംഭിക്കുന്നത്.

ജനുവരി 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുംഭമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 192 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇക്കുറി കുംഭമേളയില്‍ പങ്കെടുക്കുക. 71 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തീര്‍ത്ഥാടനത്തിന് മുന്നോടിയായി കൊടികള്‍ ഉയര്‍ത്തിയിട്ടുണ്ട്. കുംഭമേളയ്ക്കായി പ്രയാഗ് രാജില്‍ 250 കിലോമീറ്റര്‍ റോഡുകളും 22 പാലങ്ങളും നിര്‍മ്മിച്ച് വലിയൊരു നഗരം തന്നെ സജ്ജമാക്കിയിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെ ഇവിടെ എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും തിവാരി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തീര്‍ത്ഥാടനത്തിനൊപ്പം സന്ദര്‍ശകര്‍ക്കായി സാംസ്‌കാരിക വിനോദ പരിപാടികളും ഭക്ഷ്യോല്‍സവങ്ങളും ടൂറിസം വാക്കും ഒരുക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് താമസത്തിനും ഭക്ഷണത്തിനും വിവിധ നിലവാരത്തിലുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 1,22,000 ശൗചാലയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുംഭമേള അടുക്കും ചിട്ടയോടും നടത്താനായി 116 കോടി രൂപ മുടക്കിയാണ് കണ്‍ട്രോള്‍ ആന്‍ഡ് കമാന്റ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. 1400 സിസിടിവികളുടെ നിരീക്ഷണത്തിലായിരിക്കും കുംഭനഗരി.

പ്രവാസ് ദിവസ് ജനുവരി 22ന് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക. നോര്‍വെ പാര്‍ലമെന്റ് അംഗം ഹിമാന്‍ഷു ഗുലാത്തി, ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് അംഗം കന്‍വാല്‍ജിത് സിംഗ് ബക്ഷി, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നൗത്ത എന്നിവര്‍ പങ്കെടുക്കും. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, സഹമന്ത്രി വികെ സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.

23ലെ സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. പുരസ്‌കാര നിര്‍ണയ സമിതിയില്‍ മലയാളി വ്യവസായി എം എ യൂസഫലിയും അംഗമാണ്. സമ്മേളനത്തിനായി പ്രത്യേക പ്രവാസി ഗ്രാമമാണ് ഒരുക്കിയിരിക്കുന്നത്. പ്രവാസികളെ ഡല്‍ഹിയില്‍ നിന്നും വരാണസിയിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.