സജീഷ് ടോം.
(യുക്മ നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

യുക്മയുടെ പുത്തന്‍ പ്രവര്‍ത്തന വര്‍ഷത്തിലെ ആദ്യ പൊതുപരിപാടിക്ക് ബര്‍മിംഗ്ഹാം വേദിയൊരുക്കുന്നു. യുക്മ ദേശീയ നേതൃത്വ സമ്മേളനവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരിയും നാളെ, മെയ് 11 ശനിയാഴ്ച നടക്കും. യുക്മ ദേശീയ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ റീജിയണല്‍ ഭാരവാഹികളും യുക്മയുടെ പോഷക വിഭാഗങ്ങളുടെ ദേശീയതല പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കുമെന്ന് ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുക്മ നേതാക്കള്‍ക്ക് വന്നെത്താനുള്ള സൗകര്യം കണക്കിലെടുത്താണ് ബര്‍മിംഗ്ഹാം സമ്മേളന വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് സെഷനുകളായാണ് നേതൃത്വ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന സമ്മേളനം യുക്മയുടെ 2019 ലെ ദര്‍ശനങ്ങളും ആഭിമുഖ്യങ്ങളും ചര്‍ച്ച ചെയ്യും. യുക്മ കഴിഞ്ഞ വര്‍ഷം യുവജനങ്ങള്‍ക്കായി തുടങ്ങിവച്ച ‘യുക്മ യൂത്ത്’ കൂടുതല്‍ കാര്യക്ഷമം ആക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യ സെഷനില്‍ നടക്കും. പൊതുരംഗങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും പരിശീലനവും നല്‍കുകയെന്ന ലക്ഷ്യം കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ട് പുനര്‍രൂപീകരിച്ച ‘യുക്മ വിമന്‍ & യൂത്ത്’ വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള ഒരു വേദികൂടിയാകും ദേശീയ നേതൃത്വ സമ്മേളനം.

ഇതിനകംതന്നെ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞ ‘യുക്മ സാന്ത്വനം’ പദ്ധതിയുടെ അവലോകനവും, കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പിലാക്കുവാനുള്ള ചര്‍ച്ചകളും, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും യോഗത്തില്‍ നടക്കും. യുക്മ അംഗ അസ്സോസിയേഷനുകള്‍ക്കും യുക്മ റീജിയനുകള്‍ക്കും ഒരു നിശ്ചിത തുക ലഭിക്കത്തക്കവിധം തയ്യാറാക്കി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയ യു – ഗ്രാന്റ് ലോട്ടറിയുടെ 2019 ലെ ലോഞ്ചിങ്ങും ദേശീയ നേതൃത്വ സമ്മേളനത്തില്‍ നടക്കുന്നതായിരിക്കും.

യുക്മയുടെ അടിസ്ഥാന ഘടകങ്ങളായ അംഗ അസ്സോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെടുന്ന റീജിയണല്‍ ഭാരവാഹികളെ മുഴുവന്‍ പങ്കെടുപ്പിക്കുകവഴി, ദേശീയ തലത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും കൂടുതല്‍ വേഗത്തില്‍ അംഗങ്ങളിലേക്കെത്തിക്കുവാന്‍ കഴിയുന്നു എന്നതാണ് നേതൃത്വ സമ്മേളനത്തിന്റെ പ്രധാന സവിശേഷതയെന്ന് യോഗത്തിന്റെ തയ്യാറെടുപ്പുകള്‍ വിശദീകരിച്ചുകൊണ്ട് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘യുക്മ ടൂറിസം ക്ലബ്’ന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതും ഏകോപിപ്പിക്കുന്നതുമായ ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും രാവിലത്തെ സെഷനില്‍ അവസരമുണ്ടായിരിക്കും. അതോടൊപ്പം തന്നെ ‘യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍’ കാര്യക്ഷമം ആക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും.

ഉച്ചഭക്ഷണത്തിന് ശേഷം രണ്ടു മണിമുതല്‍ നാല് മണിവരെ നടക്കുന്ന രണ്ടാമത്തെ സെഷനില്‍ യുക്മ പോഷക വിഭാഗങ്ങളുടെ വിവിധ ഗ്രൂപ്പുകളായുള്ള യോഗങ്ങളും പരിശീലന കളരികളും ചര്‍ച്ചാ ക്ലാസ്സുകളും നടക്കും. യുക്മ നേഴ്സസ് ഫോറം ഓര്‍ഗനൈസിംഗ് കമ്മറ്റി യോഗം നേഴ്സസ് ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കും. യുക്മയുടെ നിരവധി ജനകീയ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള യുക്മ സാംസ്‌ക്കാരിക വേദിയുടെ ആലോചനായോഗമാണ് പ്രധാനപ്പെട്ട മറ്റൊന്ന്.

സോഷ്യല്‍ മീഡിയഗുണകരമായി കൈകാര്യം ചെയ്യുന്നതിന് സഹായകരമാകുന്ന ചര്‍ച്ചാക്ലാസ്സ്, യുക്മന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡിന്റെയും ന്യൂസ് ടീമിന്റെയും സംയുക്ത യോഗം, ‘ജ്വാല’ ഇ-മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മീറ്റിംഗ് തുടങ്ങിയവയും ദേശീയ നേതൃത്വ സമ്മേളനത്തിന്റെ സവിശേഷതകളായിരിക്കും. പരിപാടികള്‍ക്ക് യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, എബി സെബാസ്റ്റിയന്‍, ലിറ്റി ജിജോ, സാജന്‍ സത്യന്‍, സെലീന സജീവ്, ടിറ്റോ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഏതെങ്കിലും കാരണത്താല്‍ വ്യക്തിപരമായ ക്ഷണം ലഭിച്ചിട്ടില്ലെങ്കില്‍ പോലും, തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ദേശീയ – റീജിയണല്‍ ഭാരവാഹികളും, പുതുതായി രൂപീകരിക്കപ്പെട്ട യുക്മ പോഷക സംഘടനകളുടെ പ്രവര്‍ത്തകരും ദേശീയ നേതൃയോഗത്തില്‍ എത്തിച്ചേരണമെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അഭ്യര്‍ത്ഥിക്കുന്നു. യുക്മയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ നേതൃയോഗം കൂടുതല്‍ കരുത്തേകുമെന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സമാന രീതിയിലുള്ള ദേശീയ നേതൃയോഗങ്ങള്‍ കൂടുകയെന്ന ലക്ഷ്യമാണ് യുക്മ നേതൃത്വത്തിനുള്ളത്. യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം താഴെ കൊടുക്കുന്നു: –

The Royal Hotel,
Ablewell Street, Walsall,
West Midlands – WS1 2EL