സജീഷ് ടോം
യുക്മ ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് ഫെബ്രുവരി ഒന്ന് ശനിയാഴ്ച സംഘടിപ്പിക്കുന്ന വിപുലമായ സാംസ്ക്കാരിക സംഗമം “യുക്മ ആദരസന്ധ്യ 2020” വേദിയിൽ, യുക്മ ദേശീയ – റീജിയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം അവതരിപ്പിച്ചിരിക്കുന്ന മൂന്നാമത് യു-ഗ്രാന്‍റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടക്കുന്നു.
പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാന്‍ഡ് ന്യൂ Peugeot 108 കാര്‍ സമ്മാനമായി നേടാന്‍ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാന്‍റ് 2019 ന്റെ മുഖ്യ ആകര്‍ഷണം. കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്ന വിജയിക്ക് ഇരുപത്തിനാല് ഗ്രാമിന്റെ സ്വര്‍ണ നാണയങ്ങളും, മൂന്നാം സമ്മാനാര്‍ഹന് പതിനാറ് ഗ്രാമിന്റെ സ്വര്‍ണ്ണ നാണയങ്ങളും നല്‍കപ്പെടുന്നു.
ഒരു പവന്‍ വീതം തൂക്കം വരുന്ന പതിനാറ് സ്വര്‍ണ്ണ നാണയങ്ങള്‍ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മയുടെ ഓരോ റീജിയണുകള്‍ക്കും രണ്ട് വീതം സ്വര്‍ണ്ണ നാണയങ്ങള്‍ ഉറപ്പായും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോര്‍ട്ട്ഗേജ് സര്‍വീസസ് ആണ് യുക്മ യു- ഗ്രാന്‍റ് 2919 ന്റെ സമ്മാനങ്ങള്‍ എല്ലാം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
യു കെ മലയാളികള്‍ക്കിടയില്‍ മറ്റൊരു വലിയ ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാന്‍റ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. 2017 ല്‍ ഷെഫീല്‍ഡില്‍ നിന്നുമുള്ള സിബി മാനുവല്‍ ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാന്‍ഡ് ന്യൂ വോള്‍ക്സ്‌വാഗണ്‍ പോളോ കാര്‍ സമ്മാനമായി നേടിയത്. 2018 ല്‍ ബര്‍മിംഗ്ഹാം നിവാസിയായ സി.എസ് മിത്രന്‍ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാര്‍ സ്വന്തമാക്കി. ഈ വര്‍ഷത്തെ ബ്രാന്‍ഡ് ന്യൂ Peugeot 108 കാര്‍ സമ്മാനമായി നേടുന്ന ഭാഗ്യശാലി ആരെന്നറിയാന്‍ ഫെബ്രുവരി ഒന്നുവരെ കാത്തിരുന്നാല്‍ മതിയാകും.
യു- ഗ്രാന്‍റ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന റീജിയണും, അസോസിയേഷനും പ്രോത്സാഹനമായി പ്രത്യേക ക്യാഷ് അവാര്‍ഡുകള്‍ ഉണ്ടായിരിക്കുന്നതാണ്.
സമ്മാനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് യു-ഗ്രാന്റ് നറുക്കെടുപ്പിന് ഈ വര്‍ഷം കൂടുതല്‍ ആവേശകരമായ പ്രതികരണമുണ്ടാക്കിയിട്ടുണ്ട്. നറുക്കെടുപ്പ് നീട്ടിവച്ച സാഹചര്യത്തില്‍, പല റീജിയണുകളുടെയും അംഗ അസ്സോസിയേഷനുകളുടെയും അഭ്യര്‍ത്ഥന പരിഗണിച്ച്, നിബന്ധനകള്‍ക്ക് വിധേയമായി, ടിക്കറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള (07960357679), ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് (07985641921) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
“യുക്മ ആദരസന്ധ്യ 2020″ല്‍ വച്ച് ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന്‍ കേരളൈറ്റ്സ്ന്റെ ടോണി അലോഷ്യസ് എന്നിവര്‍ക്ക് യുക്മ ദേശീയ കമ്മറ്റി സ്വീകരണം നല്‍കുന്നതാണ്. ലോക മലയാളി സമൂഹങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ ഏതാനും വ്യക്തികളെയും കൂടി ആദരിക്കുന്നതിന് യുക്മ ലക്ഷ്യമിടുന്നുണ്ട്. യുക്മയുടെ അംഗ അസോസിയേഷന്‍ ഭാരവാഹികള്‍, യുക്മ പ്രതിനിധികള്‍, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്ക്, അത്തരത്തില്‍ ആദരിക്കപ്പെടുന്നതിന് അര്‍ഹതയുണ്ടെന്ന് ബോധ്യമുള്ളവരുടെ വിശദവിവരങ്ങള്‍ നല്‍കാവുന്നതാണ്. യുക്മ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സബ് കമ്മറ്റി ഇത് സംബന്ധിച്ച അന്തിമമായ തീരുമാനം കൈക്കൊള്ളുന്നതായിരിക്കും. ആദരിക്കപ്പെടേണ്ടവരുടെ വിവരങ്ങള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ജനുവരി 10 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി അയക്കേണ്ടതാണ്.
Leave a Reply