യുക്മയുടെ പ്രബല റീജിയനുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയന് പുതിയ ഭരണസമിതി നിലവില്‍ വന്നു. 2019 മാര്‍ച്ച് 2-ാം തീയതി ബാസില്‍ഡണ്‍ ദി ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ നടന്ന പൊതുയോഗമാണ് പുതിയ നേതൃത്വ നിരയെ തിരഞ്ഞെടുത്തത്. ഉച്ചകഴിഞ്ഞു 12.30ന് റീജിയന്‍ പ്രസിഡന്റ് ബാബു മങ്കുഴിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജോജോ തെരുവന്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ യുക്മയെ ജീവന് തുല്യം സ്‌നേഹിച്ച മുന്‍ പ്രസിഡണ്ട് രഞ്ജിത്കുമാറിനെ സ്മരിച്ചതും അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി വേദിയില്‍ ഒരു ഇരിപ്പിടം ഒഴിച്ചിട്ടത് പരാമര്‍ശിച്ചതും ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ എത്രമാത്രം രഞ്ജിത്കുമാറിനെ സ്‌നേഹിക്കുന്നു എന്നതിന് തെളിവായി. ബാബു മങ്കുഴിയില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രസിഡണ്ട് ആയിരുന്ന രഞ്ജിത് കുമാറിന്റെ മരണത്തെ തുടര്‍ന്ന് താന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് വന്ന കാര്യം സൂചിപ്പിക്കുകയും രഞ്ജിത് കുമാറിന്റെ യുക്മയോടുള്ള സ്‌നേഹവും എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോയ പ്രവര്‍ത്തന രീതിയുമാണ് താനും പിന്തുടരാന്‍ ശ്രമിച്ചതെന്നും സൂചിപ്പിച്ചു.
പിന്നീട് കഴിഞ്ഞ ദിവസം അമ്പതാം ജന്മദിനംആഘോഷിച്ച ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ നേതാക്കളില്‍ പ്രധാനിയും യുക്മ മുന്‍ നാഷണല്‍ പ്രസിഡന്റും ആയിരുന്ന അസിച്ചേട്ടന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ഫ്രാന്‍സിസ് കവളക്കാട്ടിലിനോടുള്ള സ്‌നേഹസൂചകമായി കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു. സെക്രട്ടറി ജോജോ തെരുവന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മറ്റിയുടെ ശ്രദ്ധയില്‍ പെടുത്തേണ്ട ചില കാര്യങ്ങള്‍ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടത് അടുത്ത കമ്മറ്റി പരിഗണിക്കും എന്ന തീരുമാനത്തോടെ ഏകകണ്ഠമായി റിപ്പോര്‍ട്ട് പാസാക്കപ്പെട്ടു.
ട്രഷറര്‍ ഷാജി വറുഗീസ് അവതരിപ്പിച്ച വരവ് ചിലവു കണക്കുകളുടെ റിപ്പോര്‍ട്ട് സഭ ഏകകണ്ഠമായി പാസാക്കി. ഈസ്റ്റ് ആംഗ്ലിയായുടെ മുന്‍ ജോയിന്റ് സെക്രട്ടറി ജിജി നട്ടാശ്ശേരിയേയും ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ പ്രതിനിധി ജെയിംസ് ജോസഫിനെയും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ വരണാധികാരികളായി തിരഞ്ഞെടുത്തു.
ഷാജി വര്‍ഗീസിന്റെ നന്ദി പ്രകാശനത്തിന് ശേഷം നിലവിലെ കമ്മറ്റിയെ പിരിച്ചുവിട്ടതായി അറിയിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിലേക്ക് യോഗം കടന്നു.
ജിജി നട്ടാശ്ശേരിയും ജെയിംസ് ജോസഫ് വരണാധികാരികളായ യോഗം പ്രസിഡന്റായി ബാബു മങ്കുഴിയിലിനേയും (ഇപ്സ് വിച്ച് മലയാളി അസോസിയേഷന്‍) സെക്രട്ടറി ആയി സിബി ജോസഫ് (ബാസില്‍ഡണ്‍ മലയാളീ അസോസിയേഷന്‍), ട്രഷറര്‍ ആയി അജു ജേക്കബ് (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍വിച്ച്) എന്നിവരെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി താഴെപ്പറയുന്നവരെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.
സോണി ജോര്‍ജ്ജ് (കേംബ്രിഡ്ജ്) വൈസ് പ്രസിഡന്റ്, ബിജീഷ് ചാത്തോത് (ലുട്ടന്‍) ജോയിന്റ് സെക്രട്ടറി, മനോജ് ജോസഫ് (ഹണ്ടിങ്ടണ്‍) ജോയിന്റ് ട്രഷറര്‍, സിനേഷ് ഗോപുരത്തിങ്കല്‍ (നോര്‍വിച്ച്) ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍, സാജന്‍ മാത്യു പടിക്കമാലില്‍ ( ഈസ്റ്റ് ലണ്ടന്‍) സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍, ജെയ്‌സണ്‍ ചാക്കോച്ചന്‍ (സൗത്ത് എന്‍ഡ്) ചാരിറ്റി കോര്‍ഡിനേറ്റര്‍, ജിനീഷ് ലൂക്ക (ഇപ്സ്‌വിച്ച് മലയാളി അസോസിയേഷന്‍) യൂത്ത് കോര്‍ഡിനേറ്റര്‍, റജി നന്തികാട്ട് (എന്‍ഫീല്‍ഡ്) പി.ആര്‍.ഒ.
യുക്മയുടെ നാഷണല്‍ കമ്മറ്റി മെമ്പര്‍ സ്ഥാനത്തേക്ക് ജോജോ തെരുവന്റ പേരും എബ്രഹാം ജോസ് പൊന്നുംപുരയിടത്തിന്റെ പേരും പൊതുയോഗത്തില്‍ നിര്‍ദേശിച്ചത് കൊണ്ട് ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുക്കുന്നതിന് യോഗം തീരുമാനിച്ചു. വോട്ടിംഗില്‍ ജോജോ തെരുവന്‍ നാഷ്ണല്‍ കമ്മറ്റി മെമ്പര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ വളര്‍ച്ചയില്‍ കഴിഞ്ഞ പത്തു വര്‍ഷവും മുന്നില്‍ നിന്ന് നയിച്ച കുഞ്ഞുമോന്‍ ജോബിന്റെ അനുഭവ പരിചയം പുതിയ കമ്മിറ്റിക്കും പ്രയോജനപ്പെടുവാന്‍ അദ്ദേഹത്തെ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ രക്ഷാധികാരിയാക്കാന്‍ തീരുമാനിച്ചു. പ്രസിഡണ്ട് ആയി തിരഞ്ഞെടുത്ത ബാബു മങ്കുഴിയില്‍ നല്ലൊരു സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനും ആണ്. ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡണ്ട് ആയിരുന്ന രഞ്ജിത്കുമാറിന്റെ മരണത്തെ തുടര്‍ന്ന് ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡന്റ് ആയിരുന്നു കഴിഞ്ഞ കമ്മറ്റിയില്‍.
സെക്രട്ടറി സിബി ജോസഫ് ഇടുക്കി ജില്ലാ സ്വദേശിയാണ്. രാഷ്ട്രീയത്തിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന സിബി ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡണ്ട് ആയിരുന്നു. സിബി നേതൃത്വം കൊടുത്ത കമ്മറ്റിയുടെ കാലത്ത് ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേളയില്‍ ചാമ്പ്യന്‍ പട്ടവും നാഷണല്‍ കലാമേളയില്‍ ബെസ്‌ററ് അസോസിയേഷന്‍ പട്ടവും നേടുകയുണ്ടായി.
ട്രഷറര്‍ ആയി തെരഞ്ഞെടുത്ത അജു ജേക്കബ് നോര്‍വിച്ച് മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും സര്‍വോപരി ഒരു സാമൂഹ്യ പ്രവര്‍ത്തകനുമാണ്. കഴിഞ്ഞ യുക്മ കലോത്സവങ്ങളില്‍ തുടര്‍ച്ചയായി സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യുന്നതില്‍ മികവുറ്റ അദ്ദേഹത്തിന്റെ A J Catering ഏവര്‍ക്കും സുപരിചിതമാണ്. തികച്ചും മാന്യവും അച്ചടക്കത്തോടെയും നടന്ന പൊതുയോഗവും തിരഞ്ഞെടുപ്പ് പ്രക്രിയകളും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ഒത്തൊരുമയുടെയും ഐക്യത്തിന്റെയും തെളിവായിരുന്നു.
Leave a Reply