യു കെ മലയാളികളുടെ ആവേശമായ യുക്മ നാഷണല്‍ കലാമേളക്ക് കൊടിയിറങ്ങുമ്പോള്‍ ആദ്യ മായി യുക്മ കലാമേളയില്‍ മാറ്റുരച്ച ശ്രദ്ധ വിവേക് ഉണ്ണിത്താന്‍ യുക്മ കലാതിലകമായി. സംഗീത യു കെ യുക്മ സൗത്ത് ഈസ്റ്റ് റീജിയനില്‍ നിന്നുള്ള ഈ 7 വയസ്സുകാരി മികവാര്‍ന്ന പ്രകടനവുമായി സിനിമാറ്റിക് ഡാന്‍സ്, സോങ്, ഫാന്‍സിഡ്രസ് എന്നീ മൂന്നു വ്യത്യസ്ത ഇനങ്ങളിലായി 11 പോയന്റ് നേടിയാണ് കലാതിലകപട്ടം നേടിയത്. യോര്‍ക്ക് ഷെയര്‍ ആന്റ് ഹംബറില്‍ നിന്നുള്ള സാന്‍ തോമസ് ജോര്‍ജ്ജ്, ഹരികുമാര്‍ നായര്‍ എന്നിവര്‍ തത്തുല്യ പോയന്റുകളോടെ കലാപ്രതിഭ പട്ടം കരസ്ഥമാക്കി.

കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ 68 പോയന്റുകളോടെ ചാമ്പ്യന്‍ അസ്സോസിയേഷനായപ്പോള്‍, ഷെഫീല്‍ഡ് മലയാളി അസോസിയേഷന്‍, മുന്‍ വര്‍ഷത്തെ ചാമ്പ്യന്മാരായ മിഡ്‌ലാന്‍ഡ്‌സിലെ ബി സി എം സി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 മുന്‍ വര്‍ഷത്തെ ചാമ്പ്യന്മാരായ യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ റീജിയന്‍ കിരീടം മൂന്നാമതും നിലനിര്‍ത്തിയപ്പോള്‍ സൗത്ത് വെസ്റ്റ് റീജിയന്‍, യോര്‍ക്ക് ഷെയര്‍ റീജിയന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മത്സരിച്ച മൂന്നിനങ്ങളിലും സമ്മാനങ്ങള്‍ നേടി ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ നിന്നുള്ള ആന്‍ മേരി ജോജോ നാട്യ മയൂരം അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു.

അഞ്ചു വേദികളിലായി സൗത്ത് ഈസ്റ്റ് റീജിയണിലെ ഹെയര്‍ഫീല്‍ഡ് അക്കാദമിയില്‍ അരങ്ങൊരുക്കിയ ദേശീയ കലാമേളക്ക് ഇക്കുറിയും ഒഴുകിയെത്തിയത് അയ്യായിരത്തോളം പേര്‍. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികളുടെ സൗഹൃദ കൂടിക്കാഴ്ച്ചകളുടെ വേദി കൂടിയായി ഹെയര്‍ഫീല്‍ഡ് അക്കാഡമി.