യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സാഹിത്യമത്സരങ്ങള്‍ക്ക് യുകെ മലയാളികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുക്മ കലാമേളകളുടെ തിരക്കില്‍പ്പെട്ടതിനാല്‍ നിരവധി ആളുകള്‍ രചനകള്‍ അയച്ചുതരുവാനുള്ള സമയക്കുറവു സൂചിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ രചനകള്‍ സ്വീകരിക്കുവാനുള്ള അവസാന തീയതി നവംബര്‍ മുപ്പതിലേക്കു നീട്ടുവാനും യുക്മ സാംസ്‌കാരിക വേദി കമ്മിറ്റി തീരുമാനിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തി എല്ലാവരും നവംബര്‍ മുപ്പതിന് മുമ്പായി രചനകള്‍ അയച്ചു തരണമെന്ന് യുക്മ സാംസ്‌കാരിക വേദി കമ്മിറ്റി അഭ്യര്‍ത്ഥിക്കുകയാണ്.

ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുക. സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തിലെ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വേര്‍തിരിച്ചുള്ള മത്സരങ്ങള്‍ നടത്തുന്നതാണ്. സീനിയര്‍ വിഭാഗത്തില്‍ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തില്‍ മാത്രമുള്ള രചനകളാണ് സമര്‍പ്പിക്കേണ്ടത്. 01/11/2017 നു പത്തു വയസ്സില്‍ താഴെയുള്ളവരെ സബ്ജൂനിയറായും, പത്തു മുതല്‍ പത്തൊന്‍പതു വയസ്സില്‍ താഴെയുള്ളവരെ ജൂനിയറായും പത്തൊന്‍പതു വയസ്സും അതിനു മുകളിലുള്ളവരെ സീനിയര്‍ വിഭാഗവുമായാണ് പരിഗണിക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് ഒന്നോ അതിലധികമോ ഇനങ്ങളില്‍ പങ്കെടുക്കാം. എന്നാല്‍ ഒരാള്‍ ഒരിനത്തില്‍ ഒരു രചന മാത്രമേ സമര്‍പ്പിക്കാവൂ.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളര്‍ന്നു വരുന്ന കൊച്ചു കുട്ടികളില്‍ അന്തര്‍ലീനമായിട്ടുള്ള സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്ജൂനിയര്‍ വിഭാഗത്തിലും മത്സരങ്ങള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. സബ്ജൂനിയര്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളില്‍ ലേഖനം, കഥ, കവിത എന്നിവ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി നല്‍കാവുന്നതാണ്. എല്ലാ വിഭാഗത്തിലുമുള്ള വിജയികള്‍ക്കു സമ്മാനങ്ങള്‍ യുക്മയോ യുക്മ സാംസ്‌കാരിക വേദിയോ സംഘടിപ്പിക്കുന്ന പ്രൗഢോജ്വലമായ സമ്മേളന വേദിയില്‍ വെച്ച് നല്‍കുന്നതാണ്.

ലേഖന വിഷയം – ജൂനിയേര്‍സ്
Social Media – A Necessary Evil
(സാമൂഹ്യമാധ്യമം – ഒരു അനിവാര്യ തിന്മ)

ലേഖന വിഷയം സീനിയേര്‍സ്
Roots of Modern Expatriate Keralites – An Introspection
(ആധുനിക പ്രവാസി മലയാളിയുടെ വേരുകള്‍, ഒരു പുനരന്വേഷണം)

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഥ, കവിത എന്നീ മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്ന ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലുള്ളവര്‍ക്കും അനുയോജ്യമായ വിഷയങ്ങള്‍ യഥേഷ്ടം തെരെഞ്ഞെടുത്ത് രചനകള്‍ നല്‍കാവുന്നതാണ്. കഥയും ലേഖനവും മൂന്ന് പേജില്‍ കുറയാത്തതും അഞ്ചു പേജില്‍ കവിയാത്തതും ആയിരിക്കണം. കവിത പന്ത്രണ്ടു വരിയില്‍ കുറയാത്തതും ഇരുപത്തിനാലു വരിയില്‍ അധികമാകാതെയുമിരിക്കണം. എല്ലാ മത്സര ഇനങ്ങളിലുമുള്ള രചനകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചവയാകരുത്. രചനകള്‍ ടൈപ്പ് ചെയ്‌തോ വ്യക്തമായി പേപ്പറില്‍ എഴുതി സ്‌കാന്‍ ചെയ്‌തോ ഇമെയില്‍ ആയി അയച്ചു തരേണ്ടതാണ്. രചനയുടെ ഒരു ഭാഗത്തും രചയിതാവിന്റെ പേരോ ഫോണ്‍ നമ്പറോ മേല്‍വിലാസമോ എഴുതാന്‍ പാടില്ല. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ അവരുടെ പേര്, വയസ്സ്, ഫോണ്‍ നമ്പര്‍, വിലാസം, ഇമെയില്‍, സബ്ജൂനിയര്‍/ജൂനിയര്‍/സീനിയര്‍ എന്നീ വിവരങ്ങള്‍ പ്രത്യേകമായി ടൈപ്പ് ചെയ്‌തോ, വ്യക്തമായി എഴുതിയോ ഒരു കവര്‍ പേജായി നിര്‍ബന്ധമായും അയക്കേണ്ടതാണ്. എല്ലാ വിഭാഗങ്ങളിലുമുള്ള മത്സര ഇനങ്ങളിലെ രചനകള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ 30/11/2017 നു മുമ്പായി ലഭിച്ചിരിക്കേണ്ടതാണ്. നിഷ്പക്ഷരും പ്രഗത്ഭരുമായ വിധികര്‍ത്താക്കള്‍ നടത്തുന്ന വിധി നിര്‍ണ്ണയം അന്തിമമായിരിക്കും.

സാഹിത്യമത്സരങ്ങള്‍ക്കു അയക്കുന്ന രചനകളില്‍ നിന്നും സമ്മാനാര്‍ഹമായവയും അനുയോജ്യമായവയും യുക്മ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കുവാനുള്ള അവകാശം യുക്മ സാംസ്‌കാരിക വേദിയില്‍ നിക്ഷിപ്തമാണ്. യുക്മ സാഹിത്യവിഭാഗം സാരഥികളായ ജേക്കബ് കോയിപ്പള്ളി , മാത്യു ഡൊമിനിക്., കുര്യന്‍ ജോര്‍ജ്, ആശ മാത്യു, അനസുദ്ദീന്‍ അസീസ് എന്നിവര്‍ സാഹിത്യമത്സരങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതാണ്.

യുകെയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ എന്നിവരുടെ ഇടയിലെ നൈസര്‍ഗികമായ സാഹിത്യാഭിരുചികളും സര്‍ഗ്ഗാത്മകതയുമുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുവാനുള്ള ഉദ്ദേശത്തോടെ യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങളില്‍ എല്ലാവരും സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും ഈ സംരംഭം വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, സാംസ്‌കാരിക വേദി കോഓര്‍ഡിനേറ്റര്‍ തമ്പി ജോസ്, വൈസ് ചെയര്‍മാന്‍ സി എ ജോസഫ് , ജനറല്‍ കണ്‍വീനര്‍മാരായ മനോജ്കുമാര്‍ പിള്ള, ഡോ. സിബി വേകത്താനം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് മനോജ്കുമാര്‍ പിള്ള (07960357679), ഡോ. സിബി വേകത്താനം (07903748605), ജേക്കബ് കോയിപ്പള്ളി (07402935193), മാത്യു ഡൊമിനിക് (07780927397), കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെയോ മറ്റു യുക്മ സാംസ്‌കാരിക വേദി ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.