സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു കെ കായിക പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന യുക്മ ദേശീയ കായികമേള മാറ്റിവച്ചതായി സംഘാടകസമിതി അറിയിക്കുന്നു. ദേശീയ കായികമേള പ്രഖ്യാപിച്ചിരിക്കുന്ന ഈ ശനിയാഴ്ച കനത്ത മഴയാണ് ബിർമിംഗ്ഹാമിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ പ്രവചനങ്ങളിൽ രേഖപ്പെടുത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേരുന്ന കായിക താരങ്ങൾക്കും സംഘാടകർക്കും മത്സരങ്ങൾ നടക്കാതെ പോകുന്ന സാഹചര്യം ചിന്തിക്കാൻ കൂടി ആകുന്നതല്ല. ആ സാഹചര്യത്തിലാണ് ദേശീയ മേള മാറ്റിവക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ കായികമേള ജനറൽ കൺവീനർ ടിറ്റോ തോമസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
മധ്യവേനൽ അവധി ആരംഭിക്കുന്ന ജൂലൈ പകുതിക്ക് മുൻപായി ദേശീയ കായികമേള പുനർ ക്രമീകരിക്കുന്നതായിരിക്കും. ദേശീയ മേളയുടെ പുതുക്കിയ തീയതിയും സ്ഥലവും ഏതാനും ദിവസങ്ങൾക്കകം പ്രഖ്യാപിക്കുന്നതാണ്. റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. ഈ വർഷം വടംവലി മത്സരങ്ങൾ ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തിൽ റിലേ മത്സരങ്ങൾ മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളിൽ ദേശീയ മേളയിൽ ഉണ്ടാവുക.
പ്രധാനപ്പെട്ട റീജിയണുകൾ എല്ലാം തന്നെ മുൻകൂട്ടി പ്രഖ്യാപിച്ചതനുസരിച്ച് റീജിയണൽ കായികമേളകൾ പൂർത്തിയാക്കിക്കഴിഞ്ഞു. ജൂൺ ഒന്ന് ശനിയാഴ്ച നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ലിവർപൂളിലും, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള ലീഡ്‌സിലും ഗംഭീരമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ജൂൺ എട്ട് ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള ഹേവാർഡ്‌സ് ഹീത്തിലും, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ മേള റെഡിച്ചിലും, സൗത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾ ആൻഡോവറിലും നടന്നു.
കായികമേള സംഘടിപ്പിക്കാൻ കഴിയാതെവന്ന ഈസ്റ്റ് ആംഗ്ലിയ റീജിയൺ, വെയ്ൽസ് റീജിയൺ, നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലാൻഡ് റീജിയൺ എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്കും, നിബന്ധനകളുടെ അടിസ്ഥാനത്തിൽ, ദേശീയ മേളയിൽ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ സംഘാടക സമിതി ഒരുക്കുന്നതിനിടയിലാണ് ആകസ്മികമായി മേള മാറ്റിവക്കേണ്ടി വന്നത്.
കഴിഞ്ഞ എട്ട് യുക്മ ദേശീയ കായിക മേളകളും അരങ്ങേറിയ വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ വിൻഡ്‌ലി ലെഷർ സെന്റർ ഒഫീഷ്യൽസുമായി നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കായികമേള മാറ്റിവക്കാനുള്ള തീരുമാനം കൈകൊണ്ടത്. കായികമേളാ ദിനമായ ശനിയാഴ്ച, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മേള മാറ്റിവെക്കുന്നത് തന്നെയാണ് അഭികാമ്യമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. ദേശീയ കായികമേള മാറ്റിവച്ചതുമൂലം ഉണ്ടായിട്ടുള്ള അസൗകര്യങ്ങളിൽ നിർവാജ്യമായി ഖേദിക്കുന്നതായി യുക്മ ദേശീയ നിർവാഹകസമിതി അറിയിക്കുന്നു.
Leave a Reply