ബാംഗ്ലൂർ എം എസ് രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യുക്കേഷൻ ആൻഡ് റിസേർച്ചിലെ എട്ടാമത്തെ ബാച്ചായ , നാളിതുവരെയുള്ള നേഴ്സിംഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മെയിൽ നേഴ്സുമാരുടെ ബാച്ചുമായിരുന്ന 94-97 നേഴ്സിംഗ് ബാച്ചിലെ മെയിൽ നേഴ്സുമാരുടെ കൂട്ടായ്മ ഗ്ലോസ്റ്റർ ഷയറിലുള്ള ഓക്രേവൻ ഫീൽഡ് സെന്ററിൽ വച്ച് സെപ്തംബർ 24, 25,26 തീയതികളിലായി നടത്തപ്പെട്ടു. 24 ന് വൈകുന്നേരം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 പേർ നേരിട്ടും കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 പേർ ഓൺലൈനായും പങ്കെടുത്തു.

24 വർഷങ്ങൾക്ക് ശേഷമുള്ള ഈ കൂടിച്ചേരൽ, ഗതകാല സ്മരണകളുണർത്തുന്ന 94-97 കാലഘട്ടത്തിന്റെ പ്രതിഫലനമായി മാറി. രൂപഭാവങ്ങളിലെ വ്യത്യസ്തത മാത്രമേ ജീവിതത്തിൽ പ്രായം കൊണ്ടു സംഭവിക്കൂ അടിസ്ഥാനപരമായ സ്വഭാവ സവിശേഷതകളിൽ ചലനങ്ങൾ സൃഷ്ടിക്കാൻ കാലത്തിന്റെ കുത്തൊഴുക്കിന് സാദ്ധ്യമല്ല എന്നും രാമയ്യായിലെ ചുണക്കുട്ടികളുടെ ഒരുമയും വീര്യവും ശൗര്യവും ഊർജ്ജവും രണ്ടര പതിറ്റാണ്ടിനിപ്പറവും ഒട്ടും കൈമോശം വന്നിട്ടില്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തവുമായി മാറി ഈ കൂടിച്ചേരൽ .

24 വർഷത്തെ അപരിചിതത്വത്തിന് നിമിഷങ്ങളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. “ഹിയാ ഹുവ്വാ രാമയ്യ ” യുടെ അലയൊലികളാൽ ശബ്ദമുഖരിതമായ 3 ദിനരാത്രങ്ങൾ ; 1980-90 കാലഘട്ടത്തിലെ ഹിറ്റുഗാനങ്ങൾ കൊണ്ടും, പതിവു തമാശകൾ കൊണ്ടും, പാരവയ്പുകൾ കൊണ്ടും, കൗണ്ടറുകൾ കൊണ്ടും, രാവിരുളുകളില്ലാത്ത രാമയ്യ ഹോസ്റ്റലിനെ അക്ഷരം പ്രതി പുനപ്രതിഷ്ഠിച്ചു . ക്യാംപ് ഫയറും, ബാർബിക്യൂവും, പഠന – പാഠ്യേതര വിഷയങ്ങളിലെ ‘വീര- സാഹസികതകളുടെ ഓർമ്മപ്പെടുത്തലുകളും ഓർമ്മിച്ചെടുക്കലുകളും ആട്ടവും പാട്ടുമായി ദിവസങ്ങളെ നിമിഷങ്ങളാക്കി മാറ്റിയ അനിർവ്വചനീതയുടെ ഉൾപുളകങ്ങൾ സൃഷ്ടിച്ച ഗ്രഹാതുരത്വമുണർത്തുന്ന രാമയ്യാ ജീവിതത്തിലെ സുന്ദര നിമിഷങ്ങളുടെ പുനരാവിഷ്കാരങ്ങളുടെ തുടർച്ചയെന്നോണം 2022 സെപ്റ്റംബർ അവസാനത്തോടു കൂടി 94 – 97 നേഴ്സിംഗ് ബാച്ചിന്റെ 25ാം വാർഷികം അതിവിപുലമായി നടത്തുന്നതിനായി തീരുമാനിച്ചു. ഒരിക്കലും തിരിച്ചു കിട്ടാത്ത ; പോയ കാല സ്മൃതികളെ തിരിച്ചു പിടിച്ച ചാരിതാർത്ഥ്യവുമായി ഓർമ്മകളുടെ ഓർമ്മ ചെപ്പിലെ കുളിർ മഴയായി മാറ്റിയ ദിനരാത്രങ്ങൾ സമ്മാനിച്ച ഏവർക്കും നന്ദിയുടെ നറുമലരുകൾ .