സജീഷ് ടോം

ദശാബ്ദി വര്‍ഷത്തില്‍ പുത്തന്‍ കര്‍മ്മപരിപാടികളുമായി യുക്മ നവനേതൃത്വം കുതിപ്പ് തുടരുന്നു. മനോജ്കുമാര്‍ പിള്ളയും അലക്‌സ് വര്‍ഗീസും നേതൃത്വം നല്‍കുന്ന പുതിയ ഭരണസമിതി വ്യക്തമായ ദിശാ ബോധത്തോടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മപരിപാടികളുടെ രൂപരേഖ തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. യു കെ മലയാളി പൊതുസമൂഹത്തിന് പ്രയോജനകരമായ പുത്തന്‍ പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്തുകയാണ് പുതിയ ഭരണസമിതി പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന വിഷയം.

പ്രതിസന്ധികള്‍ തരണം ചെയ്തു വര്‍ദ്ധിത വീര്യത്തോടെ യുക്മ മുന്നോട്ട് പോകേണ്ടത് യു കെ മലയാളി സമൂഹത്തിന്റെ ആവശ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി പ്രസ്ഥാനം എന്നനിലയില്‍ യുക്മ നിലകൊള്ളുമ്പോള്‍, ഈ ദശാബ്ദി വര്‍ഷം കൂടുതല്‍ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപിടിക്കേണ്ടത് സംഘടനയുടെ ഏറ്റവും വലിയ ഉത്തരവാദിത്തം കൂടി ആകുന്നു.

സംഘടനയുടെ വളര്‍ച്ചയില്‍ എന്നും കരുത്തായിരുന്ന മുന്‍കാല ദേശീയ നേതാക്കളെ ഉള്‍പ്പെടുത്തി ഒരു ഉപദേശക സമിതി രൂപം നല്‍കിയതിലൂടെ, പുതിയ ഭരണസമിതിയുടെ ആദ്യ യോഗം തന്നെ ഈ വിഷയത്തില്‍ തങ്ങളുടെ തുറന്ന നിലപാട് വ്യക്തമാക്കുകയായിരുന്നു. വര്‍ഷങ്ങളുടെ സംഘടനാ അനുഭവം കൈമുതലായുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകവഴി , കൂടുതല്‍ പരിപക്വമായ കാഴ്ചപ്പാടുകള്‍ രൂപീകരിക്കുവാനും ധീരമായ നിലപാടുകള്‍ എടുക്കുവാനും സംഘടനക്ക് സഹായകമാകുമെന്ന് ‘യുക്മ നാഷണല്‍ അഡൈ്വസറി ബോര്‍ഡ്’ പ്രഖ്യാപിച്ചുകൊണ്ട് ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അഭിപ്രായപ്പെട്ടു.

മുന്‍ യുക്മ ദേശീയ പ്രസിഡന്റുമാരായ വര്‍ഗീസ് ജോണ്‍, മാമ്മന്‍ ഫിലിപ്പ്, വിജി കെ പി, അഡ്വ. ഫ്രാന്‍സിസ് മാത്യു, മുതിര്‍ന്ന നേതാവ് തമ്പി ജോസ്, പ്രഥമ ദേശീയ ട്രഷറര്‍ സിബി തോമസ്, മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം, മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ബീന സെന്‍സ് എന്നിവരടങ്ങിയ ദേശീയ ഉപദേശക സമിതിക്കാണ് യുക്മ ദേശീയ നിര്‍വാഹക സമിതി രൂപം നല്‍കിയിരിക്കുന്നത്. സംഘടനയുടെ അടുത്ത രണ്ടു വര്‍ഷങ്ങളിലെ നയരൂപീകരണത്തില്‍ പുതുതായി രൂപീകരിക്കപ്പെട്ട ദേശീയ ഉപദേശക സമിതിയുടെ ആരോഗ്യപരമായ പങ്കാളിത്തവും സ്വാധീനവും ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.

യുക്മയുടെ പ്രഥമ ദേശീയ പ്രസിഡന്റായ വര്‍ഗീസ് ജോണ്‍ ആദ്യ രണ്ട് ടേമുകളിലും സംഘടനയെ പ്രഗത്ഭമായി നയിച്ച വ്യക്തിത്വമാണ്. യു.കെയില്‍ അങ്ങോളമിങ്ങോളം യുക്മക്ക് സ്വാധീനം ഉറപ്പിക്കുവാന്‍ കഴിഞ്ഞത് വര്‍ഗീസ് ജോണിന്റെ നേട്ടങ്ങളില്‍ പ്രധാനമാണ്.

യുക്മയുടെ ആദ്യ ഭരണസമിതിയില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും, 2015 -2017 കാലഘട്ടത്തില്‍ ദേശീയ വൈസ് പ്രസിഡന്റ് ആയും കരുത്തുറ്റ സംഘടനാ പാടവം തെളിയിച്ച മാമ്മന്‍ ഫിലിപ്പ് കഴിഞ്ഞ ഭരണസമിതിയില്‍ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ നിരവധി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി സംഘടനയെ ആഗോളപ്രവാസി മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമാക്കിയതിന് ശക്തമായ നേതൃത്വമാണ് നല്‍കിയിട്ടുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2012 മുതല്‍ രണ്ട് ടേമുകളില്‍ യുക്മയെ നയിച്ച വിജി കെ.പി സംഘടനയെ ജനകീയമാക്കുന്നതിന് നേതൃത്വം നല്‍കിയ പ്രസിഡന്റ് എന്ന നിലയില്‍ തിളങ്ങിയ വ്യക്തിയാണ്. റീജിയണുകളെ കൂടുതല്‍ സജീവങ്ങള്‍ ആക്കുവാനും യുക്മ കലാമേളകള്‍ കൂടുതല്‍ ജനപ്രിയങ്ങളാക്കുവാനും വിജിയുടെ കൃത്യതയാര്‍ന്ന നയങ്ങളിലൂടെ സംഘടനക്ക് സാധിച്ചു.

യുക്മ ദേശീയ ട്രഷറര്‍, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലൂടെ പ്രവര്‍ത്തന മികവ് തെളിയിച്ചശേഷമാണ് അഡ്വ. ഫ്രാന്‍സിസ് മാത്യു 2015ല്‍ ദേശീയ പ്രസിഡന്റ് പദത്തിലേക്ക് എത്തിയത്. അവയവദാനത്തിലൂടെ ജീവകാരുണ്യ രംഗത്തു വലിയ മാതൃക കാട്ടിയ ഫ്രാന്‍സിസ് മാത്യു നിലവില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയാണ്.

യുക്മ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ ആദരണീയമായ ഒരു വ്യക്തിത്വമാണ് തമ്പി ജോസ്. യുക്മ നാഷണല്‍ കമ്മറ്റി അംഗം, നേഴ്‌സസ് ഫോറം ലീഗല്‍ അഡൈ്വസര്‍, സാംസ്‌ക്കാരിക സമിതി വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ സ്ത്യുത്യര്‍ഹമായ സേവനം ഈ സംഘടനയ്ക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്.

അവയവ ദാനത്തിലൂടെ യു കെ മലയാളികള്‍ക്കാകെ മാതൃകയായ സിബി തോമസ് യുക്മയുടെ പ്രഥമ ദേശീയ ട്രഷറര്‍ ആണ്. ഇടപഴകുന്ന വ്യക്തികളില്‍ ഹൃദ്യമായ സൗഹൃദം രൂപപ്പെടുത്തുന്ന സിബി തോമസിന്റെ ലാളിത്യമാര്‍ന്ന വ്യക്തിത്വം തികച്ചും അനുകരണീയമാണ്.

2011ല്‍ യുക്മ നാഷണല്‍ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള സജീഷ് ടോം പിന്നീട് 2015 ല്‍ യുക്മ ജനറല്‍ സെക്രട്ടറി ആയാണ് ദേശീയ തലത്തിലേക്ക് മടങ്ങിയെത്തുന്നത്. നിലവില്‍ നാഷണല്‍ പി ആര്‍ ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു.

യുക്മയുടെ ആദ്യ വനിതാ ദേശീയ നേതാവാണ് ബീന സെന്‍സ്. തുടര്‍ച്ചയായി മൂന്നു തവണ ദേശീയ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ബീന സെന്‍സ് ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിച്ചിട്ടുള്ളതും യുക്മയില്‍ വലിയൊരു സുഹൃദ്വലയത്തിനു ഉടമയുമാണ്.

ദേശീയ ഉപദേശക സമിതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനങ്ങളും സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രചോദനവും പ്രോത്സാഹനവും ആകുമെന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി പ്രത്യാശ പ്രകടിപ്പിച്ചു.