യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാൻ പറ്റാത്ത ഒരു വാർത്തയുമായാണ് ഇന്നത്തെ പ്രഭാതം കണ്ടത്. എഡിൻബൊറോയിലെ മലയാളികൾ മാത്രമല്ല യുകെയിലുള്ള എല്ലാ മലയാളികളും ഞെട്ടലോടെയാണ് ഫാദർ മാർട്ടിന്റെ മരണവാർത്തയെ സ്വീകരിച്ചത്. ഇപ്പോഴും അതിന്റെ ഞെട്ടലിനിന്ന് മോചിതരല്ലാത്ത യുകെ മലയാളികൾ, മിക്ക സദസ്സുകളിലും ചർച്ച അച്ചനെക്കുറിച്ചു മാത്രം. എങ്കിലും മുൻ തീരുമാനപ്രകാരമുള്ള യുക്മ നാഷണൽ സ്പോർട്സ് ബിർമിങ്ഹാമിൽ നടക്കുകയുണ്ടായി. മാനം ഇരുണ്ടു കാണിച്ചു പേടിപ്പിച്ചു എങ്കിലും മഴയായി പെയ്തിറങ്ങാൻ മറന്നുപോയപ്പോൾ യുക്മ കായികമേളക്ക് അത് ഒരു അനുഗ്രഹമായി മാറുകയായിരുന്നു. രാവിലെ പതിനൊന്നര മണിയോടുകൂടി ഉത്‌ഘാടനം കുറിച്ച യുക്മ കായികമേള അതിന്റെ അവസാനം കൊടിയിറങ്ങിയപ്പോൾ ചാംബ്യൻ പട്ടം നിലനിർത്തി മികവ് തെളിയിച്ചവർ സ്റ്റോക്ക് ഓൺ ട്രെന്റുകാർ.
നൂറിൽപ്പരം അസോസിയേഷനുകൾ ഉള്ള യുക്മയിൽ ഒരിക്കൽ കൂടി എസ് എം എ കിരീടമുയർത്തിയപ്പോൾ തിളങ്ങിയത് മൂന്ന് വ്യക്തിഗത ചാംബ്യൻമാരുമായി സ്റ്റോക്ക് ഓൺ ട്രെന്റിലെ കുട്ടിപ്പട്ടാളം തന്നെ. റീജിണൽ കായികമേളയിൽ പെൺകുട്ടികളുടെ സബ് ജൂണിയർ വിഭാഗത്തിൽ വ്യക്തിഗത ചാംബ്യനായിരുന്ന അനീഷ വിനു, തന്റെ പതിവ് ആവർത്തിച്ചപ്പോൾ അൻപതു മീറ്റർ, നൂറ് മീറ്റർ, ലോങ്ങ് ജംബ് എന്നിവയിൽ ഒന്നാം സ്ഥാനത്തേക്ക് പറന്നുകയറുകയും 4 x 100 റിലേയിൽ ഒന്നാമതെത്തുകയും ചെയ്തപ്പോൾ സബ് ജൂനിയറിലെ വ്യക്തിഗത ചാംബ്യൻഷിപ്പിന് മറ്റൊന്ന് സംഭവിച്ചില്ല. മറ്റൊരു മിടുക്കി ഷാരോൺ ടെറൻസ്.. സ്പോർട്സിൽ വളരെയധികം താല്പര്യമുള്ള മാതാപിതാക്കൾ, എന്ത് ത്യാഗം ചെയ്തതും പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചപ്പോൾ വിരിഞ്ഞത് മറ്റൊരു ചാംബ്യൻ. ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നൂറ് മീറ്റർ, ഇരുന്നൂറ് മീറ്റർ, ലോങ്ങ് ജംബ് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ജൂണിയറിലെ വ്യക്തിഗത ചാംബ്യൻഷിപ് ഷാരോണിൽ എത്തിച്ചേർന്നു. കൂടാതെ 4 x 100 റിലേയിൽ ഒന്നാമതെത്തുകയും കൂടിയായപ്പോൾ എസ് എം യുടെ ഓവറോൾ ചാമ്ബ്യൻഷിപ്പിലേക്കുള്ള ദൂരം കുറഞ്ഞതായി.
എല്ലാവരെയും പിന്നിലാക്കി അന്പത് മീറ്റർ, നൂറു മീറ്റർ എന്നിവ കൂടാതെ ബോർഡ് ജംപിൽ ഒന്നാമതെത്തി ഏവരെയും ഞെട്ടിച്ച് കിഡ്‌സ് വിഭാഗത്തിൽ മൽസരിച്ച കുട്ടികുറുമ്പൻ റയൻ ജോബിയാണ്. കിഡ്‌സിലെ പെൺകുട്ടികളുടെ വിഭാഗത്തിൽ സിയന്ന സോണിയും ബോർഡ് ജംപിൽ ഒന്നാം സ്ഥാനം നേടി. സർവ്വകാലാവല്ലഭയായ ആഞ്ചലീന സിബിയാണ് മറ്റൊരു താരം. യുക്മ കലാമേളയിൽ എന്നല്ല സ്‌കൂൾ തലങ്ങളിൽ പോലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ആഞ്ജലീന സിബി. കായികമേളയിൽ എണ്ണൂർ മീറ്ററിൽ ഒന്നാമതെത്തിയപ്പോൾ ലോങ്ങ് ജംപിൽ മൂന്നാം സ്ഥാനത്തെത്തി.
എടുത്തുപറയേണ്ട മറ്റൊരു നേട്ടം കരസ്ഥമാക്കിയത് നികിത സിബിയും ആങ്ങളയായ നോയൽ സിബിയും ചേർന്നാണ്. നികിത 200 മീറ്ററിൽ മൂന്നാമതെത്തിയപ്പോൾ നോയൽ സിബി നൂറ് മീറ്ററിലും അന്പത് മീറ്ററിലും മൂന്നാം സ്ഥാനം നേടിയെടുത്തു. എസ് എം എ യുടെ പ്രസിഡണ്ട് ഷോട്ട് പുട്ടിൽ മൂന്നാം സ്ഥാനം കരഗതമായപ്പോൾ വിജയത്തിന് ഇരട്ടി മധുരം. അഭിമാനിയ്ക്കാൻ ഒരു പിടി നേട്ടങ്ങളുമായി എസ് എം എ, സ്റ്റോക്ക് ഓൺ ട്രെന്റിന് യാത്രതിരിച്ചപ്പോൾ പ്രസിഡണ്ട് വിനു ഹോർമിസിന്റെയും സെക്രട്ടറി ജോബി ജോസിന്റെയും നേതൃത്വത്തിലുള്ള ഭാരവാഹികൾക്ക് ഇത് അഭിമാന നിമിഷം… കൂടുതൽ വാർത്തകൾ പിന്നീട്
ഇന്നലത്തെ വാർത്ത കാണുക…
Leave a Reply