മാര്‍ച്ച് മാസം അധികാരമേറ്റ കമ്മറ്റി അതിന്റെ പ്രഥമ പൊതുപരിപാടിയായ റീജിയണല്‍ സ്‌പോര്‍ട്‌സ് മീറ്റിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ്. 2019 ജൂണ്‍ മാസം 1-ാം തിയതി (ശനിയാഴ്ച) രാവിലെ 9:30മാ മുതല്‍ ലീഡ്‌സിലെ ഈസ്റ്റ് കെസ്വിക്ക് ക്രിക്കറ്റ് ക്ലബില്‍ (LS17 9HN) വെച്ചാണ് ഈ കായിക മാമാങ്കം അരങ്ങേറാന്‍ പോവുന്നത്.
ഈ ദിനത്തില്‍ വിവിധ അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് പുറമെ സിക്‌സ് എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, വടംവലി, ജാവലിന്‍ ത്രോ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള Lemon & spoon race തുടങ്ങി വിവിധയിനം പരിപാടികളാണ് നടത്തപ്പെടുക. റീജിയനില്‍ ആദ്യമായി നടത്തപ്പെടുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫുട്‌ബോള്‍ പ്രേമികള്‍ ആയ മലയാളികള്‍ ഇത് ഏറ്റെടുക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
മത്സര വിജയികള്‍ക്കായുള്ള ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും തയ്യാറാക്കി കഴിഞ്ഞു. ഉച്ചക്ക് ഇന്ത്യന്‍ ഭക്ഷണ പാനീയങ്ങളും വൈകുന്നേരം കേരളീയ ‘നാടന്‍ കടികളും’ വളരെ മിതമായ നിരക്കില്‍ ലഭ്യമാവും. ക്രമാനുഗതമായ വളര്‍ച്ചയോടെയും ചിട്ടയായ ആസൂത്രണത്തിലൂടെയും കഴിഞ്ഞ വര്‍ഷം ദേശീയ കലാമേളയിലെ സമഗ്ര ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ യോര്‍ക്ക്ഷയര്‍ ഹംബര്‍ റീജിയന്, എല്ലാ റീജിയനുകളും കാംക്ഷിക്കുന്ന കായിക പട്ടവും നേടിയെടുക്കാനുള്ള ആദ്യ ചവിട്ടു പടിയാവും ജൂണ്‍ 1-ന് നടക്കുന്ന ഈ റീജിയണല്‍ സ്‌പോര്‍ട്‌സ് മീറ്റ്.
വേദി:
East Keswick Cricket Club
Moor Lane
Leeds
LS17 9HN
കായിക മത്സരങ്ങള്‍ക്കുപരിയായി, ഒരു ഉല്ലാസദിനം ആക്കാന്‍ ആണ് കമ്മറ്റി ശ്രമിക്കുന്നതെന്ന് കമ്മറ്റി അറിയിച്ചു. അതോടൊപ്പം എല്ലാ യുകെ മലയാളികളെയും ഈ ദിനത്തിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുകയും ചെയ്തു. ജൂണ്‍ 15-ന് ബെര്‍മിംഗ്ഹാമില്‍ വെച്ചാണ് ദേശീയ കായികമേള.
Leave a Reply