പ്രൊഫ. ബാബു പൂഴിക്കുന്നേല്‍

ഞാന്‍ ഉഴവൂര്‍ കോളേജില്‍ ചെല്ലുമ്പോള്‍ സീനിയര്‍ അധ്യാപകരുടെ ഒരു നിരതന്നെ അവിടെയുണ്ടായിരുന്നു. ഇംഗ്ലീഷില്‍ പ്രൊഫ. സണ്ണി തോമസ്, ഫിസിക്‌സില്‍ പ്രൊഫ. പി.എം. അലക്‌സാണ്ടര്‍, ഹിന്ദിയില്‍ സിസ്റ്റര്‍ ജയിംസ്, സുവോളജിയില്‍ പ്രൊഫ. സി.കെ. എബ്രഹാം ഇവരൊക്കെ 1964 ല്‍ ഉഴവൂര്‍ കോളേജ് തുടങ്ങുമ്പോള്‍ മുതലുള്ള അധ്യാപകരാണ്. മലയാളത്തില്‍ സിസ്റ്റര്‍ ഹെലന്‍ ബി.സി.എമ്മിലേക്ക് പോന്നപ്പോഴാണ് ആന്റണി ബ്ലാവത്ത് സാര്‍ മലയാള വിഭാഗത്തിലെത്തുന്നത്. ഞാന്‍ ചെല്ലുമ്പോള്‍ ബ്ലാവത്ത് സാറാണ് വകുപ്പ് മേധാവി. 1960 കളുടെ അവസാനമാണ് സാര്‍ കോളേജില്‍ എത്തുന്നത്. മുത്തോലപുരത്തിനടുത്തുള്ള ആലപുരത്തുനിന്നാണ് ആന്റണിസാര്‍ കോളേജില്‍ വന്നുകൊണ്ടിരുന്നത്. മുണ്ടും ഷര്‍ട്ടും ധരിക്കുന്ന പൊക്കം കുറഞ്ഞ ഇരുനിറത്തിലുള്ള അരോഗദൃഡഗാത്രനായ ഒരു കര്‍ഷകന്‍. നല്ല ഭൂസ്വത്ത് ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്. പാലക്കാട് മേഴ്‌സികോളേജില്‍ മലയാളം വകുപ്പില്‍ ജോലിചെയ്തിരുന്ന കൊച്ചുറാണി ടീച്ചറെ വിവാഹം കഴിച്ചതോടെ ആന്റണിസാര്‍ പാലക്കാട്ടേക്കു താമസം മാറ്റി. വെള്ളിയാഴ്ച ഫസ്റ്റ് അവര്‍ കഴിഞ്ഞ് പാലക്കാട്ടേക്കു മുങ്ങുന്ന ആന്റണി സാര്‍ പിന്നെ പൊങ്ങുന്നത് തിങ്കളാഴ്ച ഉച്ചക്കാണ്. അങ്ങനെ ഉഴവൂരും പാലക്കാട്ടുമായി ആന്റണിസാര്‍ തന്റെ അധ്യാപന ജീവിതം നിര്‍വ്വഹിച്ചുകൊണ്ടിരുന്നു.

മംഗലം ഡാമിനടുത്ത് അദ്ദേഹം ഒരു റബ്ബര്‍ എസ്റ്റേറ്റ് വാങ്ങിയിട്ടുണ്ട്. വാരാന്ത്യങ്ങളില്‍ അവിടെപോയി ഷീറ്റിന്റെ വിശേഷങ്ങള്‍ അറിയുകയും വേണം.
ഹസ്തരേഖാ ശാസ്ത്രം സാറിന്റെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. ഒഴിവു സമയങ്ങളില്‍ ചിലെരാെക്ക സാറിനെ സമീപിച്ച് ഭാവി പ്രവചനം തേടാറുണ്ട്. എല്ലാവരോടും സൗമ്യവും ശാന്തവുമായി പെരുമാറുന്ന ആന്റണി സാര്‍ അടിസ്ഥാനപരമായി ഒരു കൃഷിക്കാരനായിരുന്നു. ”നമുക്ക് പാലക്കാടിനൊന്ന് പോയാലോ.” ഒരു ദിവസം പ്രാല്‍ സാര്‍ പറഞ്ഞു. ”പിന്നെ എന്താ അങ്ങോട്ടുപോരുക” ആന്റണിസാര്‍ സമ്മതംമൂളി. അങ്ങനെ ഞാനും പ്രാല്‍ സാറും ചാക്കോസാറും കൂടി ഒരു ശനിയാഴ്ച ദിവസം രാവിലെ ഏറ്റുമാനുരില്‍ നിന്ന് പെരുമ്പാവൂര്‍ ബസില്‍കയറി പാലക്കാട്ടേക്കു യാത്ര ആരംഭിച്ചു. പെരുമ്പാവൂര്‍ ഇറങ്ങി ഊണുകഴിച്ചു. അങ്ങനെ ഇറങ്ങിയും കയറിയും ഞങ്ങള്‍ സന്ധ്യയോടുകൂടി പാലക്കാട് മേഴ്‌സികോളേജിനടുത്ത് നഗരപ്രാന്തത്തിലൂള്ള സാറിന്റെ വസതിയിലെത്തി. ഞങ്ങള്‍ വരുമെന്ന് പറഞ്ഞത് സാര്‍ അത്ര കാര്യമായിട്ട് എടുത്തോ എന്ന് തോന്നിയില്ല. കാരണം ഞങ്ങളുടെ ആഗമനം സാറിന് അപ്രതീക്ഷിതമായിരുന്നു എന്ന് തോന്നി. സാറിന്റെ രണ്ട് ആണ്‍കുട്ടികള്‍ അന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞങ്ങള്‍ക്ക് ചായ തന്ന് കൊച്ചുറാണിടീച്ചര്‍ സല്‍ക്കരിക്കുമ്പോള്‍ ആന്റണിസാര്‍ പുറത്തേക്കൊന്നുപോയി. ഒരു ബിഗ്‌ഷോപ്പറില്‍ സാധന സാമഗ്രികളുമായി അദ്ദേഹം മടങ്ങിവന്നു. അത്താഴത്തിനു വേണ്ടിയുള്ള സാധനങ്ങളൊക്കെയായിരുന്നു ബിഗ്‌ഷോപ്പറിലെന്ന് പ്രകടമാണ്. ആ സന്ധ്യയില്‍ ഹെര്‍ക്കുലീസ് റമ്മിന്റെ കുപ്പിപൊട്ടിച്ച് ഞങ്ങളെ ആദരിച്ചു. ആന്റണിസാര്‍ മദ്യപാനശീലമുള്ള ആളല്ല. കുപ്പിയും സോഡായുമൊക്കെ ആ ബിഗ്‌ഷോപ്പറില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ നാലു മലയാളം മാഷ്മാര്‍ ചെറിയ ലഹരിയില്‍ ഉഴവൂര്‍ വിശേഷങ്ങളും പാലക്കാടന്‍ വിശേഷങ്ങളും പങ്കുവച്ചങ്ങെനെയിരുന്നു. കുട്ടികള്‍ ഉറങ്ങിപ്പോയി. ആന്റണിസാര്‍ വിനീത വിധേയനെപ്പോലെ ഞങ്ങളുടെ സല്‍ക്കാരങ്ങള്‍ക്ക് ഉത്സാഹം കാട്ടി. പ്രാല്‍ സാറിന്റെ സഹപാഠികൂടിയായ കൊച്ചുറാണിടീച്ചര്‍ ചപ്പാത്തിയും കോഴിക്കറിയും വിളമ്പി, കത്തിക്കാളുന്ന ഞങ്ങളുടെ വിശപ്പിന് പരിഹാരം ഉണ്ടാക്കി. വീടിനുചേര്‍ന്നുള്ള ചായ്പ്പില്‍ ഞങ്ങള്‍ മൂന്നുപേരും ഒന്നിച്ച് ഉറങ്ങാന്‍ കിടന്നു. പിന്നീട് അങ്ങനെ ഒരുമിച്ചുള്ള ഉറക്കമുണ്ടായിട്ടില്ല. ചാക്കോച്ചന്‍ ഉറക്കത്തിലും പഴഞ്ചൊല്ലുകള്‍ പറഞ്ഞും ഭര്‍ത്തൃഹരിയുടെ ശ്ലോകങ്ങള്‍ ചൊല്ലിയും ഞങ്ങളെ സന്തോഷിപ്പിക്കുവാന്‍ ശ്രമിച്ചു.

രാവിലെ കുളികഴിഞ്ഞ് പുട്ടും പഴവും കഴിച്ച് ഞങ്ങള്‍ മടക്കയാത്രക്കൊരുങ്ങി. മൂത്ത സഹോദരന്റെയും സഹോദരിയുടെയും വാത്സല്യഭാവങ്ങളോടെ ആന്റണിസാറും കൊച്ചുറാണിടീച്ചറും ഞങ്ങളെ യാത്രയാക്കി. മുറ്റത്തിറങ്ങിവന്ന് ഞങ്ങളെ അനുഗമിച്ച ആന്റണിസാര്‍ ഗേറ്റ് കടന്നപ്പോള്‍ എന്തോ ഒന്ന് പ്രാല്‍ സാറിന്റെ പോക്കറ്റിലിട്ടു. മുന്നോട്ടുനടന്ന് ഞങ്ങള്‍ പ്രാല്‍ സാറിന്റെ പോക്കറ്റിലെ സമ്മാനം പരിശോധിച്ചു ഒരു നൂറുരൂപാ നോട്ട് ഞങ്ങള്‍ ചിരിച്ചപ്പോള്‍ പ്രാല്‍സാര്‍ പറഞ്ഞു ”വണ്ടിക്കൂലിയായിരിക്കും.” അന്ന് ഞായറാഴ്ചയാണ്. ”നമുക്ക് പട്ടാമ്പിവഴി പോകാം” പ്രാല്‍സാര്‍ പറഞ്ഞു. പട്ടാമ്പി സംസ്‌കൃത കോളേജിലാണ് പ്രശസ്ത കവി ഡി. വിനയചന്ദ്രന്‍ പഠിപ്പിക്കുന്നത്. പട്ടാമ്പിയിലിറങ്ങി ഓട്ടോ പിടിച്ച് കോളേജിന്റെ സമീപത്തുള്ള ലോഡ്ജിലെത്തി. പുസ്‌കങ്ങള്‍ വാരി വിതറിയ മുറിക്കുള്ളില്‍ കൈലിമുണ്ടും ബനിയനും ധരിച്ച് കവി അങ്ങനെയിരിക്കുന്നു. ഞാനും ചാക്കോച്ചനും ആദ്യം കാണുകയാണ്. ഒന്നിനുപുറകെ ഒന്നായി മുറിയിേലക്ക് ഞങ്ങള്‍ കയറാന്‍ ശ്രമിച്ചേപ്പാള്‍ ”ചവിട്ടരുതെ! ചവിട്ടരുതെ” എന്ന് കവി പറഞ്ഞു. അന്തിച്ചുനിന്ന എന്നെയും ചാക്കോച്ചനെയും നോക്കി പ്രാല്‍സാര്‍ പറഞ്ഞു ”പുസ്തകത്തില്‍ ചവിട്ടരുതെ” എന്നാണ് പറഞ്ഞത്. തറയില്‍ ആകെ പുസ്തകങ്ങള്‍ വാരിയിട്ടിരിക്കുന്നു. സ്‌കൂള്‍ ഓള്‍ ലെറ്റേഴ്‌സില്‍ അധ്യാപകനായി അതിരമ്പുഴയില്‍ ഒരു വീട്ടില്‍ താമസിക്കുമ്പോഴും അദ്ദേഹമിങ്ങനെ പുസ്തകങ്ങളുടെ നടുവിലാണ് ജീവിച്ചിരുന്നത്.

സൗഹൃദ സംഭാഷണങ്ങള്‍ക്കുശേഷം ഊണുകഴിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് അവര്‍ കടന്നു. ഷര്‍ട്ട് ധരിച്ച് മുറിപൂട്ടി പുറത്തേക്കിറങ്ങുമ്പോള്‍ കവി ചോദിക്കുന്നതു കേട്ടു ”പ്രാലേ ഊണിനുമുമ്പ് വല്ലതും വേണ്ടേ?” ആ ലോഡ്ജില്‍ തന്നെ താമസിച്ചിരുന്ന അതേ കോളേജില്‍ പഠിപ്പിച്ചിരുന്ന ചെറുകഥാകൃത്ത് സി. അയ്യപ്പനും ഞങ്ങളുടെ കൂടെ കൂടി. ഒരു ചെറിയ ചാരായക്കടയിലേക്കാണ് കവി ഞങ്ങളെ നയിച്ചത്. അന്ന് ചാരായം ഉള്ളകാലമാണ്. ചാരായത്തിന്റെ ചെറിയ അളവുകള്‍ ഞങ്ങള്‍ കഴിച്ചപ്പോള്‍ കവി കൂട്ടിനായി ലിവര്‍ ക്ഷണിച്ചുവരുത്തി. ഒരു കവിയുടെ നിഷ്‌ക്കളങ്ക ഭാവങ്ങള്‍. പിന്നെ അടുത്തുള്ള നാടന്‍ ചായക്കടയില്‍ നാട്ടുവിഭവങ്ങളുമായി നല്ലൊരു ഊണ്. ഊണുകഴിഞ്ഞിറങ്ങുമ്പോള്‍ അകലെ കാണുന്ന ഇടത്തരം ഇരുനിലമാളിക ചൂണ്ടിക്കാട്ടി കവി പറഞ്ഞു ”അതാണ് ചെറുകാടിന്റെ വീട്.” ജീവിതപ്പാത എഴുതിയ ചെറുകാടിന്റെ വീട് ഞങ്ങള്‍ അവിടെ നോക്കിക്കണ്ടു. കവിയോടും കഥാകാരനോടും പട്ടാമ്പിയില്‍ നിന്ന് കോട്ടയത്തേക്കുള്ള തീവണ്ടി പിടിച്ചു. റെയില്‍വേസ്റ്റേഷനില്‍ നിന്ന് ഓട്ടോപിടിച്ച് പോരുമ്പോള്‍ നാഗമ്പടത്ത് മാടപറമ്പത്തെ പീറ്റര്‍സാറിനെയും കാണുകയുണ്ടായി. അന്ന് ഞങ്ങള്‍ ഉറങ്ങിയത് പ്രാല്‍സാറിന്റെ എം.സി റോഡിന്റെ അരികിലുള്ള വാടകവീട്ടിലാണ്. സൗഹൃദങ്ങളുടെ യാത്രാവേളകള്‍ ഇപ്പോഴിരുന്ന് ഇങ്ങനെ ഓര്‍ക്കാം.