പ്രൊഫ. ബാബു പൂഴിക്കുന്നേല്‍
എന്റെ അധ്യാപന ജീവിതം ബി.സി.എമ്മില്‍ തുടങ്ങി ബി.സി.എമ്മില്‍ അവസാനിച്ചു. 1981 ഒക്‌ടോബറിലെ പ്രസാദാക മായ ഒരു ദിനം. ഒരു ബെല്‍ബോട്ടം പാന്റും വലിപ്പമുള്ള കോളറുള്ള ഷര്‍ട്ടും ധരിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ ഫയലും പിടിച്ച് മാമ്മൂട് വഴി ഞാന്‍ സംക്രാന്തിയിലേക്കു നടന്നു. ബി.സി.എം കോളേജില്‍ വച്ചാണ് ഉഴവൂര്‍ കോളേജിലേക്കുള്ള അധ്യാപക നിയമനത്തിന്റെ ഇന്റ്റര്‍വ്യൂ. ഒരു പ്രൈവറ്റ് ബസിന്റെ കമ്പിയില്‍ തൂങ്ങിപ്പിടിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ ഫയല്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ച് തിരക്കുള്ള ആ ബസിലും ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ദൈവമേ രക്ഷിക്കണേ… ബി.സി.എം. കോളജ് എനിക്ക് അപരിചിതമല്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ മുതല്‍ യുവജനോത്സവത്തിലെ മത്സരങ്ങളില്‍ പങ്കെടുക്കാനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുമായി ബി.സി.എം ഓഡിറ്റോറിയത്തില്‍ ഞാന്‍ പല തവണ പോയിട്ടുണ്ട്. ഇന്നൊരു പ്രവൃത്തി ദിനമായതിനാല്‍ പാവാടയും ബ്ലൗസും ധരിച്ച പെണ്‍കൊടികള്‍ അലസഗമനങ്ങളായി നടക്കുന്നു. മുടിയൊക്കെ കെട്ടിവച്ച് ക്ലാസിക് സ്റ്റൈലില്‍ സാരിയുടുത്ത് കുലീനരും പ്രൗഢകളുമായ അധ്യാപികമാര്‍ നടന്നു നീങ്ങുന്നു. സര്‍വ്വത്ര പെണ്‍മയമായ ഒരു അന്തരീക്ഷം. സെന്റ് ആന്‍സിലെ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികള്‍ ഒരു വശത്ത് ഓടിക്കളിക്കുന്നുണ്ട്. ഊരാളിലെ സൈമണ്‍ അച്ചനും ചെട്ടിയാത്ത് അലക്‌സച്ചനും അവിടെ പഠിപ്പിക്കുന്നുണ്ട്. വികാരിയായ ചെട്ടിയാത്തച്ചന്‍ എഴുതിത്തന്ന വിശാലമായ കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ് ഞാന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരുന്നു.
ബി.സി.എം കോളേജിന്റെ ഓഡിറ്റോറിയം നിറയെ ഉദ്യോഗാര്‍ത്ഥികള്‍. വിവിധ വിഷയങ്ങളിലേക്കുള്ള ഇന്റ്റര്‍വ്യൂ ഒരു ദിവസം തന്നെ നടത്തുകയാണ്. തുറന്ന സ്റ്റേജില്‍ തുറന്ന ഇന്റ്ര്‍വ്യൂ. താഴെയിരിക്കുന്നവര്‍ക്കെല്ലാം കാണാം. 2006 വരെ ബി.സി.എം കോളേജിലും ഉഴവൂര്‍ കോളേജിലും അഡ്മിഷനോ അപ്പോയിന്‍മെന്റിനോ പണം വാങ്ങിയിരുന്നില്ല. മെരിറ്റിന്റെ സുതാര്യത പാലിക്കുന്നതിന്റെ അന്തസോടെയാണ് കോട്ടയം മാനേജ്‌മെന്‍റ് അറിയപ്പെട്ടിരുന്നത്. പല കോളേജുകളില്‍ 1979-81 കാലഘട്ടത്തില്‍ എം.എ മലയാളത്തിന് പഠിച്ചവരെല്ലാം അടുത്തിരുന്ന് സംസാരിക്കുന്നു. ഞാനും അവരോടൊപ്പം കൂടി. 40 ഓളം പേര്‍ വിവിധ വിഷയങ്ങള്‍ക്ക് ഇന്റര്‍വ്യൂവിന് വന്നിരിക്കുന്നു. ഇന്നവരില്‍ പലരും അധ്യാപകരായി റിട്ടയര്‍ ചെയ്തതിന്റെ വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിന്നും അറിയുന്നുണ്ട്. 1980ല്‍ കേരളത്തിലെ കോളേജുകളില്‍ പ്രീഡിഗ്രിക്ക് ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചു. ഓള്‍ പ്രേമോഷനെത്തുടര്‍ന്ന് കുട്ടികളെല്ലാം വിജയശ്രീലാളിതരായി പുറത്തിറങ്ങിയപ്പോള്‍ ആവശ്യത്തിന് സീറ്റുകള്‍ കോളേജുകളില്‍ ഇല്ലാതിരുന്നതിനാലാണ് ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചത്.
ഉച്ചകഴിഞ്ഞാണ് മലയാളത്തിന്റെ ഊഴമായത്. പേരു വിളിച്ചപ്പോള്‍ സഹജമായ ചടുലതാളത്തില്‍ ബി.സി.എമ്മിന്റെ സ്റ്റേജിലേക്ക് ഞാന്‍ കുതിച്ചു കയറി. ഇന്റ്റര്‍വ്യൂ ബോര്‍ഡില്‍ മഹാരഥന്മാര്‍ നിരന്നിരിക്കുന്നു. ഒരു കസേര നിറഞ്ഞ് ഒരു മന്ദഹാസവുമായി ഇരിക്കുന്ന ഡോ. ഡി. ബാബുപോള്‍ ഐ.എ.എസ്. ഇടുക്കി കലക്ടര്‍ ആയിരുന്നപ്പോള്‍ മുതല്‍ ഇങ്ങോട്ട് പ്രശസ്തി നേടിയ ഡോ. ബാബുപോള്‍ പ്രശസ്തനായ ഒരു ഭരണകര്‍ത്താവു മാത്രല്ല അപാരമായ പാണ്ഡിത്യത്തിന്റെ ഉടമ കൂടിയായിരുന്നു. വേദശബ്ദരത്‌നാകരം അതൊന്നുമാത്രം മതിയല്ലോ അദ്ദേഹത്തെ തിരിച്ചറിയുവാന്‍. ഒരദ്ധ്യാപികയുടെ ഐശ്വര്യങ്ങളുമായി തുളസിക്കതിരിന്റെ വിശുദ്ധിയോടെ, നെറ്റിയിലെ കുങ്കുമെപ്പാട്ടുമായി ഡോ.എം ലീലാവതി, കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം മേധാവി ഡോ.ജേക്കബ് കണ്ടോത്ത്, ബി.സി.എം കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസഫ് കണ്ടോത്തിന്റെ പുത്രനും മാനേജുമെന്റിന്റെ പ്രതിനിധിയും, ചരിത്രപണ്ഡിതനും റോമിലെ സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറുമായ റവ.ഡോ.ജേക്കബ് കൊല്ലാപറമ്പില്‍, കോട്ടയം
പട്ടണം കണ്ട ഏറ്റവും കരുത്തയായ പ്രിന്‍സിപ്പലും ബി.സി.എം കോളേജിന്റെ അമരക്കാരിയുമായ സിസ്റ്റര്‍ സാവിയോ. ഈ വന്‍താര നിരയുടെ മുന്‍പില്‍ പരുങ്ങി നിന്ന എന്നോട് കൊല്ലാപറമ്പിലച്ചന്‍ ഇരിക്കാന്‍ പറഞ്ഞു.
ഒന്നാം ക്ലാസോടെ എം.എ ജയിച്ചു എന്ന ഗര്‍വ്വോടെ ഉത്സാഹപൂര്‍വ്വം കയറിച്ചെന്ന ഞാന്‍ ഈ പണ്ഡിത ശിരോമണികളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഒന്നും അറിയാത്തവനായി, വട്ടപൂജ്യമായി. എങ്കിലും ചെട്ടിമിടുക്കോടെ ഞാന്‍ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞുകൊണ്ടിരുന്നു. രാമരാജബഹദൂര്‍ ആണോ രാമരാജാബഹദൂര്‍ ആണോ തുടങ്ങിയ ബാബുപോള്‍ സാറിന്റെ കുസൃതി ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഞാന്‍ പരുങ്ങി നിന്നപ്പോള്‍ ലീലാവതി ടീച്ചര്‍ എനിക്കാശ്രയമായി; എനിക്കമ്മയായി. ടീച്ചര്‍ ചോദിച്ചു കുട്ടിക്ക് ഇഷ്ടെപ്പട്ട വിഷയേമതാണ്. ടീച്ചറിന്റെ ചോദ്യത്തിന്റെ മര്‍മ്മം മനസിലാക്കിയ ഞാന്‍ പറഞ്ഞു കവിത. അടുത്തചോദ്യം പ്രതീക്ഷിച്ചതുതന്നെ. ഇഷ്ടപ്പെട്ട കവി ആരാണ്? ഞാന്‍ പറഞ്ഞു ജി. ശങ്കരക്കുറുപ്പ്. ശങ്കരക്കുറുപ്പ്മാഷ് ടീച്ചറിന്റെ ഇഷ്ടപ്പെട്ട കവിയാണെന്ന് ടീച്ചറിന്റെ എഴുത്തുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ശങ്കരക്കുറുപ്പിന്റെ ഒരുകവിത പഠിപ്പിക്കുവാന്‍ എന്നോടാവശ്യപ്പെടുന്നു. ”വന്ദനം! സനാതനനുക്ഷണ വികസ്വര സുന്ദര പ്രപഞ്ചാദി കന്ദമാം പ്രഭാവമേ! നിന്നില്‍ നീ കുരുക്കുന്നു! നിന്നില്‍ നീ വിടരുന്നു, നിന്‍ നിസര്‍ഗാവിഷ്‌കാര കൗതുകമനാദ്യന്തം….” ജി. ശങ്കരക്കുറുപ്പിന്റെ വിശ്വദര്‍ശനം എന്ന കവിത നീട്ടിച്ചൊല്ലി അധ്യാപനത്തില്‍ ഞാനൊരു പുലിയാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നു. ഇന്റ്റര്‍വ്യൂ അവസാനിച്ച് ഞാന്‍ താഴെക്കിറങ്ങി. സന്ദേഹചിത്തരായിനിന്ന കൂട്ടുകാര്‍ ചോദ്യങ്ങളുടെ വിശേഷങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ഇന്റ്റര്‍വ്യുവിന്റെ ചരിത്രം ഞാനവര്‍ക്ക് വിശദീകരിച്ച് കൈമാറി. ഒരു ചായ കുടിക്കാന്‍ ഞാന്‍ പുറത്തേക്കു പോയി. സന്ധ്യ മയങ്ങുമ്പോഴാണ് ഇന്റ്റര്‍വ്യു അവസാനിച്ചത്.
റിസള്‍ട്ട് ഇന്നറിയാം എന്നു കരുതി പലരും ഹാളില്‍ തന്നെ ഇരിപ്പുണ്ട്. ”തെരഞ്ഞെടുക്കപ്പെട്ടവരെ ഉടന്‍ അറിയിക്കുന്നതായിരിക്കും” ഹാളില്‍ അശരീരി മുഴങ്ങിയപ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ അസ്വസ്ഥരായി. പിറുപിറുപ്പോടെ എല്ലാവരും പുറത്തേക്കിറങ്ങുമ്പോള്‍ ഞാന്‍ സൈഡ് വരാന്തയിലൂടെ സ്റ്റേജിന്റെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറി. സാവിയോമ്മയുടെ അടുക്കലെത്തി. തല ചൊറിഞ്ഞുനിന്നപ്പോള്‍ ”നിനക്കുതന്നെ….. ജോയിന്‍ ചെയ്തിട്ട് ബി.എഡ് കംപ്ലീറ്റ് ചെയ്യണം.” ഒരു അമ്മയുടെ ഉപദേശം. എം.എ കഴിഞ്ഞപ്പോഴെ ഞാന്‍ മാന്നാനം സെന്റ ് ജോസഫ് ട്രെയ്‌നിംഗ് കോളേജില്‍ ബി.എഡിന് ചേര്‍ന്നിരുന്നു. ബി.എസ്സ്.സിയുടെ മാര്‍ക്കുവച്ച് ഫിസിക്കല്‍ സയന്‍സിലാണ് ഞാന്‍ അദ്ധ്യാപന പരിശീലനം നടത്തിക്കൊണ്ടിരുന്നത്. അവിടെ ഐക്കഫ് പ്രസിഡന്റായി പാഠ്യേതര പവര്‍ത്തനങ്ങളുമായി ഞാന്‍ തിളങ്ങിനില്‍ക്കുന്ന സമയമാണ്. ടീച്ചിംഗ് പ്രാക്ടീസിനുവേണ്ടി സ്‌കൂളുകളില്‍ പോയി പഠിപ്പിക്കണം. അതിനുവേണ്ടിയുള്ള ടീച്ചിംഗ് എയിഡ്‌സ് അഥവാ പഠന സാമഗ്രികള്‍ ഒരുക്കുന്നതിന്റെ തിരക്കിലും സംഘര്‍ഷത്തിലുമായിരുന്നു ഞാന്‍. അതെനിക്കൊട്ടും സുഖമുള്ള കാര്യങ്ങളായിരുന്നില്ല. സിസ്റ്റര്‍ സാവിയോയുടെ ഉപദേശം കേള്‍ക്കാത്ത മട്ടില്‍ ഉഴവൂര്‍ കോളേജിലെ അധ്യാപകന്‍ ആകുന്നത് ഞാന്‍ സ്വപ്നം കണ്ടുനിന്നു.
Leave a Reply