ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യു കെ യിലെ ആദ്യത്തെ കൊറോണാ വൈറസ് മരണം മാർച്ചിലായിരുന്നു, 70 കാരിയായ സ്ത്രീയുടേത്. എന്നാൽ അതിനുശേഷം ഇതുവരെ ഗവൺമെന്റിന്റെ കണക്കുപ്രകാരം 20000 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. എന്നാൽ ഈ മരണസംഖ്യ നിരക്ക് രാജ്യത്തിന്റെ നാഴികക്കല്ല് ആണെന്ന് ചീഫ് സയന്റിഫിക് അഡ്വൈസർ ആയ സർ പാട്രിക് വാലൻസ് പറഞ്ഞു. ഇത്രയും മരണസംഖ്യ കേൾക്കുമ്പോൾ നമ്മൾ പരാജയപ്പെട്ടോ എന്ന് തോന്നാമെങ്കിലും, രാജ്യം ഈ മഹാമാരിയെ ആരോഗ്യകരമായ രീതിയിൽ തന്നെയാണ് നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. 5,00, 000 മരണം വരെ സംഭവിക്കാമായിരുന്നിടത്താണ് ഇത്രയും കൊണ്ട് രാജ്യം അതിജീവിച്ചത്. വൈറസ് ബാധിച്ച് മരിച്ചവരിൽ അധികംപേരും വയോധികരോ മറ്റു രോഗങ്ങൾ ഉണ്ടായിരുന്നവരോ ആണ്. മാത്രമല്ല കൊറോണ വൈറസ് ബാധിക്കുന്നവരിൽ ഇരുപതിൽ ഒരാൾക്കുമാത്രം ആണ് തീവ്രമായ രോഗലക്ഷണങ്ങൾ കണ്ടുവരുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. ആരോഗ്യ പ്രവർത്തകരിലും, ചെറിയ കുട്ടികളിലും, മുതിർന്നവരിലും ഉൾപ്പെടെ വൈറസ് ബാധിതരാകുന്നെങ്കിലും മരണസംഖ്യ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് വയോധികർക്കിടയിലാണ്. 10 മരണങ്ങളിൽ ഒമ്പതും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. മുൻപുണ്ടായിരുന്ന രോഗാവസ്ഥകൾ പരിശോധിക്കുമ്പോൾ ഹൃദ്രോഗം ബാധിച്ചവരും കൂടുതലായി മരണപ്പെട്ടതായി കാണാം.

ആശുപത്രികളിൽ നടന്ന മരണം മാത്രമാണ് 20000. കെയർ ഹോമുകളിലും മറ്റിടങ്ങളിലുമായി ഈ സംഖ്യ കടന്നേക്കാം. ഏപ്രിൽ ഇന്ത്യയിലെ ആദ്യ ആഴ്ചയിലാണ് മരണസംഖ്യ കൂടുതൽ, അതിനുശേഷം ഗവൺമെന്റിന്റെ കൃത്യമായ തീരുമാനങ്ങളിലൂടെയും ജനങ്ങളുടെ സഹകരണത്തിലൂടെയും മരണസംഖ്യ ഗണ്യമായ രീതിയിൽ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ കെയർഹോമുകളിലെ മരണസംഖ്യ കൂടിവരുന്നതായി കാണാം. ഏപ്രിൽ 10 വരെ ഇംഗ്ലണ്ടിലും വെയിൽസിലുമായി പതിനായിരത്തോളം പേരാണ് മരണപ്പെട്ടത്. സംഖ്യ ഇനിയും ഉയർന്നേക്കാം. എന്നാൽ ഈ മരണങ്ങൾ മുഴുവൻ കൊറോണ വൈറസ് മൂലം അല്ല എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. വാർദ്ധക്യസഹജമായ രോഗങ്ങൾ മൂലവും, ഈ കാലയളവിൽ ചികിത്സയ്ക്ക് നേരിട്ട ബുദ്ധിമുട്ടുകൾ മൂലവും മരണങ്ങൾ നടന്നിട്ടുണ്ട്. ഒരു ദിവസം ആയിരത്തിനും രണ്ടായിരത്തിനുമിടയിൽ ആളുകൾ സാധാരണയായി മരിക്കുന്നുണ്ട്, എന്നാൽ അതിൽനിന്നും കൂടുതലാണ് ഈ വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് . വൈറസ് ഒരിക്കൽ ബാധിച്ചിരുന്നതുകൊണ്ട് മരിക്കണം എന്നില്ല.

ലോക് ഡൗണിലും നിയമങ്ങളിലും ഇളവ് വരുത്തിയാലും ജനങ്ങൾ കർശനമായി വീട്ടിൽ ഇരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്താൽ തീർച്ചയായും ഇനിയും മരണസംഖ്യ കുറയ്ക്കാനാവും. നിലവിൽ ഐസിയുകളിൽ പകുതിയിലധികം ബെഡ്ഡുകളും, ഹോസ്പിറ്റൽ വാർഡുകളിൽ 15, 000ത്തിൽ അധികം ബെഡ്ഡുകളും ഒഴിവുണ്ട്. കൃത്യമായ ചികിത്സാരീതി യിലൂടെയാണ് ഈ മഹാവിപത്തിനെ തടഞ്ഞുനിർത്താൻ സാധിച്ചത്.