തിരുവനന്തപുരം: തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും, നേതാക്കള്‍ക്കും ഒന്നാംതരം പണി കൊടുത്തുകൊണ്ട് വിഎം സുധീരന്‍ രാജി വച്ചു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ രാജിയെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്ന് എഐസിസി. സുധീരന്‍ രാജി പ്രഖ്യാപിച്ച ശേഷമാണ് വിവരം എഐസിസിയ്ക്കും ലഭിക്കുന്നതെന്നാണ് എഐസിസി വ്യത്തങ്ങളില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. രാജിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. അതേസമയം, സുധീരന്റെ രാജി പിന്‍വലിക്കാന്‍ എഐസിസി ആവശ്യപ്പെടില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹത്തിന്റെ രാജിയെന്ന് എഐസിസിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് മൂലം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തിരക്കിലായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്നികുമായും സുധീരന് കൃത്യമായി ആശയവിനിമയം നടത്താന്‍ സാധിച്ചിരുന്നില്ലെന്നാണ് അറിയുന്നത്.
വി എം സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെയ്ക്കുന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്ന് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. നിലമ്പൂരിലേക്കുള്ള യാത്രാമധ്യേയാണ് താൻ ഇക്കാര്യം ഇപ്പോൾ അറിയുന്നതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അതേസമയം രാജി തികച്ചും അപ്രതീക്ഷിതമാണെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. അദ്ദേഹം രാജിവച്ചെന്ന് പറഞ്ഞ് പാർട്ടിയിൽ നിന്നും മാറിനിൽക്കുന്നില്ല. ഞങ്ങൾക്കൊപ്പം മുന്നിൽ തന്നെയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംഘടനാ പ്രശ്നങ്ങളുമായി ഇതിനെ കൂട്ടികുഴക്കേണ്ടതില്ല. ഇന്നു രാവിലെയാണ് അദ്ദേഹം തന്നോട് രാജിവെക്കുന്ന കാര്യം അറിയിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെ രാത്രി അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടിരുന്നു. അപ്പോൾ അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഇന്ന് ഫോണിൽ വിളിച്ചാണ് അദ്ദേഹം താൻ രാജിവെക്കാൻ പോകുന്ന കാര്യം അറിയിച്ചത്. വൈസ് പ്രസിഡന്റുമാർക്ക് പകരം ചുമതല നൽകിയാൽ പോരെ, രാജി വെക്കേണ്ട ആവശ്യമുണ്ടോ എന്നുചോദിച്ചു. പക്ഷേ അദ്ദേഹം ആരോഗ്യപരമായ കാരണങ്ങളാൽ രാജി തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
തുടർന്ന് ഇക്കാര്യം ഉമ്മൻ ചാണ്ടിയെ താനാണ് അറിയിച്ചതെന്നും അദ്ദേഹത്തിനും അപ്രതീക്ഷിതമായിരുന്നു ഈ പ്രഖ്യാപനമെന്നും ചെന്നിത്തല വ്യക്തമാക്കി. ദിവസങ്ങൾക്ക് മുൻപ് ഉമ്മൻ ചാണ്ടിയും സുധീരനെ വീട്ടിലെത്തി കണ്ടിരുന്നു. തത്കാലം പ്രതികരിക്കാനില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവായ എ.കെ ആന്റണി സുധീരന്റെ രാജിതീരുമാനത്തെക്കുറിച്ച് പറഞ്ഞത്. സുധീരന്റെ രാജി ദൗർഭാഗ്യകരമാണെന്നാണ് ആന്റണി പ്രതികരിച്ചത്.
ദൗർഭാഗ്യകരമെന്നാണ് കെ. മുരളീധരന്റെ പ്രതികരണം. പാർട്ടി വളരെ നല്ല അവസ്ഥയിൽ പോകുന്ന സാഹചര്യമാണിത്. അതുകൊണ്ടുതന്നെ വിഷമമുണ്ട്. അഭിപ്രായവ്യത്യാസങ്ങളൊന്നും രാജിക്കാര്യത്തിൽ ഇല്ല. എല്ലാം ഇനി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. എ.കെ ആന്റണി, രമേശ് ചെന്നിത്തല എന്നിവരോടും ഹൈക്കമാൻഡിനോടും രാജിക്കാര്യം അറിയിച്ചെന്നാണ് സുധീരൻ പത്രസമ്മേളനത്തിൽ ഇന്ന് അറിയിച്ചത്.
അതേസമയം സുധീരന്റെ രാജിയിൽ ഒട്ടുമിക്ക നേതാക്കൾക്കും അമ്പരപ്പാണ് ഉണ്ടാക്കിയത്. മാധ്യമങ്ങളിലൂടെ രാജിവച്ച കാര്യം അറിഞ്ഞപ്പോഴാണ് നേതാക്കന്മാർ അദ്ദേഹത്തെ കാണാൻ എത്തിയത്. 2014ൽ തീർത്തും അപ്രതീക്ഷിതമായി തന്നെയാണ് സുധീരൻ കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തിയത്. 2017-ൽ സ്ഥാനമൊഴിയുമ്പോൾ കോൺഗ്രസിലെ അധികാരശ്രേണിയിലുണ്ടായ പ്രധാനവ്യത്യാസം പാർട്ടിക്കുള്ളിൽ ഉമ്മൻ ചാണ്ടിക്കുണ്ടായ അധികാര നഷ്ടമാണ്. രാഹുൽ ഗാന്ധിയിൽ സുധീരനുള്ള സ്വാധീനവും, സീറ്റ് നിർണയവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങളും കാരണം ഹൈക്കമാൻഡിൽ നിന്നേറെ അകലെയാണ് ഇന്ന് ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും. എന്തായാലും ഇപ്പോഴത്തെ രാജിപ്രഖ്യാപനത്തോടെ അധ്യക്ഷപദവി ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങൾ ശക്തമാകുമെന്ന കാര്യം ഉറപ്പാണ്.
സുധീരന്‍ രാജിവെച്ചെങ്കിലും പുതിയ പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിച്ചേക്കില്ലെന്നാണ് സൂചന. നാളെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന് സാധ്യതയുണ്ട്. ഇതിനുശേഷം കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയകാകും തീരുമാനവുണ്ടാവുക.