പാലക്കാട്: സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം അതിരൂക്ഷം. വിവിധ ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിനെടുക്കാൻ എത്തിയവരുടെ തിക്കും തിരക്കുമാണ്. പലയിടത്തും പൊലീസും ജനങ്ങളും തമ്മിൽ വാക്കു തർക്കവും ഉന്തും തള്ളുമുണ്ടായി.
കോട്ടയത്ത് മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ ടോക്കണ്‍ വിതരണത്തിനിടെ വാക്ക് തര്‍ക്കവും സംഘര്‍ഷാവസ്ഥയുമുണ്ടായി. ബേക്കര്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂളിലാണ് ടോക്കണു വേണ്ടി തിക്കും തിരക്കുമുണ്ടായത്. സാമൂഹ്യ അകലം പാലിക്കാതെയാണ് ഇവിടെ ജനങ്ങള്‍ തിങ്ങിക്കൂടിയത്.
രാവിലെ മുതലെത്തി ക്യൂ നിൽക്കുന്നവരെ അവഗണിച്ച് പിന്നീടെത്തിയവർക്ക് പൊലീസ് ടോക്കൺ നൽകുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതോടെ സ്ഥലത്ത് വാക്കേറ്റവും ഉന്തും തള്ളും ബഹളവുമായി.
പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂളില്‍ നടക്കുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെ വരിനിന്നത്. മുതിര്‍ന്ന പൗരന്മാരാണ് ഏറെയുമുള്ളത്.
സംസ്ഥാനത്തിന് ലഭിച്ച 65 ലക്ഷം വാക്സിൻ ഡോസുകളിൽ 62,36,676 ഡോസ് വാക്സിനും ഇതിനകം വിതരണം ചെയ്തതായും മൂന്ന് ലക്ഷം ഡോസ് വാക്സിനുകൾ മാത്രമാണ് ബാക്കിയുള്ളതെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ട് ലക്ഷത്തിലധികം ഡോസ് വാക്സിനുകളാണ് പ്രതിദിനം സംസ്ഥാനത്ത് നൽകുന്നതെന്നും ഇതിനാൽ നിലവിൽ ബാക്കിയുള്ള മൂന്ന് ലക്ഷം ഡോസുകൾ പെട്ടെന്ന് തീരുമെന്നും മന്ത്രി വ്യക്തമാക്കി. 50 ലക്ഷം വാക്സിൻ ഡോസുകൾ വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ ഉടൻ അംഗീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Leave a Reply