നടുക്കടലിൽ ഒരു മണിക്കൂറോളം മരണത്തെ മുന്നിൽക്കണ്ട 2 മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിയത് ഭാഗ്യം കൊണ്ടു മാത്രം. അഴിത്തലയിൽ നിന്നു മത്സ്യബന്ധനത്തിനു പോയി ഫൈബർ വള്ളം മറിഞ്ഞ് കടലിൽ വീണ മുസല്യാരവിട പുതിയ പുരയിൽ റഹിം (42), വയൽ വളപ്പിൽ സിദ്ധിഖ്(45) എന്നിവരെയാണ് മറ്റു വള്ളങ്ങളിലുളളവർ രക്ഷിച്ചത്.
ഇന്നലെ പുലർച്ചെ 4 ന് മീൻ പിടിക്കാൻ പോയ ഇരുവരുടെയും വള്ളം ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. നീന്തൽ ശരിക്കറിയാത്ത റഹീമിനെയും ശരീരത്തിലേററി സിദ്ധിഖ് ഒരു മണിക്കൂറോളം പിടിച്ചു നിന്നെങ്കിലും തളരാൻ തുടങ്ങിയപ്പോഴാണ് മറ്റു വള്ളക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേക്കും റഹീം കുറെ വെള്ളം കുടിച്ച് ക്ഷീണിതനായിരുന്നു.
മറിഞ്ഞ ഫൈബർ തിരിച്ചിട്ട് ഇരുവരെയും സുരക്ഷിതരാക്കിയ ശേഷം തീരദേശ സ്റ്റേഷനിൽ വിവരം അറിയിച്ചു. അവരാണ് വള്ളം കെട്ടി വലിച്ച് ഇരുവരെയും ബോട്ടിൽ കരയ്ക്ക് എത്തിച്ചത്. രണ്ടു പേരുടെയും മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു. നേരത്തേ 2 തവണ കടലിൽ തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ട സിദ്ധിഖ് മൂന്നാം വട്ടമാണ് അദ്ഭുതകരമായി രക്ഷപ്പെടുന്നത്.രോഗം മൂലം ഒരു കാൽ നഷ്ടപ്പെട്ട മുസല്യാരവിട വി.കെ.അസ്കറിന്റേതാണ് ഫൈബർ വള്ളം. ഇതിന്റെ എൻജിനും വലയും നശിച്ചു. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Leave a Reply